ലീഗ് രാഷ്ട്രീയം ശിഹാബുകളില്‍ നിന്ന് ശിഹാബുകളിലേക്ക് തന്നെ മടങ്ങുമ്പോള്‍- എസ് വി മെഹജൂബ്

സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷ പദവിയും അഖിലേന്ത്യാ കമ്മിറ്റിയുടെ ഉപദേശക പദവിയും ഏറ്റെടുക്കുമ്പോള്‍ പാണക്കാട് തങ്ങന്മാരുടെ ലീഗിലെ അധീശത്വം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. മാറിമാറി അധികാരത്തില്‍ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപദവിയാണ്‌ കൊടപ്പനക്കല്‍ വീട്ടിലേക്ക് താലത്തില്‍ വെച്ച് സമര്‍പ്പിക്കപ്പെടുന്നത്. മുസ്ലീം ലീഗ്, അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ദേശീയ പാര്‍ട്ടിയാണെങ്കിലും കേരള സംസ്ഥാന പ്രസിഡണ്ട് പദവിയാണ്‌ അതിലെ ഏറ്റവും ഉന്നതമായ പദവി, രണ്ടാമത്തെതാകട്ടെ പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ അധ്യക്ഷ പദവിയാണ്‌. അതുകൊണ്ടുതന്നെ മുഹമ്മദലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡണ്ട് പദവിയിലിരുന്നപ്പോള്‍ ഹൈദരലി തങ്ങളും ഹൈദരലി തങ്ങള്‍ സംസ്ഥാന പ്രസിഡണ്ട് പദവിയിലിരുന്നപ്പോള്‍ സാദിഖലി തങ്ങളും പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ അധ്യക്ഷന്‍മാരായിരുന്നു. ഇപ്പോള്‍ സാദിഖലിക്ക് തൊട്ടുപിന്നാലെ മലപ്പുറം ജില്ലാ അധ്യക്ഷനാകുന്ന മുനവര്‍ അലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള സ്വാഭാവിക സ്ഥാനാര്‍ഥിയാണ്. ഇതാണ് 1973 ല്‍ സെയ്ദ് അബ്ദുറഹ്മാന്‍ ബാഫഖിയുടെ നിര്യാണത്തെ തുടര്‍ന്ന് ലീഗില്‍ ഇടര്‍ച്ചകളില്ലാതെ അരങ്ങേറുന്നത്. 

ബാഫക്കികളില്‍ നിന്ന് ശിഹാബുകളിലേക്ക് 

1956 മുതല്‍ സെയ്ദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ വഹിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി, അദ്ദേഹം 1973- ല്‍ മരണപ്പെട്ടതിന് ശേഷമാണ് പാണക്കാട്ടെ തങ്ങന്‍മാരിലേക്ക് എത്തുന്നത്. മലപ്പുറം ജില്ലാ ലീഗിന്‍റെ അധ്യക്ഷനായിരുന്ന പി എം എസ് എ പൂക്കോയ തങ്ങളാണ് പാണക്കാട്ടുനിന്ന് ആദ്യമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയത്. ഇതോടെ കൊയിലാണ്ടിയിലെ ബാഫക്കി തങ്ങന്‍മാരില്‍ നിന്ന് എന്നെന്നേക്കുമായി ലീഗിന്റെ നേതൃപദവി മാറുകയായിരുന്നു എന്ന് അക്കാലത്ത് അത്രയേറെ മനസ്സിക്കപ്പെട്ടിരുന്നില്ല. രണ്ടുവര്‍ഷം മാത്രമേ പൂക്കോയ തങ്ങള്‍ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുന്നുള്ളൂ.1975-ല്‍ പി എം എസ് എ പൂക്കോയ തങ്ങളുടെ മരണത്തോടെ മൂത്ത മകന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗിന്റെ അധ്യക്ഷനായി. വെറും 39 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ ആ സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് മുന്‍ മുഖ്യമന്ത്രി കൂടിയായ രാഷ്ട്രീയ തന്ത്രജ്ഞന്‍ സി എച്ച് മുഹമ്മദ്‌ കോയ ആയിരുന്നു. അതുകൊണ്ടുതന്നെ മുസ്ലീം ലീഗിനെ കൊയിലാണ്ടി തങ്ങന്‍മാരില്‍ നിന്ന് പാണക്കാട്ട് കൊണ്ടുപോയി കെട്ടിയത് സി എച്ച് ആണ് എന്ന് ലീഗിന്റെ ചരിത്രം വിശകലനം ചെയ്ത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊയിലാണ്ടി തങ്ങന്മാരുടെ പിന്‍മുറക്കാരില്‍ പലരും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള മുറുമുറുപ്പ് ഇടയ്ക്കൊക്കെ ഉച്ചത്തില്‍ പറഞ്ഞിട്ടുമുണ്ട്. 

സി ച്ച് മാനത്തുകണ്ടത്  

തങ്ങന്മാര്‍ക്കും നഹമാര്‍ക്കും കേയിമാര്‍ക്കുമൊക്കെ വലിയ അപ്രമാദിത്വമുള്ള ലീഗ് രാഷ്ട്രീയത്തില്‍, അത്തോളിയിലെ സാധാരണ മാപ്പിള കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ പാര്‍ട്ടിയുടെ പരിമിതികളെ മറികടന്നുകൊണ്ട് വെറും 50 ദിവസം മാത്രമാണെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ വരെ എത്തി. അതിബുദ്ധിമാനായ സി എച്ച് മുഹമ്മദ്‌ കോയയാണ് പാണക്കാട് തങ്ങള്‍ കുടുംബത്തിന് ബഹുഭൂരിപക്ഷം വരുന്ന സുന്നികളായ ഏറനാടന്‍ മാപ്പിളമാര്‍ക്കിടയിലും പ്രദേശത്തുകാരായ മറ്റു വിഭാഗങ്ങള്‍ക്കിടയിലും ഉള്ള ആത്മീയ സ്വാധീനം തിരിച്ചറിഞ്ഞത്. ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിനിന്നിരുന്ന ആ സ്വാധീനത്തെ പൊലിപ്പിച്ചെടുക്കാന്‍ സി എച്ചിനും പില്‍ക്കാല ലീഗ് രാഷ്ട്രീയത്തിനും കഴിഞ്ഞു എന്നതാണ് ചരിത്രം. 

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ വംശപരമ്പരയില്‍ പെട്ടവരാണ് തങ്ങന്‍മാര്‍ എന്ന വിശ്വാസമാണ്, നബിചര്യ പിന്‍പറ്റുന്ന സുന്നികളുടെ നിരുപാധിക പിന്തുണ ഇവര്‍ക്ക് ഉറപ്പാക്കിയത്. ആചാരാനുഷ്ടാനങ്ങളില്‍ വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊതുവില്‍ കളങ്കവും ചതിയും ഇല്ലാത്ത ഇടപാടുകളും ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട അധികാരവും ഇസ്ലാമിക കാര്യങ്ങളിളും അറബി ഭാഷയിലുമുള്ള അവഗാഹവും ആത്മീയ നേതൃത്വവും സാമുദായിക രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തുന്നതിന് ഇവര്‍ക്ക് തുണയായി. സുന്നിവിഭാഗത്തെ അന്ധവിശ്വാസം ആരോപിച്ച് ശക്തിയുക്തം എതിര്‍ക്കാറുള്ള മുജാഹിദുകള്‍ ഉള്‍പ്പടെയുള്ളവര്‍  രാഷ്ട്രീയാധികാരം മുന്‍ നിര്‍ത്തി തങ്ങന്‍മാരുടെ നേതൃത്വം അംഗീകരിച്ചു.

സെയ്ദ് അബ്ദുറഹ്മാന്‍ ബാഫഖിയും തലശ്ശേരി രാഷ്ട്രീയവും 

കൊളോണിയല്‍ ഭരണകാലത്ത് സായിപ്പന്മാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനും വിദ്യാഭ്യാസം ചെയ്യാനും സാധിച്ചവരാണ് തലശേരിയിലെ വലിയ വീടുകളിലെ മുസ്ലീംകള്‍. തൊട്ടടുത്ത് കിടക്കുന്ന മാഹി ഭരിച്ച ഫ്രഞ്ചുകാരുമായുള്ള സാംസ്കാരിക സമ്പര്‍ക്കവും കടല്‍ കടന്ന വ്യാപാരബന്ധങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഖിലാഫത്ത്, ലീഗ് ബന്ധങ്ങളും സ്വാതന്ത്ര്യാനന്തരകാലത്ത് പുതിയ രാഷ്ട്രീയ അസ്ഥിത്വം തേടാന്‍ അവരെ പ്രേരിപ്പിച്ചു. ഉപരിവര്‍ഗ്ഗമായി സ്വയം കണക്കാക്കിയ, അധുനികമെങ്കിലും മതബദ്ധ ജീവിതം നയിച്ച ഇവര്‍ക്ക് ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് മൂവ്മന്‍റുകള്‍ സ്വീകാര്യമായിരുന്നില്ല. അവിടെ നിന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയം പിച്ചവെച്ചുതുടങ്ങുന്നത്. തൊട്ടടുത്ത് കിടന്ന കൊയിലാണ്ടിയിലെ ബാഫക്കി തങ്ങന്മാര്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊണ്ട് അത്തരമൊരു രാഷ്ട്രീയ ഭാവനയുടെ മുകളില്‍ വരാനുള്ള സാഹചര്യം ഏറെയായിരുന്നു. അങ്ങോട്ടാണ് സെയ്ദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ കടന്നുവരുന്നത്. ഇന്ദുലേഖയുടെ കര്‍ത്താവ് ഒ. ചന്തു മേനോനെ പോലെ മുണ്ട് ഉടുത്ത് മുകളില്‍ കൊട്ടിട്ട്, കൊളോണിയല്‍ സൌന്ദര്യബോധത്തോട് ചില അര്‍ത്ഥങ്ങളില്‍ ചേര്‍ന്നുനിന്ന ഉപരിവര്‍ഗ്ഗത്തില്‍ പെട്ട സെയ്ദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളുടെ പാരമ്പര്യം കച്ചവടത്തിന്റെതാണ്. 

ബാഫക്കികള്‍ ഈജിപ്ത് പാരമ്പര്യമാണ് പറയാറുള്ളത്. അലിയുടെ പരമ്പരയില്‍ പെട്ട ബാഫക്കികളുടെ കേരളത്തിലെ പൂര്‍വ്വികന്‍ ഏതാണ്ട് 200-ല്‍ പരം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ എത്തിയ സെയ്ദ് അഹമെദ് ബാഫഖിയാണ് എന്ന് പറയപ്പെടുന്നു. ഈ പരമ്പരയില്‍ പെട്ട സെയ്ദ് അബ്ദുറഹ്മാന്‍ ബാഫക്കി അരിക്കച്ചവടം വളരെ വിജയകരമായ രീതിയില്‍ നടത്തിയിരുന്ന വിജയിച്ച ബിസിനസ്സുകാരന്‍ ആയിരുന്നു. ബാഫഖി ആന്‍ഡ് കമ്പനി എന്ന പേരില്‍ റങ്കൂണ്‍ വരെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. മതകാര്യങ്ങളില്‍ കൂടി വലിയ പങ്കാളിത്തമുണ്ടായിരുന്നു. ഇത്തരം പ്രാമാണികതയെല്ലാം ചേര്‍ന്നപ്പോള്‍ കേരള രൂപീകരണത്തിനു ഒരു വർഷം മുന്‍പ് നടന്ന ലീഗ് സമ്മേളനത്തില്‍  ബാഫക്കി തങ്ങള്‍ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1973-ല്‍ മരണപ്പെടുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 

ബാഫഖിയുടെയും പൂക്കോയ തങ്ങളുടെയും പിന്മുറക്കാരനായി മുഹമ്മദലി വന്നതെങ്ങിനെ?

ഇതിനിടെ പാണക്കാട് കൊടപ്പനക്കല്‍ ശിഹാബ് തങ്ങള്‍ കുടുംബവുമായി ബാഫക്കി തങ്ങള്‍ക്കുണ്ടായ ബന്ധുത്വമാണ് വലിയ വഴിത്തിരിവായത്. പില്‍കാലത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായിത്തീര്‍ന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ബാഫക്കി തങ്ങളുടെ മകളെ വിവാഹം ചെയ്തത്. മറ്റൊരു മകളെ വിവാഹം ചെയ്തത് സ്വന്തം സഹോദരീ പുത്രനായ സെയ്ദ് ഉമര്‍ ബാഫക്കി തങ്ങള്‍ ആയിരുന്നു. അദ്ദേഹം പിന്നീട് നാലുവട്ടം കേരള നിയമസഭയില്‍ അംഗമാകുകയും ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിനൊപ്പം പോകുകയും ചെയ്തു. ലീഗിന്റെ പാണക്കാട് വിധേയത്വത്തില്‍ അസംതൃപ്തിയുണ്ടായിരുന്ന നേതാവായിരുന്നു സെയ്ദ് ഉമര്‍ ബഫഖി. സെയ്ദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പാണക്കാട് ബാന്ധുത്വമാണ് ലീഗ് നേതൃത്വത്തെ ഒരര്‍ഥത്തില്‍ പാണക്കാട്ട് സുസ്ഥിരപ്പെടുത്തിയത്. 1973-ല്‍ ബാഫക്കി തങ്ങളും 1975 -ല്‍ പൂക്കോയ തങ്ങളും മരണപ്പെട്ടതോടെ രണ്ടുപേരുടെയും പാരമ്പര്യം അവകാശപ്പെടാവുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ സി എച്ച് മുഹമ്മദ്‌ കോയക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്മാരിലൂടെയാണ് ഇപ്പോള്‍ ആ അധികാരം കൈമറിഞ്ഞ് പൊയ്ക്കൊണ്ടിരിക്കുന്നത്. മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടുപോയതിനാല്‍ സഹോദരന്‍ ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയില്ല. ഇപ്പോള്‍ ഹൈദരാലി തങ്ങളെയും പിന്നിട്ട് അധികാരം സാദിഖലിയില്‍ എത്തിനില്‍ക്കുകയാണ്. 

സാദിഖലി പര്‍വ്വം 

സാദിഖലി ശിഹാബ് തങ്ങള്‍ എന്ന 57-കാരന്‍ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ ലീഗ് അധ്യക്ഷനാണ്. മൂത്ത സഹോദരന്മാരെപ്പോലെ വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നയാളല്ല സാദിഖലി. എസ് കെ എസ് എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും സംസ്ഥാന അധ്യക്ഷ പദവി നേരത്തെ വഹിച്ചിട്ടുള്ള സാദിഖലി, രാഷ്ട്രീയ കാര്യങ്ങളില്‍ ഉറച്ച ശബ്ദമുള്ളയാളാണ്. നേരത്തെ ഹരിത വിഷയത്തിലും മറ്റും ഇത് കണ്ടതുമാണ്. രാഷ്ട്രീയ അധികാരം കയ്യാളുമ്പോള്‍തന്നെ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാതിരിക്കുകയും മന്ത്രിപദമുള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് വരാതിരിക്കുകയും ചെയ്യുക എന്ന നിലപാടാണ് പാണക്കാട് തങ്ങന്മാര്‍ കൈകൊണ്ടത്. എന്നാല്‍ ബാഫഖികളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള തങ്ങന്മാരും എം എല്‍ എ അടക്കമുള്ള സ്ഥാനങ്ങളിലേക്ക് മടിയൊന്നും കൂടാതെ കടന്നുവന്നിട്ടുണ്ട്. സെയ്ദ് ഉമര്‍ ബാഫഖി തങ്ങളും ഇപ്പോഴത്തെ കോട്ടക്കല്‍ എം എല്‍ എ സെയ്ദ് ആബിദ് ഹുസൈന്‍ തങ്ങളുമൊക്കെ ഇതിന് ഉദാഹരണമാണ്. ഇതില്‍ രണ്ടാമത്തെ റോളിലേക്ക് സാദിഖലി പ്രവേശിക്കില്ല എന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ പതിഞ്ഞ ശബ്ദത്തില്‍, തങ്ങളുടെ അഭ്യൂദയാകാംക്ഷികള്‍ എന്ന് കരുതുന്നവര്‍ ചെവിയില്‍ പറയുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വാക്കുകളില്‍ സമ്മതം മൂളുന്ന ഒരാളായിരിക്കില്ല സാദിഖലി. ഇത് 1973- മുതല്‍ തുടരുന്ന ആത്മീയ മേമ്പൊടി ചേര്‍ത്ത, ജനാധിപത്യത്തിന്റെ മറവില്‍ ഫ്യൂഡല്‍ ബന്ധങ്ങള്‍ക്ക് ഊന്നലുള്ള ലീഗ് രാഷ്ട്രീയത്തെ ഏത് ദിശയിലേക്ക് നയിക്കും എന്ന് കാത്തിരുന്നു കാണണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 3 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More