റഷ്യ- യുക്രൈന്‍ യുദ്ധം ഒന്നും ബാക്കിയാക്കില്ല- പ്രൊഫ ജി ബാലചന്ദ്രൻ

ഒടുവിലത് സംഭവിച്ചു. റഷ്യ യുക്രൈനെ ആക്രമിച്ചിരിക്കുന്നു. ലോകയുദ്ധത്തിൻ്റെ ഭീതിയിലാണ് ജനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ ഒരു വശത്ത് . യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമായ യുക്രൈൻ മറുവശത്ത്. യുദ്ധം തുടങ്ങി 24 മണിക്കൂർ കഴിഞ്ഞപ്പോൾ റഷ്യൻ അധിനിവേശത്തിനു മുന്നിൽ യുക്രൈൻ പതറി. ചെർണോബിൽ ഉൾപ്പെടെയുള്ള യുക്രൈൻ മേഖലകൾ റഷ്യ പിടിച്ചടക്കി. സൈനികർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതിൻ്റെയും യുദ്ധഭീകരതയുടെയും സഞ്ജയവിവരണം മാധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കി തന്നെ വാർത്തകൾ സ്ഥിരീകരിക്കുകയും ചെയ്തു. സൈനിക ശക്തിയിലും ആയുധബലത്തിലും റഷ്യക്കുമുമ്പിൽ യുക്രൈൻ ഒന്നുമല്ല. യുക്രൈൻ്റെ സൈനിക ശക്തി രണ്ടു ലക്ഷത്തിൽ താഴെയെങ്കിൽ, റഷ്യയുടേത് ഒമ്പത് ലക്ഷത്തിലധികമാണ്. പ്രതിരോധ ബജറ്റിൻ്റെ കാര്യത്തിലും റഷ്യയും ( 4100 കോടി $) യുക്രൈനും ( 250 കോടി $) തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. യുദ്ധവിമാനങ്ങളുടേയും വിമാനവേധ മിസൈലുകളുടേയും കണക്കെടുക്കുമ്പോഴും യുക്രൈന് ആശ്വസിക്കാൻ കാര്യമായ വകയൊന്നുമില്ല. നാറ്റോ (NATO) ആയിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ഈ യുദ്ധത്തിൽ തത്കാലം ഇടപെടുന്നില്ല എന്ന് നാറ്റോ (NATO) നിലപാടെടുത്തുകഴിഞ്ഞു.

റഷ്യയും യുക്രൈനും തമ്മിൽ നാഭീനാള ബന്ധമാണുള്ളത്. സോവിയറ്റു യൂണിയന്റെ ഭാഗമായിരുന്ന യുക്രൈൻ വേർപിരിഞ്ഞുപോയത് റഷ്യക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. തന്ത്രപരമായും ഭൂമിശാസ്ത്രപരമായും അതീവ പ്രാധാന്യമുള്ള കീവ് ആസ്ഥാനമായ യുക്രൈൻ, യൂറോപ്യൻ യൂണിയനോട് അടുത്തതും നാറ്റോ സഖ്യസേനയോട് കൈകോർത്തതും റഷ്യയെ പ്രകോപിപ്പിച്ചു. അത് ലോക ഭൂപടത്തിൽ റഷ്യക്കുണ്ടാക്കിയേക്കാവുന്ന അപരിഹാര്യമായ നാണക്കേടും നാശനഷ്ടവും മുൻ കെ. ജി. ബി ഉദ്യോഗസ്ഥൻ കൂടിയായ റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിനെ സംശയാലുവാക്കി. അമേരിക്കയുടെ പിന്തുണയാണ് യുക്രൈൻ്റെ ശക്തി. എന്നാൽ കഴിഞ്ഞ അർദ്ധരാത്രി ലോകത്തോട് സംസാരിക്കവെ സൈന്യത്തെ അയക്കില്ല എന്ന് യു എസ് പ്രസിഡണ്ട് ബൈഡൻ പറഞ്ഞുകഴിഞ്ഞു. അമേരിക്കയും ബ്രിട്ടനും റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തും. അമേരിക്കയിലെ റഷ്യൻ ബാങ്കുകൾ മരവിപ്പിക്കും. തുർക്കി, ജർമനി, ഇസ്രയേൽ, ഗ്രീസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ എതിർത്തുകൊണ്ട് പരസ്യമായി രംഗത്തുവന്നു. എന്നാൽ ചൈനയും ബലാറസും റഷ്യൻ അനുകൂല നിലപാട് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി റഷ്യൻ പ്രസിഡണ്ട് പുടിനുമായി സംസാരിക്കവെ, മേഖലയിൽ ഉടൻ തന്നെ വെടിനിർത്തലിന് തയ്യാറാകണമെന്നും ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമന്ത്രി പരാമർശിച്ചു. യുക്രൈനിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടങ്ങിയിട്ടുമുണ്ട്. കൊവിഡ്-19 തീർത്ത സാമ്പത്തിക അസ്ഥിരതയിൽ നിന്ന് കരകയറാൻ ഭഗീരഥയത്നം നടത്തുന്ന ജനത യുദ്ധവെറികണ്ട് അന്ധാളിച്ചു നിൽക്കുകയാണ്. യുദ്ധപ്രഖ്യാപനം വന്നപ്പോൾ തന്നെ ക്രൂഡോയിലിൻ്റെ വില വർദ്ധിച്ചു. ഓഹരി വിപണി കൂപ്പുകുത്തി. വരും നാളുകളിൽ സാധാരണക്കാരൻ്റെ ജീവനും ജീവിതവും ഇനി കൂടുതൽ ദുസ്സഹമാവും

എന്തായാലും അഹിതമായത് നടന്നുകഴിഞ്ഞു. ഓർമ വരുന്നത് ഗാന്ധാരീ വിലാപമാണ്. 18 അക്ഷൗഹിണിപ്പടയും, 40 ലക്ഷം പടയാളികളും കൊമ്പുകോർത്ത കുരുക്ഷേത്രത്തിലൂടെ അലറിക്കരഞ്ഞുവിളിച്ചു നടന്ന ഗാന്ധാരി. പതിനെട്ട് ദിവസത്തെ ഇതിഹാസ യുദ്ധം കഴിഞ്ഞപ്പോൾ ബാക്കിയായത് കേവലം 9 പേർ മാത്രം!. സ്വന്തം മക്കളും ജാമാതാക്കളും പേരക്കുട്ടികളുമെല്ലാം ഇല്ലാതായ യുദ്ധഭൂമിയിലൂടെ വ്യാസൻ ഭാരതകഥ കൊണ്ടുപോകുന്നു. യുദ്ധത്തിൻ്റെ തീവ്രതയെപറ്റി അഹങ്കാരിയായ മനുഷ്യനെ അറിയിക്കാൻ ഗാന്ധാരിയെത്തന്നെ ശവകൂമ്പാരങ്ങൾക്കിടയിലൂടെ വ്യാസൻ നടത്തുന്നു. യുദ്ധഭൂമിയിലൂടെ നടക്കുമ്പോൾ ഗാന്ധാരി കാണുന്നത് ഇന്ദ്രൻ്റെ കുടില ബുദ്ധിയിൽ ഒടുങ്ങിയ നിശ്ചലനായ സൂര്യപുത്രനെ (കർണന്‍), ചക്രവ്യൂഹത്തിൻ്റെ ചതിയിൽപ്പെട്ട അഭിമന്യുവിനെ, വികൃതമുഖവുമായി കിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത യുദ്ധപ്പോരാളികളെ. ഒടുവിൽ അമ്മ കാണുന്നത് തൻ്റെ കടിഞ്ഞൂൽ പുത്രനായ ദുര്യോധനൻ്റെ ചേതനയറ്റ ശരീരമാണ്. ധർമ്മയുദ്ധം ബാക്കിയാക്കിയത് എന്താണ്? സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനുപോലും ശാപമേൽക്കേണ്ടി വന്നില്ലെ? അതുകൊണ്ടുതന്നെയാണ് മഹാഭാരതത്തിൻ്റെ ഒടുവിൽ വ്യാസൻ ഇരുകൈകളും ഉയർത്തി നെഞ്ചുപൊട്ടി വിലപിക്കുന്നത്: "ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ലല്ലോ?''. ശരിയാണ്, യുദ്ധത്തിൻ്റെ പടക്കോപ്പുകൾ വർണിക്കാനായിരുന്നില്ല വ്യാസൻ മഹാഭാരതം രചിച്ചത്. യുദ്ധം വേണ്ട എന്ന ശക്തമായ താക്കീത് നൽകാനായിരുന്നു. ഇനിയൊരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Prof. G. Balachandran

Recent Posts

Mehajoob S.V 23 hours ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 1 week ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
K K Kochu 3 weeks ago
Views

ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

More
More
Views

രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയും ബാക്കിവെച്ചത്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ആര്‍ത്തവ അവധി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മതിയോ

More
More
Dileep Raj 2 months ago
Views

കെ എൽ എഫ് പോലുള്ള സാംസ്കാരിക ഇടപെടലുകളെ സർക്കാർ നിരുപാധികം പിന്തുണയ്ക്കണം- ദിലീപ് രാജ്

More
More