ഹിജാബിന്‍റെ ദണ്ഡത്തില്‍ ഒരു സാരി ലഘുലേഖ- വി. വി. ഷാജു

ഹിജാബിൻ്റെ സ്‌ത്രീ വിരുദ്ധതയെക്കുറിച്ച് ദണ്ഡപ്പെടുന്ന പുരോഗമന സെക്കുലർ സാരിയാരാധകർക്കുവേണ്ടി വീണ്ടും..

'സാരിയും സാമ്പാറും' എന്ന എൻ്റെ നഷ്ട ഉപന്യാസത്തെക്കുറിച്ചുള്ള ഖേദത്തോടെ ഈ സാരിലഘുലേഖ വിനീതമായി സമർപ്പിക്കുന്നു.

സാരിക്ക് രാഷ്ട്രീയ മതിപ്പ് ഒട്ടുമില്ലാത്ത സ്ത്രീവാദ രാഷ്ട്രീയമേൽക്കൈയുള്ള സാഹചര്യത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. ആറുമീറ്റർ തുണികൊണ്ട് സ്ത്രീ ശരീരത്തെ വരിഞ്ഞുകെട്ടുന്ന ചരടാണ് സാരി എന്ന കാര്യത്തിൽ നമുക്കാർക്കും തർക്കിക്കാനുള്ള പഴുതൊന്നുമില്ല. ബന്ധനസ്ഥനായ മെജീഷ്യനെ കടലിലെറിയുന്നതിനു മുമ്പുള്ള ദാരുണ സ്ഥിതിയാണ് സാരിണിയുടേത്. അതിൽ ആൺകോയ്മാ പ്രത്യയശാസ്ത്രത്തിന്റെ മെരുക്കൽ ഗൂഢാലോചന ഉണ്ടെന്നു വാദിച്ചാൽ ദുർവ്യാഖ്യാനമാരോപിക്കാൻ ഒരു പുരുഷുവിനും സൈദ്ധാന്തിക സാമഗ്രികൾ കൈമുതലായുണ്ടാകില്ല. ബുള്ളറ്റോടിക്കുക എന്ന വിമോചിത സ്ത്രീയുടെ വലിയ സ്വപ്നത്തിന് സാരി വിഘാതമാണ് (ബുള്ളറ്റെന്ന മസ്കുലിൻ വാഹനം അഭിലാഷവും കാമനയുമായി വരുന്നതിലെ രാഷ്ട്രീയ പ്രശ്നം ഈ സന്ദർഭത്തിൽ വലിച്ചിഴക്കണ്ട).

സാരിയുടുത്ത് തെങ്ങിൽ കേറുന്നതും വർക്ഷാപ്പിൽ പണിയെടുക്കുന്നതും ദുസ്സാധ്യമാണ്. സാരിധാരികൾ സഹജേന സാഹസിക ചിത്തരാണെങ്കിലും ഓടിത്തുടങ്ങിയ തീവണ്ടിയും ബസ്സും വാസ്തുവശാൽ അവരെ തുലോം കർമവിമുഖരാക്കുകയേയുള്ളു. പട്ടി പിന്നാലെ ചാടിയാൽ ചുരിദാർക്കാരി ഓടി രക്ഷപ്പെടുകയും സാരിമഹിള ധീരോപാംഗയായി 'വിധിവിഹിതമാർക്കു തടുത്തിടാ' എന്ന ഭാരതീയ ന്യായത്തിൽ ശുനകദംശനത്തിനു സ്വയം വിട്ടുകൊടുക്കുകയും ചെയ്യും. പൊതുവിടത്തിൽ പ്രകൃതിയുടെ സൈറൺ മുഴക്കിക്കൊണ്ടുള്ള കാഹളാഹ്വാനമുണ്ടായാൽ ഇതര വസ്ത്രിണികൾ അരയ്ക്ക് കീഴ്പ്പോട്ടുള്ളത് ഊരി പബ്ലിക് ടോയ്ലറ്റിന്റെ വാതിലിൻമേലിട്ട് ആശ്വാസത്തോടെ വിരേചനകർമത്തിൽ ഏർപ്പെടും.സാരിക്കാരികൾ അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമം പകർത്തിയാൽ ചാപ്ലിൻ സിനിമകളേക്കാൾ അത് ദുരന്ത ഹാസ്യമുണർത്തും. (സാരി കുറേക്കൂടി കക്കൂസ് സൗഹൃദ ഉടുപ്പാണെന്ന് ചില സ്ത്രീ സുഹൃത്തുക്കൾ ലൈവ് ഡെമോയിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും എം കൃഷ്ണൻ നായരുടെ ഭാഷയിൽപ്പറഞ്ഞാൽ സാരിയവർ ചെരിച്ചേറ്റിയുള്ള ദൃശ്യം അത്യന്തം ജുഗുപ്സാവഹമായി എനിക്ക് അനുഭവപ്പെടുകയുണ്ടായി)

അനഭിമതമായ ചുഴിഞ്ഞു നോട്ടക്കണ്ണുകളോട് വിട്ടുവീഴ്ചയില്ലാത്ത സ്ത്രീകളെ സംബന്ധിച്ച് സാരി അപമാനകരമാണെന്നതിൽ സംശയമില്ല. മറ്റു വസ്ത്രങ്ങളിൽ നിന്നു വ്യത്യസ്തമായി സാരിക്ക് അടിപ്പാവാടയെന്ന അധിക അടിവസ്ത്രമുണ്ടെന്നതിൽ അന്യായ ധൂർത്തിനൊപ്പം ആരോഗ്യ പ്രശ്നങ്ങളും അന്തർഭവിച്ചിട്ടുണ്ട്. നഗ്നത മറക്കുകയാണ് വസ്ത്രധാരണത്തിന്റെ അടിസ്ഥാന ധർമ്മമെന്നു വിശ്വസിക്കുന്ന പരമ്പരാഗത കാഴ്ചപ്പാടിൽ നിന്നു നോക്കുന്നവർക്ക് സാരി ഒരു ഒറ്റ് വസ്ത്രമാണ്. അവശ്യം മറക്കേണ്ടതെന്നുള്ള പരമ്പരാഗതധാരണാ പ്രവിശ്യകൾ ഒളിഞ്ഞും തെളിഞ്ഞും പരസ്യപ്പെടുത്തുന്ന ചതിയുടുപ്പാണ് സാരി. പിൻകഴുത്ത്, ഉദരം, നട്ടെല്ലിന്റെ കീഴറ്റപ്പുറഭാഗം എന്നീ തന്ത്രപ്രധാനഭാഗങ്ങൾ പ്രത്യക്ഷമായും വക്ഷോജങ്ങൾ എന്നു  പ്രാചീന സാഹിത്യത്തിൽ ഓമനിക്കപ്പെടുന്ന മുലകൾ സൂക്ഷ്മദൃക്കുക്കളെ സംബന്ധിച്ചും കാഴ്ചക്ക് ശരവ്യമാണെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു സമസ്യയാണെന്നതിനെ ആർക്കാണ് ഖണ്ഡിക്കാൻ കഴിയുക?

ബ്ലൗസിന്റെ ഞെരുക്കിയിറുക്കലും അടിപ്പാവാടയുടെ വടംവലിയുമുൾപ്പടെയുള്ള സാരിയുടെ കുറ്റകരമായ വിഭവ സവിശേഷതകളും ഉള്ളടക്ക ധാരാളിത്തവും പരിഗണിക്കുമ്പോൾ ഒട്ടും ശരീര സൗഹൃദപരമല്ലാത്ത അനാരോഗ്യകരമായ വസ്ത്രമാണ് സാരി എന്നു മനസ്സിലാക്കാൻ ഡബ്ലൂ എച്ച് ഒ യുടെ സർട്ടിഫിക്കറ്റൊന്നും വേണ്ടതില്ല. വസ്ത്രമുടുക്കുന്നതിൽ സമയവും ശ്രദ്ധയുമാകാമെങ്കിലും ഉടുത്തുകഴിഞ്ഞാൽ ഉടുപ്പുബോധത്തിൽ നിന്ന് മോചിക്കപ്പെടേണ്ടതുണ്ട്. കൊറോണാ വൈറസിന്റെ ജനിതക ഘടനയെക്കുറിച്ച് സംസാരിക്കുന്ന ഒരു ശാസ്ത്രജ്ഞ വിഷയവിവരണത്തിനു കൊടുക്കേണ്ട ശ്രദ്ധ മുഴുവൻ ഒട്ടും ആത്മവിശ്വാസമില്ലാതെ സാരി ശരിപ്പെടുത്തുന്നതിൽ മുഴുകുന്ന കാഴ്ച്ച ഗ്ലാനി ഉളവാക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. കാണുന്നവരെ മുഴുവൻ ആൺതുറിച്ചു നോട്ടക്കാരായി മുൻകൂട്ടി മൗനമായി കുറ്റാരോപണം ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന രാഷ്ട്രീയ പ്രശ്നവും ഇതിലുണ്ടെന്ന് ആരും സമ്മതിക്കും. നൂറു വർഷമായി ആസൂത്രണം ചെയ്ത് ക്ഷമയോടെ നടപ്പിലാക്കുന്ന വർഗ്ഗീയ വിഷ  പ്രത്യയശാസ്ത്രത്തിൻ്റെ ഫലമുണ്ണുകയാണ് ആർ എസ് എസ് ചെയ്യുന്നത് എന്ന് എൻ്റെ ബുദ്ധിജീവിനിയായ കൂട്ടുകാരി വിശദീകരിക്കവേ ആ രാഷ്ട്രീയ സത്യത്തിൻ്റെ കനം എന്നെ നെടുവീർപ്പിൽ ഉലയിക്കുകയും അന്നേരം അവർ ആ നെടുവീർപ്പിൻ്റെ അന്തർഗ്ഗതത്തെ തെറ്റിദ്ധരിച്ചിട്ടോ എന്തോ നെഞ്ചിൻ്റെ ഭാഗത്ത് സാരി വാർകാലധൃതിയിൽ ശരിപ്പെടുത്തുകയും അബോധപൂർവ്വമായ ആ കുറ്റാരോപണ കർമ്മത്തിൽ മനസ്സിടിഞ്ഞ് കണ്ണീരൊലിപ്പിച്ച് തൊട്ടടുത്ത ബാറിൽ കേറി നാലെണ്ണമടിച്ച് എന്നെ ആണായി പടച്ച ദൈവത്തെ കണക്കിനു തെറി പറയുകയും ഉണ്ടായിട്ടുണ്ട്. (പിന്നീട് ഈ സുഹൃത്തിനോട് എനിക്കുണ്ടായ അവമതിയെക്കുറിച്ചും ധനനഷ്ടത്തെക്കുറിച്ചും പരിഭവം പറഞ്ഞപ്പോൾ നഷ്ടപരിഹാരമായി നാലു പെഗ്ഗിൻ്റെ പണം അവൾ ഗൂഗിൾ പേ വഴി അയച്ചു തന്നിട്ടുണ്ട് എന്നത് സ്മരവ്യമാണ്)

സാരി = കുലസ്ത്രീ എന്ന ധാരണാ വികാസമുണ്ടായ കാലത്താണ് നാം ജീവിക്കുന്നത്. ആരാണിക്കാലത്ത് കുലവധുവായി വിലയിരുത്തപ്പെടാൻ ആഗ്രഹിക്കുക? കുലസ്ത്രീകൾ പോലും കുലസ്ത്രീ എന്ന സങ്കൽപ്പത്തെ കാർക്കിച്ചു തുപ്പുന്ന ഒരു രസികൻ കാലത്ത് പ്രത്യേകിച്ചും. ഇതൊക്കെയാണെങ്കിലും ധിഷണമുതിർന്ന സ്ത്രീവാദികൾ പോലും വിശേഷാവസരങ്ങളിൽ സാരി ധരിക്കുകയും ദൃശ്യങ്ങൾ ഫേസ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. രാഷ്ട്രീയ ശരിക്കപ്പുറം അവരവരുടെ ആനന്ദങ്ങൾക്കു പ്രാമുഖ്യം കൊടുക്കുന്ന ലാലസലാഘവ സമീപനം പുലർത്തുന്നതുകൊണ്ടോ സാരി സ്ത്രീകളെ കൂടുതൽ സുന്ദരിയാക്കുന്നു എന്ന അനിഷേധ്യമായ പ്രാപഞ്ചിക സത്യത്തിനു മുമ്പിൽ കീഴടങ്ങുന്നതുകൊണ്ടോ എനിക്കിപ്പോഴും തിരിഞ്ഞിട്ടില്ലാത്ത രാഷ്ട്രീയ സാധൂകരണസമവാക്യം അവർ ഇക്കാര്യത്തിൽ സൈദ്ധാന്തിക ഭദ്രമായി ആവിഷ്കരിച്ചതിൻ്റെ ആത്മവിശ്വാസത്തിലോ ആകാമത്.

വ്യക്തിപരമായി ഞാനൊരു സാരിയാരാധകനാണ് എന്നു സമ്മതിക്കുന്നതിൽ ലജ്ജയൊന്നുമില്ല. സാരിയുടെ ഋണാത്മകവശങ്ങൾ എന്തൊക്കെയായാലും ചില സ്ത്രീകൾ ആ ഉടയാടയിൽ അലൗകികമായും അത്യന്തം ലൗകീകമായും കമനീയരായി കാണപ്പെടാറുണ്ട്. മരവുരിയിൽ നിന്ന് സാരിയിലേക്കുള്ള വളർച്ച, ലാളിത്യത്തിൽ നിന്നു സങ്കീർണ്ണതയിലേക്കുള്ള വളർച്ചയാണ്. സംസ്കാരത്തിൻ്റെ കൊടിയടയാളമാണ് ചിഹ്ന സങ്കീർണ്ണത. 

സാമ്പാറും സാരിയുമെന്ന എൻ്റെ  ദീർഘനഷ്ട പ്രബന്ധത്തിൽ പ്രബലവാദങ്ങളോടെ ഇതു സമർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണെൻ്റെ ഓർമ. നിരവധി സങ്കീർണ്ണ ഘട്ടങ്ങളിലൂടെ നേരമെടുത്ത് അവധാനതയോടെ ഉണ്ടാക്കുന്ന വറുത്തരച്ച സാമ്പാറും സമയത്തിൻ്റെ ഹാൻ്റ് ബാഗ് നിറഞ്ഞിരിക്കുന്ന മഹിളകൾക്ക് മാത്രം കുറ്റമറ്റ രീതിയിൽ ഉടുക്കാവുന്ന സാരിയും, മിച്ചസമയമാണ് സംസ്കാരത്തെ സൃഷ്ടിക്കുന്നത് എന്ന മാർക്സിയൻ വാദത്തെ സാധൂകരിക്കുന്നവയാണ്. ഓഫീസിലേക്ക് സാരിയിൽ ശരീരം വട്ടംചുറ്റിക്കേറി ഓടുന്ന ഉദ്യോഗസ്ഥ സ്ത്രീകൾ നിരന്തര അധ്യയനം കൊണ്ട് സമയവിപ്ലവം നടത്തിയിട്ടുണ്ടെങ്കിലും സൗന്ദര്യശാസ്ത്രപരമായ പരിപ്രേക്ഷ്യത്തിൽ നോക്കുമ്പോൾ അവ ശ്ളാഘനീയമോ അഭിലഷണീയമോ അല്ല എന്നു പറയേണ്ടി വരും.

സാരിയുടെ പോസിറ്റീവായ ചില വശങ്ങൾ പരാമർശിച്ച് ഈ അകം ശൂന്യമായ ഭാഷാധൂർത്ത് അവസാനിപ്പിക്കാം:

1) ദമ്പതികൾക്കിടയിലുള്ള പരസ്പരധാരണ, വിശ്വാസം, ലീലാലോലുപത എന്നിവ ഊട്ടിയുറപ്പിക്കാൻ സാരിക്കു കഴിയും. ആൺകോയ്മാ ശരീരഭാഷ അടിമുടി കുടഞ്ഞു കളഞ്ഞ് കാമുകൻ ബിഷപ്പിൻ്റെ വീട്ടുമുറ്റത്തെ ജീൻവാൽജീനെപ്പോലെ നിലത്ത് മുട്ടുകുത്തിയിരുന്നു കാമുകിയുടെ സാരിയുടെ ഞൊറികൾ ശരിപ്പെടുത്തിക്കൊടുക്കുന്ന സന്ദർഭങ്ങളിലാണിത് സംഭവിക്കുന്നത്. ഉടുപ്പഴിക്കുന്നതിൽ മാത്രമല്ല ഉടുപ്പിക്കുന്നതിലും താൻ ഉഴപ്പനല്ല എന്ന സന്ദേശവും ഇതുവഴി വിനിമയം ചെയ്യാനാകും. വൃക്ഷങ്ങളെയും സ്ത്രീകളെയും അവരുടെ ചുവട്ടിലിരുന്ന് ആരാധനയോടെ മേൽപ്പോട്ട് നോക്കണം. അപ്പോഴേ മഹത്വമറിയൂ.

2) അഴിക്കുന്തോറും പൊരുളിലേക്കെത്താൻ അനന്തമായി വൈകിപ്പിക്കുന്ന സാരി രതിയെ ദീർഘസമയ കലയാക്കുന്നു. അഴിക്കുന്നതിലാണ് ആനന്ദരഹസ്യമിരിക്കുന്നത് എന്ന എൻ്റെ പഴയ കാവ്യശകലം ഓർമിച്ചു പോവുകയാണ്. പിൻവശത്തു കുടുക്കുകളുള്ള ബ്ലൗസ് ഒരു കലാശിൽപ്പം അനാവരണം ചെയ്യുമ്പോലെ ജിജ്ഞാസയുണർത്തി,  സമയത്തിൻ്റെ വീഞ്ഞ് നായകനെ കൊണ്ട് ആവോളം കുടിപ്പിച്ച്  നായിക സ്വയം അഴിക്കുന്ന ചലച്ചിത്ര മുഹൂർത്തമാണ് എൻ്റെ ജീവിതത്തിലെ അവിസ്മരണീയമായ പോൺ അനുഭവം.

3) സാരിയുടുത്ത് നെറ്റിയിൽ സിന്ദൂരമിട്ട് ഹോട്ടലിൽ മുറിയെടുക്കുമ്പോൾ ഇപ്പോഴും റിസപ്ഷനിസ്റ്റിന് സദാചാര ആശ്വാസം ഉണ്ട്.

4) മറ്റു വസ്ത്രങ്ങളെപ്പോലെ സാരി കൂടെക്കൂടെ കഴുകേണ്ട.


Contact the author

Recent Posts

Views

രേഖാരാജ് നിയമനം: നെറ്റ് അല്ലെങ്കില്‍ പി എച്ച് ഡി എന്നുവന്നാല്‍ പി എച്ച് ഡിക്ക് പ്രത്യേക മാര്‍ക്ക് കൊടുക്കുന്നതെങ്ങിനെ?- രേഷ്മാ ഭരദ്വാജ് , ദിലീപ് രാജ്

More
More
Sufad Subaida 1 week ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 weeks ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More
Views

സ്വന്തം പ്രശ്നം പൊതു പ്രശ്നമാക്കി മാറ്റിയ മേരി റോയ്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Dr. Azad 1 month ago
Views

മീറ്റൂ: ആശ്ലേഷത്തിൻ്റെ അനുഭവകാലം ഉഭയസമ്മതത്തിൻ്റേതെന്ന് എങ്ങനെ അളക്കും? - ഡോ. ആസാദ്

More
More