യോഗീ വിജയകാലത്ത് ഐജാസ് അഹമദിനെ വായിക്കുമ്പോള്‍- കെ. ടി. കുഞ്ഞിക്കണ്ണന്‍

തൻ്റെ ജന്മദേശമായ ഉത്തർപ്രദേശുൾപ്പെടെ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടയിലാണ് ഐജാസ് അഹമ്മദിൻ്റെ മരണവാർത്ത നാമറിയുന്നത്. തൻ്റെ എൺപത്തിയൊന്നാം വയസിലാണെങ്കിലും ആ ധിഷണാശാലിയുടെ വിയോഗം വലിയ നഷ്ടബോധവും ദു:ഖവും സൃഷ്ടിക്കുന്നതായിരുന്നു. ലോകവും നമ്മുടെ രാജ്യവും അത്യന്തം അപകടകരമായ ഒരു ചരിത്ര സന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യരാശിയുടെ അതിജീവനയത്നങ്ങൾക്കും വിമോചന പ്രസ്ഥാനങ്ങൾക്കും ധൈഷണികമായ ആത്മവിശ്വാസം പകരുന്ന ചിന്തകന്മാരുടെ നഷ്ടം വലിയ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും അവർ നൽകിയ വീക്ഷണപരമായ ഉൾക്കാഴ്ചകൾ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

യോഗീ വിജയകാലത്ത് ഐജാസിനെ വായിക്കുമ്പോള്‍ 

ഇന്ത്യൻ ഫാസിസത്തിൻ്റെ സ്വഭാവ സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് ഹിന്ദുത്വമെന്ന ഭൂരിപക്ഷ മതമേധാവിത്വബോധത്തെ നിരന്തരം പുനരുല്പാദിച്ചുകൊണ്ടിരിക്കുന്ന അപരത്വ നിർമ്മിതിയിലാണതിൻ്റെ വളർച്ചയും അധികാര പ്രാപ്തിയുമെന്ന് വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയ മാർക്സിസ്റ്റ് ചിന്തകനായിരുന്നു ഐജാസ്. അദ്ദേഹത്തിൻ്റെ സൈദ്ധാന്തിക നിരീക്ഷണങ്ങളെ ശരിവെക്കുന്ന രീതിയിലാണ് അത്യന്തം ജനദ്രോഹനയങ്ങൾ അടിച്ചേല്പിച്ചിട്ടും യു പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുത്വവാദികൾക്ക് തെരഞ്ഞെടുപ്പിൽ തുർച്ചയായ വിജയമുണ്ടായത്. ദിമിത്രോവ് ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ജനാധിപത്യവാദികളെയും മാർക്സിസ്റ്റുകളെയും ഉൽകണ്ഠപ്പെടുത്തുന്നത് ഫാസിസ്റ്റുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുജന പിന്തുണയും ജനാധിപത്യത്തിൻ്റെ വഴികളിലൂടെ തന്നെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന അവരുടെ അധികാരത്തിലേക്കുള്ള കടന്നുവരവുമാണ്.

അവരുടെ ആശയാധീശത്വത്തെയും അതിനാവശ്യമായ രീതിയിൽ അവർ നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും നിരന്തരമായ അപനിർമ്മാണങ്ങളെയും അതിനെ അതിജീവിക്കാനാവശ്യമായ രീതിയിൽ ജനാധിപത്യവാദികൾ നടത്തേണ്ട പ്രത്യധീശത്വ ബോധനിർമ്മിതിക്കാവശ്യമായ ഇടപെലുകളെയുമെല്ലാം സംബന്ധിച്ച ഐജാസിൻ്റെ സൈദ്ധാന്തിക നിരീക്ഷണങ്ങൾ വളരെ പ്രസക്തമാകുന്ന സന്ദർഭമാണിത്. കടുത്ത മുസ്ലിം വിരുദ്ധതയുടെയും ദളിത് പിന്നോക്ക വിരോധത്തിൻ്റെയും പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വത്തിൻ്റേതെന്ന് അതിൻ്റെ പാരമ്പര്യത്തിലെയും സംസ്കാരത്തിലെയും ആഭ്യന്തര ഉറവകളെ അപഗ്രഥിച്ചുകൊണ്ട് ഐജാസ് നടത്തുന്ന നിരീക്ഷണങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്നതാണ് വർത്തമാന ഇന്ത്യയിലെ സംഭവഗതികളോരോന്നും. മോദിഭരണത്തിന് കീഴിലെ ഇന്ത്യയുടെ ദൈനംദിനാനുഭവങ്ങളിലൂടെത്തന്നെ ഇപ്പോൾ നമ്മൾ കൂടുതൽ കൂടുതല്‍ അത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. 

ഐജാസ്: ഗർഭാവസ്ഥയിലുള്ള ഇന്ത്യൻ ഫാസിസത്തെ കണ്ടെത്തിയ ചിന്തകന്‍ 

ഒരു പക്ഷെ, മാർക്സിസ്റ്റ് സൈദ്ധാന്തിക നിലപാടുകളിൽ നിന്ന് ഹിന്ദുത്വ ആശയത്തിൻ്റെ സ്വഭാവസവിശേഷതകളെ വിശകലന വിധേയമാക്കുകയും ഗർഭാവസ്ഥയിലുള്ള ഇന്ത്യൻ ഫാസിസത്തിൻ്റെ ഭീഷണികളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത ആദ്യ പണ്ഡിതനാണ് ഐജാസ്. 1980-കളിൽ ആഗോള ഫൈനാൻസ് മൂലധനത്തിൻ്റെ പിന്തുണയോടെ ശക്തിപ്രാപിച്ചു തുടങ്ങിയ ഹിന്ദുത്വപ്രവണതയെ ഇറ്റലിയിലെ ഫാസിസവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു. ജർമനിപോലെ വികസിതമല്ലാത്ത മുതലാളിത്തം നിലനിന്നിരുന്ന ഇറ്റലിയിൽ ഫാസിസം വളർന്നുവന്നതിൻ്റെ സാഹചര്യത്തെ പരിശോധിച്ചുകൊണ്ട് ഇന്ത്യയിലും ഹിന്ദുത്വപ്രവണത ഫാസിസ്റ്റ് രാഷ്ടീയാധികാരമായി രൂപാന്തരപ്പെടാനുള്ള ചരിത്രപരമായ സാധ്യതകളെ അദ്ദേഹം വിശദീകരിച്ചു. ഇറ്റലിയിൽ ഫാസിസം വികസിക്കുന്നതിലേക്ക് നയിച്ച സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങൾ ഇന്ത്യയിൽ നിലനില്ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകർച്ചയിലേക്ക് എത്തിയ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ഹിന്ദുത്വമുയർത്തുന്ന ഭീഷണമായ പ്രവണതകൾ ഫാസിസമായി വികസിക്കാനുള്ള സാധ്യതകളെ അദ്ദേഹം എടുത്തു കാട്ടി.

ക്ലാസിക്കൽ ഫാസിസം വളർന്നുവന്ന സാഹചര്യങ്ങളിൽ (ജർമനി) നിന്ന് വ്യത്യസ്തമായി ഇറ്റാലിയൻ സാഹചര്യങ്ങളെ വിശകലന വിധേയമാക്കിയും ഇന്ത്യൻ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തും ഹിന്ദുത്വ പ്രവണതയിലന്തർ ഹിതമായി കിടക്കുന്ന ഫാസിസം ഇന്ത്യൻ രാഷ്ട്രത്തെ കീഴ്പ്പെടുത്താനുള്ള സാധ്യതകളെ എടുത്ത് കാണിക്കുകയാണദ്ദേഹം ചെയ്തത്. ഗ്രാംഷിയൻ വിശകലനങ്ങളെ ആധാരമാക്കിക്കൊണ്ട് ഹിന്ദുത്വഭീഷണിയെയും അതിൻ്റെ ഫാസിസ്റ്റ് പരിണാമസാധ്യതകളെയും ഐജാസ് വിശദീകരിച്ചു. ദേശീയ ജീവിതത്തിൻ്റെ അനേക തലങ്ങളിൽ സംഭവിക്കുന്ന രോഗാതുരതയിൽ നിന്നും എങ്ങനെയാണ് ഫാസിസം ശക്തി സംഭരിക്കുന്നതെന്ന്, ഇറ്റാലിയൻ സാഹചര്യത്തെ കുറിച്ചുള്ള ഗ്രാംഷിയൻ അന്വേഷണങ്ങളുടെ മാതൃകയിൽ, ഹിന്ദുത്വ ദേശീയതയുടെ വളർച്ചയുടെ ചരിത്ര അനുഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഐജാസ് യുക്തിഭദ്രമായി തന്നെ അവലോകനം ചെയ്ത് സമർത്ഥിക്കുന്നുണ്ട്. ചില ചരിത്ര യാഥാർത്ഥ്യങ്ങളുടെ ഉല്പന്നമാണ് രോഗാതുരമായ ദേശീയത, പിന്നീടതെല്ലാം കൂടി ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഘനീഭവിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വഫാസിസത്തിൻ്റെ സങ്കീർണ്ണമായ രൂപാന്തര പ്രക്രിയയെയും അതിനായി അതു സ്വീകരിക്കുന്ന വൈവിധ്യങ്ങളെ ഉൾചേർക്കുന്ന സോഷ്യൽ എഞ്ചിനിയറിംഗിനെയും അതിനു പിറകിലുള്ള മൂലധന താല്പര്യങ്ങളെയും സാമ്പത്തിക ശക്തികളെയും എല്ലാം സംബന്ധിച്ച ജ്ഞാനമാണുണ്ടാവേണ്ടത്. ഹിന്ദുത്വത്തെ അതിൻ്റെ മൂലധന ബന്ധങ്ങളിലും സവിശേഷമായ സാംസ്കാരിക സ്വഭാവങ്ങളിലും മനസിലാക്കിയാലേ സമഗ്രമായൊരു പ്രതിരോധ സമീപനം വികസിപ്പിക്കാനാവൂ.

നമ്മുടെ കാലത്തെ മുതലാളിത്തത്തിൻ്റെ സാംസ്കാരികയുക്തികളെയും പ്രതിലോമപരമായ പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളെയും നിശിതമായ അപഗ്രഥനങ്ങളിലൂടെ തുറന്നു കാട്ടിയ മാർക്സിസ്റ്റ് ബുദ്ധിജീവിയെന്ന നിലയിലാണ് ഐജാസ് ശ്രദ്ധേയനാവുന്നത്. മൂന്നാംലോക ദേശീയതകൾ എന്ന് വിവക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ രാഷ്ട്രീയ പരിസരത്തെയും കൊളോണിയൽ നിർമ്മിതങ്ങളായ ആശയങ്ങളെയും സംസ്കാരങ്ങളെയും സംബന്ധിച്ച സവിശേഷ താല്പര്യത്തോടെയുള്ള വിമർശനാത്മക പഠനങ്ങൾ അദ്ദേഹം നടത്തി. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സമത്വാശയങ്ങൾക്കുമെതിരെ ഉയർന്നുവരുന്ന പ്രതിലോമപരമായ എല്ലാ പ്രത്യയശാസ്ത്ര നിർമ്മിതികളെയും അദ്ദേഹം നിശിതമായി തന്നെ വിമർശനവിധേയമാക്കി. 

സൈദ്ധാന്തിക ജാഗ്രത; ഇടപെടലുകള്‍ 

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെ സൂക്ഷ്മതലങ്ങളിൽ പോലും വളർന്നു വരുന്ന ഭീഷണികളെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനുമുള്ള സൈദ്ധാന്തിക ജാഗ്രതയായിരുന്നു അദ്ദേഹത്തിൻ്റെ ലേഖനങ്ങളിലും പുസ്തകങ്ങളിലും തിളച്ചുനിന്നിരുന്നത്.ആ ദിശയിൽ കൊളോണിയലിസത്തെയും ഫാസിസത്തെയുമെല്ലാം ആ ധിഷണാശാലി സൈദ്ധാന്തികമായി വിശകലനം ചെയ്തു. ഫ്രെഡറിക് ജെയിംസൻ്റെയും എഡ്വേർഡ് സെയ്ദിൻ്റെയും നിരീക്ഷണങ്ങളെ വിമർശന വിധേയമാക്കി കൊണ്ടുള്ള അദ്ദേഹത്തിൻ്റെ പ്രബന്ധസമാഹരമായ In Theory: classes, Nations, Lilteratures എന്ന കൃതി വളരെ വിഖ്യാതമാണ്. സോവ്യറ്റ് യൂണിയൻ്റെ തകർച്ചക്കു ശേഷം ചർച്ച ചെയ്യപ്പെട്ട മാർക്സിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ഭാവിയെയും സംബന്ധിച്ച ശുഭാപ്തി വിശ്വാസവും പകർന്ന ധൈഷണിക ഇടപെടലുകളാണ് ഐജാസ് നടത്തിയത്. ചിന്താപരമായ അവ്യവസ്ഥകളും അരാജകത്വവും പടർത്തിയ ഉത്തരാധുനികതയും പോസ്റ്റ് മാർക്സിസ്റ്റ് ചിന്തകളെയും അദ്ദേഹം നിശിതമായി തന്നെ വിമർശിച്ചു.അത്തരം ദർശന പദ്ധതികൾക്ക് പിറകിലൊളിഞ്ഞു കിടക്കുന്ന പ്രതിലോമപരമായ ദൗത്യങ്ങളെ തുറന്നു കാട്ടി. തൊഴിലാളി വർഗരാഷ്ടീയത്തെയും ജനാധിപത്യ ദേശീയതകളെയും ലക്ഷ്യം വെക്കുന്ന സ്വത്വരാഷ്ടീയത്തിൻ്റെയും ഉത്തരാധുനികതയുടെയും അപകടങ്ങളെയും അതിന് പിറകിലെ മൂലധന താല്പര്യങ്ങളെയും അദ്ദേഹം നിശിതമായി വിമർശന വിധേയമാക്കി.

ഇന്ത്യയുടെ സമകാലീന രാഷ്ട്രീയത്തെയും ആഗോളവൽക്കരണത്തെയും വിശകലനം ചെയ്തുകൊണ്ട് ഐജാസ് എഴുതിയിട്ടുള്ള ലേഖനങ്ങൾ മാർക്സിസ്റ്റു രാഷ്ട്രീയ പ്രവർത്തകർക്ക് വളരെയധികം വീക്ഷണപരമായ തെളിച്ചം പകർന്നുനൽകുന്നതായിരുന്നു. ഹിന്ദുത്വഫാസിസത്തെയും അത് ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രഘടനയിലും ഭീഷണമാംവിധം സ്വാധീനമുറപ്പിക്കുന്നതിനെ കുറിച്ചുമുള്ള നിരവധി സൈദ്ധാന്തിക ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഹിന്ദുത്വത്തിൻ്റെ ചരിത്രത്തിലെയും പാരമ്പര്യത്തിലെയും ഉറവകളെയും അതിൻ്റെ സാർവ്വദേശീയ ബന്ധങ്ങളെയും അനാവരണം ചെയ്യുന്നതും നിശിതമായി വിമർശന വിധേയമാക്കുന്നതുമായ നിരവധി പഠനങ്ങൾ ആ മഹാനായ മാർക്സിസ്റ്റ്  വിമോചന ചിന്തകളിലും പ്രവർത്തനങ്ങളിലും എന്നും നമുക്ക് വഴികാട്ടുന്ന നക്ഷത്രമായി ജ്വലിച്ചു നില്ക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More