മൈത്രേയനറിയാൻ.. ജനാധിപത്യത്തിന്റെ എതിർപദമല്ല അറിവ്- ദിലീപ് രാജ്

കെ- റെയിലിനെ ശക്തമായി പിന്തുണച്ച് രംഗത്തുവന്ന സാമൂഹ്യചിന്തകനായ മൈത്രെയന്റെ വാദമുഖങ്ങളെ വിശകലന വിധേയമാക്കുകയാണ് ചിന്തകനും അധ്യാപനും ആക്ടീവിസ്റ്റുമായ ദിലീപ് രാജ്.  വികസനം, അറിവ് തുടങ്ങിയവയെ വൈവിധ്യത്തെയും ജനാധിപത്യത്തെയും മുന്‍നിര്‍ത്തി ആലോചിക്കാനുള്ള മൈത്രെയന്റെ സംവേദനക്ഷമതയില്ലായ്മ മുന്‍നിര്‍ത്തിയുള്ള ഈ ആലോചന, പൊതുവില്‍ ശാസ്ത്രം, പുരോഗതി, വേഗത എന്നിവ സംബന്ധിച്ച പലതരം കാഴ്ചകളെ കാണാനും അതുള്‍ക്കൊള്ളാനും പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുമാത്രമാണ് ജനാധിപത്യം എന്നും ദിലീപ് രാജ് ഫേസ്ബുക്കില്‍ എഴുതിയ ഈ ചെറുകുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.   

ത്വചിന്തകനും ഇടതുപക്ഷ ബുദ്ധിജീവിയുമായ അകീൽ ബിൽഗ്രാമി ഒരു പ്രസംഗത്തിൽ ഉപയോഗിച്ചുകേട്ട വാക്കാണ് ജ്ഞാനഹത്യ (cognitive genocide) എന്നത്. നന്ദിഗ്രാമിനെക്കുറിച്ച് പറയുമ്പോൾ "പുരോഗതി"യുടെ അനിവാര്യത എന്ന് ന്യായീകരണം ചമച്ച അമർത്യസെന്നിനോട് പ്രതികരിച്ചുകൊണ്ടാണ് ഈ വാക്ക് അദ്ദേഹം ഉണ്ടാക്കിയത്. അക്രമാസക്തമായ പുരോഗമന-വികസന വ്യവഹാരങ്ങൾ പലതരം കാലങ്ങളിൽ ജീവിക്കുന്നവർക്ക് ഭാവിയിൽ ഒരുമിച്ചു സഹവർത്തിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. ശാരീരികമായി അവരെ ആരും കൊല്ലുന്നില്ല. പക്ഷെ വളരെ നിർമമമായി, നിശബ്ദമായി, ജനതകളെ കൊല്ലുന്നുണ്ട്. 

ശിവ് വിശ്വനാഥൻ എന്ന ചിന്തകൻ ഈ പശ്ചാത്തലത്തിൽ ജ്ഞാനനീതി (cognitive justice) എന്നൊരു സങ്കല്പനം മുന്നോട്ടുവെച്ചിട്ടുണ്ട്. പുരോഗതി എന്ന പദത്തെ 'മ്യൂസിയമൈസേഷൻ' എന്ന വേറൊരു പദത്തിനെതിരെ നിർത്തിയാണദ്ദേഹം ആലോചനയ്‌ക്കെടുക്കുന്നത്. ആനന്ദ കുമാരസ്വാമി ഇങ്ങനെ പറഞ്ഞു: "നാടോടിപ്പാട്ട് സംരക്ഷിക്കുകയും അതേസമയം  നാടോടി ഗായകരെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒന്നാണ് നമ്മുടെ ജീവിതശൈലി". ഇന്നു ജീവിച്ചിരിക്കുന്ന ആദിവാസികൾ പുരോഗമന തീവ്രവാദികളെ സംബന്ധിച്ചേടത്തോളം 'നമ്മള്‍' ജീവിച്ച ഭൂതകാലമാണ്. 'നമ്മൾ'ക്കൊപ്പമുള്ള സമകാലികരല്ല. പുരോഗതിയുടെ പര്യായമായ 'നമ്മൾക്ക്' അക്രമോത്സുകമായി അവരുടെ ജീവിതത്തിലേക്ക് ഇരച്ചുകയറാനും വികസനത്തിലേക്ക് അവരെ പിടിച്ചുവലിച്ച് കൊണ്ടുവരാനും അവകാശമുണ്ട്.

ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്. അറിവുകൾ തമ്മിലുള്ള സംവാദാത്മകമായ ബന്ധമാണ് വേണ്ടത്. അറിവുകളുടെ വൈവിധ്യത്തെ ഭയപ്പെടുന്നവർ ജനാധിപത്യവാദികളല്ല 

പലതരം അറിവുകൾക്ക് സഹവർത്തിക്കാനുള്ള അവകാശത്തെയാണ് 'ജ്ഞാനനീതി' എന്ന പ്രയോഗം കുറിക്കുന്നത്. ഭാവി എന്താണെന്നതിന് ഒരൊറ്റ ഉത്തരമേയുള്ളൂവെന്നാണ് വികസനവാദികൾ പറയുന്നത്. ഈ വാദമോ അത് പറയുന്നതിലെ ഹിംസാത്മകതയോ ഒട്ടും പുതിയതല്ല. ഇനി ഇതേകാര്യം സൗമ്യമായിപ്പറഞ്ഞാലും ഫലം വ്യത്യസ്തമാവില്ല. നർമദയിൽ ആളുകൾ ഇല്ലാതാവുന്നത് വിദഗ്ദരുടെ അമൂർത്തമായ ആശയങ്ങളുടെ അധീശത്വത്തിന്റെ കൂടി ഫലമായിട്ടാണ്. നമ്മുടെ നീതിപൂർവകമായ ഭാവി എന്താവണമെന്നതിന് ഒന്നിലധികം സാധുവായ ഉത്തരങ്ങൾ സാധ്യമാണ്. കാലത്തിന്റെയും ഭാവി നിലനില്പിനുള്ള സാധ്യതകളുടെയും ഈ ബഹുലതയെ അംഗീകരിക്കുന്നതാണ് ജനാധിപത്യം. ജനങ്ങളോട് "ചോദിച്ചില്ലെങ്കിലും" ജനങ്ങൾ ഇക്കാര്യങ്ങളിൽ സ്വന്തം സ്വരം കേൾപ്പിക്കുമെന്നതിൽ സുദീർഘമായ കർഷകസമരത്തിന് ശേഷവും സംശയമുള്ളവർ ജനാധിപത്യത്തെ തന്നെയാണ് സംശയിക്കുന്നത്. മൈത്രേയന്, കെ- റെയിലിന്റെ കാര്യത്തിൽ കാര്യങ്ങൾ  അനുഭവിക്കുന്നവരുടെ ഭാഗത്തുനിന്ന് നോക്കാൻ കഴിയില്ലെങ്കിൽ പോട്ടെ. അങ്ങനെയൊരു നോട്ടംതന്നെ അസാധുവാണെന്ന് നിർബന്ധം പിടിക്കുന്നത് ഭോഷ്കാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More