പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

പ്രേക്ഷകമലയാളിയെ വികസനത്തിന്റെ അതിവേഗ മേഘസഞ്ചാരങ്ങളില്‍നിന്ന് താഴെ മണ്ണിലേക്ക് ഇറക്കി നിര്‍ത്തി ജീവിതത്തിന്റെ വാസ്തവം അനുഭവിപ്പിക്കുകയാണ് സംവിധായകന്‍ കമല്‍ കെ എമ്മും കൂട്ടുകാരും. 'മഹത്തായ ജനാധിപത്യ'ത്തിന്റെ മൂടിവെയ്ക്കപ്പെട്ട നൃശംസതകളിലേക്കും ഹിംസകളിലേക്കും' കാഴ്ചയെ വലിച്ചടുപ്പിക്കുന്നു. നമ്മുടെ എന്നത്തേയും അടിസ്ഥാനപ്രശ്നം മണ്ണാണ്. മണ്ണില്‍ അദ്ധ്വാനിക്കുന്നവന് മണ്ണ് സ്വന്തമാവുക എന്ന സ്വപ്നത്തില്‍ കിളുര്‍ത്തു പൊന്തിയതാണ് എല്ലാ വിപ്ലവപതാകകളും. സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടും കേരള രൂപീകരണത്തിന്റെ ആറരപ്പതിറ്റാണ്ടും പിന്നിടുമ്പോള്‍ ആ സ്വപ്നം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഭൂപരിഷ്കരണ നിയമത്തിന് തുടര്‍ച്ചകളുണ്ടായില്ല. ഒരു ഭാഗത്ത് ഭൂരഹിതരുടെ നിര നീളുമ്പോള്‍ മറുവശത്ത് ഭൂമിയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ നിരയും നീളുന്നു.

ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു. പക്ഷേ, ആ നിയമം പ്രയോഗത്തിലെത്തിയില്ല. കയ്യേറ്റവും പിടിച്ചുപറിയും തുടര്‍ന്നു. 1975-ലെ ട്രൈബല്‍ ലാന്റ് ആക്റ്റ്  മറികടന്ന് കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് 1996-ലെ ഭേദഗതി കൊണ്ടുവന്നത്. ആദിവാസികളുടെ ഭൂമി അവര്‍ക്കു തിരിച്ചുനല്‍കിയില്ല. ഇത് അനവധി പ്രക്ഷോഭങ്ങളിലേക്ക് കേരളത്തെ നയിച്ചു. മുത്തങ്ങയും ചെങ്ങറയും അരിപ്പയും കടന്ന് തൊവരിമലയിലും ഇപ്പോള്‍ പ്രക്ഷോഭം തുടരുകയാണ്. ഇതിനെല്ലാം തുടക്കമിട്ട 1996-ലെ നിയമ ഭേദഗതിക്കെതിരെ അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ ബന്ധിയാക്കി നടത്തിയ പ്രക്ഷോഭമാണ് 'പട'യുടെ പ്രമേയം.

കാല്‍ നൂറ്റാണ്ടിന്റെ കേരള വികസനക്കുതിപ്പ് ആദിവാസികളുടെയും ദളിതരുടെയും തോട്ടം തൊഴിലാളികളുടെയും ഭൂരഹിതരുടെയും പ്രശ്നം പരിഹരിച്ചില്ല. അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി തോട്ടം ഉടമകള്‍ കൈവശം വെച്ചിരിക്കുമ്പോഴും മിച്ചഭൂമി കാണാതെ കണ്ണുകെട്ടിക്കളി തുടരുകയാണ് സര്‍ക്കാര്‍. 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും' എന്നു പാടിയ പ്രസ്ഥാനങ്ങള്‍ മധ്യവര്‍ഗ തൃപ്തിയില്‍ മയങ്ങുകയാണ്. അപ്പോഴും നീതിക്കുവേണ്ടി ഒറ്റയൊറ്റ സമരങ്ങള്‍ പൊന്തിവന്നു. ചട്ടപ്പടി സമരങ്ങളുടെ പൊലിമയിലല്ലെങ്കിലും അവയും ചരിത്രത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് 'പട' എന്ന സിനിമയുടെ പ്രവര്‍ത്തകര്‍. ഒപ്പം ആ മുദ്രാവാക്യം വീണ്ടും കേരളീയ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തി നാട്ടി നിങ്ങള്‍ക്കെന്ത് പറയാനുണ്ട് എന്നു സമകാലിക കേരളത്തെ വിചാരണ ചെയ്യുകയുമാണവര്‍.

ആക്റ്റിവിസം കലയും കല ആക്റ്റിവിസവും ആയി മാറുന്നതെങ്ങനെയെന്ന് പട കാണിച്ചു തരുന്നു. ക്യാമറയുടെ അത്യസാധാരണമായ സഞ്ചാരം കാഴ്ചയെ രാഷ്ട്രീയ പ്രയോഗമാക്കി പരിവര്‍ത്തിപ്പിക്കുന്നു. പ്രധാന കഥാപാത്രങ്ങളെല്ലാം ചലനാത്മകമായ ഒരു വ്യവഹാര ചക്രത്തില്‍ തികച്ചും സ്വാഭാവികമായി പ്രത്യക്ഷപ്പെടുന്നു. സമരത്തിന്റെ അച്ചടക്കവും അതു കുടുംബ സൂക്ഷ്മത്തിലേക്കും ഭരണകൂട വിതാനങ്ങളിലേക്കും വ്യാപരിപ്പിക്കുന്ന രീതിഭേദവും ശ്രദ്ധേയമാണ്. നടീനടന്മാരെല്ലാം ഓരോരുത്തരുടെ പങ്കും കൃത്യതയോടെ നിര്‍വ്വഹിച്ചിരിക്കുന്നു. തൊവരിമലയിലെ സമരം കാണാത്തവര്‍ക്ക് സിനിമയുടെ കലാഭംഗിയെപ്പറ്റി പ്രബന്ധമെഴുതാം. ഭൂനിയമത്തിന് എന്തിനാണ് പുതിയ തുടര്‍ച്ചകള്‍ എന്നു ആശ്ചര്യപ്പെടുന്നവര്‍ക്കും ഈ സിനിമയുടെ സൗന്ദര്യത്തെ വാഴ്ത്താം. കമലും സഹപ്രവര്‍ത്തകരും നടത്തിയ വലിയൊരു പ്രക്ഷോഭത്തെ മനോഹരമായ ദൃശ്യവിരുന്നെന്ന് വാഴ്ത്തി അതിന്റെ തീമുനകള്‍ ഒടിച്ചുകളയാന്‍ എളുപ്പമാവും. എന്നാല്‍ സിനിമ ഉന്നയിക്കുന്ന പ്രശ്നത്തെ കലയിലും രാഷ്ട്രീയത്തിലും വെല്ലുവിളിയായി കാണാന്‍ പ്രാപ്തിയുള്ള ആരെങ്കിലും കാണുമോ?

പട ഒരു പടപ്പുറപ്പാടാണ്. വെറും നൂലുണ്ടയും കളിത്തോക്കും ഉപയോഗിച്ച് ഭരണകൂടത്തെ സ്തംഭിപ്പിച്ച രാഷ്ട്രീയത്തെ കലയുടെ മാത്രമായ രസസൂത്രത്തിലൂടെ പുറത്തുവിടുകയാണ്. പട അതിമനോഹരമായ സിനിമയാണ്.  ഏറ്റവും ശക്തമായ സമകാലിക രാഷ്ട്രീയ ചലച്ചിത്രമാണ്. മറ്റൊരു വിതാനത്തിലേക്ക് ആളി നില്‍ക്കുന്ന അടിസ്ഥാന ജീവിതങ്ങളുടെ പൊള്ളിക്കുന്ന അനുഭവമാണ്. കലയും വാസ്തവവും എങ്ങനെ ഒന്നായിത്തീരുന്നുവെന്ന് പട അത്ഭുതപ്പെടുത്തുന്നു. കമലിനും സംഘത്തിനും അഭിവാദ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Recent Posts

Web Desk 4 months ago
Reviews

ഈ സംവിധായകനിലേക്ക് ലോകം പ്രതീക്ഷയോടെ നോക്കും; കാതല്‍ റിവ്യു | ആസാദ് മലയാറ്റില്‍

More
More
Dr. Azad 1 year ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Reviews

'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

More
More
Web Desk 2 years ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More