സ്റ്റാലിനിസവും തമിഴ് രാഷ്ട്രീയവും- ക്രിസ്റ്റിന കുരിശിങ്കല്‍

ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിളര്‍പ്പിനെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയത്തിലുണ്ടായ പതിറ്റാണ്ടുകള്‍ നീണ്ട വടംവലികള്‍ക്കും പോര്‍വിളികള്‍ക്കും അന്ത്യംകുറിച്ചുകൊണ്ടാണ് എം കെ സ്റ്റാലിന്‍ രംഗപ്രവേശം ചെയ്യുന്നത്. എം ജി ആര്‍ -കരുണാനിധി, ജയലളിത- കരുണാനിധി ബലാബലങ്ങള്‍ തീര്‍ത്ത മത്സരങ്ങളാണ് എ ഐ എ ഡി എം കെ യെയും ഡി എം കെ യെയും ഇക്കാലമത്രയും മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, യുദ്ധം പുരോഗമിക്കവേ രാജ്ഞിതന്നെ നഷ്ടപ്പെട്ട എതിര്‍സേന നാമാവിശേഷമായതോടെ ജനങ്ങള്‍ക്ക് മുന്നില്‍ ഏക തെരെഞ്ഞെടുപ്പായി മാറുകയായിരുന്നു എം കെ സ്റ്റാലിന്‍. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.   

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരമാവധി നീതിപുലര്‍ത്തി തമിഴരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയാണ്, ദേശീയതലത്തില്‍ നിരസിക്കപ്പെട്ട റിപ്പബ്ലിക് ദിന പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ ഏറ്റവും ഒടുവില്‍ സ്റ്റാലിന്‍ നിര്‍വ്വഹിച്ചത്. എന്താണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കിയുള്ള വ്യക്തമായ ഇടപെടല്‍ തമിഴ്നാട് മുഖ്യമന്ത്രിയില്‍നിന്ന് കാണാന്‍ സാധിക്കും. റിപബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പ്ലോട്ടുകള്‍ സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചത് തീര്‍ച്ചയായും അത്തരത്തിലൊന്നായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നും ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ തങ്ങളുടെ സ്വാതന്ത്ര്യസമര സേനാനികളെ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ച പ്ലോട്ടുകള്‍ നിരസിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സ്റ്റാലിന്‍ സ്വീകരിച്ച നിലപാട്. സംസ്ഥാനത്ത് നടത്തിയ റിപബ്ലിക് ദിന ആഘോഷത്തില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന എല്ലായിടങ്ങളിലും പ്ലോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഹിന്ദി വിരുദ്ധ വികാരമാണ് തമിഴ്നാട്ടില്‍  നിലനില്‍ക്കുന്നതെന്ന വര്‍ഷങ്ങളായുള്ള ആരോപണത്തിനും മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമായ മറുപടി നല്‍കി. ''ഹിന്ദിയോടുള്ള വെറുപ്പല്ല, ഹിന്ദി എന്ന ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് പ്രശ്ന''മെന്നാണ് അദ്ദേഹം പറഞ്ഞത്. അതെ, ഏത് കാര്യത്തിനും ജനങ്ങളുടെ മനസ് അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ദേശീയതലത്തില്‍ തന്നെ മികവുറ്റ ഒരു നേതാവായി എം കെ സ്റ്റാലിന്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

എം കെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ പിതാവിന്‍റെ രാഷ്ട്രീയ തണലിലൂടെ മാത്രം വളര്‍ന്നു നേതാവായ ഒരാളല്ല. തന്‍റെ പതിമൂന്നത്തെ വയസില്‍ പിതാവ് കരുണാനിധിയോടൊപ്പം വേദികള്‍ പങ്കിട്ട് വ്യത്യസ്തമായ പ്രസംഗ ശൈലീയിലൂടെ ആളുകളെ പിടിച്ചിരുത്തുവാന്‍ സ്റ്റാലിന് കഴിഞ്ഞിരുന്നു. തന്‍റെ യൗവ്വനകാലത്ത് യുവ ഡിഎംകെ എന്ന പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കാനും അത് മികവാര്‍ന്ന രീതിയില്‍ വളര്‍ത്തികൊണ്ടുവരാനും സ്റ്റാലിന് സാധിച്ചു. യുവജന പ്രസ്ഥാനത്തിലൂടെ സജീവ സാന്നിധ്യമായി മാറാന്‍ സ്റ്റാലിനു കഴിഞ്ഞു.1973 ലാണ് സ്റ്റാലിന്‍ ഡിഎംകെയുടെ കമ്മറ്റി അംഗമാകുന്നത്. പിന്നീടങ്ങോട്ട്‌ സ്റ്റാലിന്‍ എന്ന രാഷ്ട്രീയക്കാരന്‍റെ വളര്‍ച്ചയായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസം സ്റ്റാലിന്‍ എന്ന രാഷ്ട്രീയ നേതാവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തി. എന്നാല്‍ 1984ലെ തെരഞ്ഞെടുപ്പില്‍ ആ ഇമേജ് അദ്ദേഹത്തെ തുണച്ചില്ല. ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട സ്റ്റാലിന്‍ പരാജയത്തിന്‍റെ രുചി അറിഞ്ഞു. എന്നാല്‍ 1989-ലെ തെരഞ്ഞെടുപ്പിൽ, തന്നെ ആദ്യം പരാജയപ്പെടുത്തിയ 'തൗസന്റ് ലൈറ്റ്സ്' എന്ന അതേ മണ്ഡലത്തില്‍ സ്റ്റാലിൻ വിജയിച്ച് കയറുകയും ചെയ്തു. അത് ഒരു പുതിയ തുടക്കമായിരുന്നു. പിതാവ് കരുണാനിധിയുടെ മകന്‍ എന്നതിലുപരി സ്വന്തമായ ഒരു വ്യക്തിത്വം രൂപപ്പെടുത്തേണ്ടത് സ്റ്റാലിന് ആവശ്യമായിരുന്നു. 1996-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമയത്ത് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മദ്രാസ് കോർപറേഷന്‍റെ മേയര്‍ പദവിയും സ്റ്റാലിൻ കരസ്ഥമാക്കി. ഈ പദവിയിലിരിക്കെയാണ് സ്റ്റാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനശ്രദ്ധ നേടിയെടുക്കുന്നത്. ചെന്നൈ ഫ്ലൈ ഓവറുകളും, ഉദ്യാനങ്ങളുമെല്ലാം അക്കാലത്താണ് രൂപപ്പെടുത്തിയത്. ഇത് ജനഹൃദയങ്ങളിലേക്കുള്ള സ്റ്റാലിന്‍റെ പുതിയ ഒരു കാല്‍വെപ്പായിരുന്നു. 1969- മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന സ്റ്റാലിന്‍  മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത് 2006-ലാണ്. 2009-ല്‍ പിതാവിനെ ഭരണത്തില്‍ സഹായിക്കാനായി തമിഴ്നാടിന്‍റെ ഉപമുഖ്യമന്ത്രിയായി. കാവേരി വിഷയം, തൂത്തുകുടി സ്റ്റെർലൈറ്റ് വെടിവെപ്പ് സംഭവം, കർഷക സമരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സ്റ്റാലിന്‍റെ മാതൃകപരമായ ഇടപെടൽ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് പുതിയ ആവേശം പകര്‍ന്നു. 

തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി 2021-ല്‍ സ്റ്റാലിന്‍ അധികാരത്തിലെത്തിയതുതന്നെ ഞെട്ടിക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ്. സാമ്പത്തികവും സാമൂഹികവുമായ മാറ്റത്തിന് ഒരുപോലെ അദ്ദേഹം ഊന്നല്‍ നല്‍കി. കൊവിഡ് കാലത്ത് സൗജന്യ ചികിത്സയും സൗജന്യ വാക്സിനും നല്‍കിക്കൊണ്ട് സ്റ്റാലിന്‍ പുതിയ തുടക്കം കുറിച്ചു. അതോടൊപ്പം ഓരോ റേഷന്‍ കാര്‍ഡിനും 4000 രൂപയും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും നല്‍കി. ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരല്ലാത്ത പൂജാരിമാരെ നിയമിച്ചു. സ്ത്രീകള്‍ക്ക് സിറ്റിബസുകളില്‍ സൗജന്യയാത്ര, സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഉപയോഗിച്ചുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ എന്നിവ ഉറപ്പുവരുത്തി. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍ നടപ്പിലാക്കി, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ദരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപികരിച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ബാഗുകളില്‍ തന്‍റെയോ പിതാവിന്‍റെയോ ചിത്രം പതിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കി. പാഠപുസ്തകങ്ങളില്‍ നിന്നും പ്രശസ്തരായ ആളുകളുടെ ജാതിവാല്‍ മുറിച്ചുനീക്കി. തന്നെയോ തന്‍റെ പ്രവര്‍ത്തനങ്ങളെയോ അനാവശ്യമായി പുകഴ്ത്തേണ്ടതില്ലെന്ന് അദ്ദേഹം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തന്‍റെ യാത്രയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചു. മാമല്ലപുരത്തെ ക്ഷേത്രത്തില്‍ അന്നദാനത്തിനെത്തിയ അശ്വതി എന്ന യുവതിയെയും മകനെയും അമ്പലത്തില്‍ നിന്ന് ഇറക്കി വിട്ടതിനെതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും അവരെ വീട്ടില്‍പോയി കാണുകയും ചെയ്തു. ജയ് ഭിം എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഇരുള സമുദായാംഗങ്ങൾക്കായി പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിച്ചതും മഴക്കെടുതിയിൽ വലഞ്ഞ ജനത്തെ നേരിട്ടെത്തി സമാശ്വസിപ്പിച്ചതുമൊക്കെ സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിയെ ജനഹൃദയങ്ങളില്‍ വ്യത്യസ്തനാക്കി. 

ഒരു മുഖ്യമന്ത്രി ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ ഇതിലും മികച്ച വഴികള്‍ ഇനിയുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. എല്ലാ ദിവസവും ഓരോ പുതിയ വാര്‍ത്തകളിലൂടെ 'സ്റ്റാലിനിസം' കേരളത്തിലും നിറയുകയാണ്. ഇതൊക്കെ പേരെടുക്കുവാനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ടിന്‍റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിയില്‍ നിന്നും ഇനിയും ജനങ്ങള്‍ ഏറെ പ്രതിക്ഷിക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൈമോശം വന്ന ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ അദ്ദേഹം ഹിന്ദുത്വശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിലും കൂടിയാണ്. കാണെക്കാണെ ദേശീയരാഷ്ട്രീയം കൂടി ഉറ്റുനോക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയും നേതാവുമായി മാറുകയാണ് എം കെ സ്റ്റാലിന്‍  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More