വിമോചന ദൈവശാസ്ത്രം പരാജയപ്പെട്ടതെന്തുകൊണ്ട്- സിവിക് ചന്ദ്രന്‍

വിമോചന ദൈവശാസ്ത്രം എന്തുകൊണ്ടാവാം പരാജയപ്പെട്ടത് ?   

ഈ ചോദ്യത്തിനു നേരിട്ടുത്തരമായി ഒരു കഥ പറയാറുണ്ട്. വിമോചന ദൈവശാസ്ത്രത്തിൻ്റെ വക്താവായ ബിഷപ്പ് പൗലോസ് മാർ പൗലോസും ഇടതുപക്ഷത്തിൻ്റെ വക്താവായ ഇ എം എസ് നമ്പൂതിരിപ്പാടുമാണ് കഥയിലെ കഥാപാത്രങ്ങൾ. ഒരിക്കൽ ഇ എം എസ് ബിഷപ്പിന് ഒരു കൂടിക്കാഴ്ചക്കിടയിൽ ദാസ് കാപ്പിറ്റലിൻ്റെ പ്രതി സമ്മാനിച്ചത്രേ! തിരിച്ചെന്താവാം ബിഷപ്പ് ഇ എം എസിന് നല്കിയിരിക്കുക? കഥയിൽ അതിനുത്തരമില്ല. കാര്യത്തിലോ? എന്താണ് ബിഷപ്പ് ഇ എം എസിന് തിരിച്ച് നൽകേണ്ടിയിരുന്നത്? ബൈബിളല്ലാതെ മറ്റെന്ത് ?മതം രാഷ്ടീയവൽക്കരിക്കപ്പെട്ടാൽ മാത്രം പോരല്ലോ, രാഷ്ട്രീയം ആത്മീയവൽക്കരിക്കപ്പെടുകയും വേണം. മതം രാഷ്ടീയത്തേയും ചിലത് തിരിച്ച് പഠിപ്പിക്കണമല്ലോ. സാമൂഹ്യ ജാഗ്രതയില്ലാത്ത മതം പോലെത്തന്നെ കുറ്റകൃത്യമാണ് ആത്മീയമല്ലാത്ത, നൈതികമല്ലാത്ത രാഷ്ട്രീയവും.

മതത്തെ രാഷ്ട്രീയം പഠിപ്പിക്കട്ടെ. രാഷ്ടീയത്തെ ആര് പഠിപ്പിക്കും?

മതത്തിനും രാഷ്ടീയത്തിനും സമൂഹത്തിൽ ഒരേ പോലെ ഉത്തരവാദിത്തങ്ങളുണ്ട്. 'എൻ്റെ മതമാണെന്റെ രാഷ്ടീയം, എൻ്റെ രാഷ്ട്രീയം എൻ്റെ മതവും' എന്ന ഗാന്ധിയൻ ഡയലക്റ്റിക്സ് പൗലോസ് മാർ പൗലോസ് ഉദ്ധരിക്കാറുമുണ്ടായിരുന്നു. മതമില്ലാത്ത സമൂഹങ്ങൾ എന്ന് സ്കാന്റിനേവിയൻ രാജ്യങ്ങളെ വിളിക്കുന്നത് അത്ര കൃത്യമല്ല. മതത്തെ, ആത്മീയതയെ ആന്തരവൽക്കരിച്ച സമൂഹത്തിൽ മതം പ്രത്യേകം നിലനിൽക്കേണ്ടതില്ലല്ലോ. ഇത് രാഷ്ട്രീയത്തിനും ബാധകമാണ്. അരാഷ്ടീയവൽക്കരിക്കപ്പെട്ട സമൂഹമാണ് രാഷ്ടീയത്തിൻ്റെ പൊള്ള ചെണ്ടകൾ കൂടുതൽ ഉച്ചത്തില്‍ മുഴക്കുക. കേരളം ഒരുദാഹരണം. സ്വന്തം വിശ്വാസീസമൂഹത്തേക്കാൾ ഇടതുപക്ഷ വേദികളിലാണ് വിമോചന ദൈവശാസ്ത്രക്കാർ സംസാരിച്ചത്. ആ വേദികളാവട്ടെ, രാഷ്ടീയത്തിലൊരു മൂല്യപരമായ നവീകരണം സംഭവിപ്പിക്കാനല്ല ഉപയോഗിക്കപ്പെട്ടതുതാനും. മറിച്ച് മതവിമർശനത്തിൻ്റെ അമ്ലത്തമാണ് മതേതര സദസുകളിലെ കൈയ്യടികളായുയർന്നത്. ഒരിക്കലുമവർ സ്വയം വിമർശനത്തിന് പ്രകോപിതരായില്ല. രണ്ടു വിധത്തിലാണിവിടെ വിമോചന ദൈവശാസ്ത്രം പരാജയപ്പെട്ടത്. വിശ്വാസികളോടു സംസാരിക്കേണ്ട സമയം നഷ്ടപ്പെടുത്തിയെന്നത് മാത്രമല്ല, മതേതര- ഇടതുപക്ഷ സദസ്സുകളോട് സംസാരിക്കാൻ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതുമില്ല.

ആവശ്യത്തിലധികമായ ഇടതുപക്ഷ സൗഹൃദമാണ് വിമോചന ദൈവശാസ്ത്രത്തെ പരാജയപ്പെടുത്തിയതെന്നാണോ പറഞ്ഞുവരുന്നത് ?

അതെ, പുറത്തു നിന്നു മാത്രമല്ല, അകത്തു നിന്നും. തങ്ങൾക്കു ലഭിക്കുന്ന ഇടതുപക്ഷ ഇമേജും ഇടതുപക്ഷക്കാർക്കിടയിലെ സ്വീകാര്യതയും വിമോചന ശാസ്ത്രകാരന്മാരെ വല്ലാതെ പ്രലോഭിപ്പിച്ചിരുന്നു. വിമോചന ദൈവശാസ്ത്രത്തിനാവട്ടെ, സിസ്റ്റർമാരായ ഫിലമൻമേരിയും ആലിസും മററും മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാക്കിയ അടിത്തറ വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ഭാരതീയമായ ഒരു പ്രതി സംസ്കൃതിക്കുവേണ്ടി  കൂടുതലാഴത്തിൽ കാപ്പനച്ചൻ നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോവേണ്ടിയിരുന്നു. ദൈവശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ സാഹിത്യകൃതികൾ വായിക്കാനായി ഡോ. എo എം  തോമസ് തുടങ്ങിവെച്ച ശ്രമങ്ങൾ തുടരേണ്ടിയിരുന്നു. മാർക്സിസത്തെ നന്നായി പിന്തുടർന്നിട്ടുണ്ടെങ്കിലും ഗാന്ധിജിയേയോ ശ്രീനാരായണ ഗുരുവിനേയോ താൻ കാര്യമായി വായിച്ചിട്ടില്ലെന്ന പൗലോസ് മാർ പൗലോസിൻ്റെ ഏറ്റുപറച്ചിലിനെ ഗൗരവമായെടുക്കേണ്ടതുണ്ടായിരുന്നു.

ഗാന്ധിജിയെ പഠിക്കാതെ എന്ത്‌ ഇന്ത്യ? ശ്രീനാരായണനെ പഠിക്കാതന്ത് കേരളം?

ഗാന്ധിജിയെ പഠിക്കാതെ എന്തിന്ത്യ? ശ്രീനാരായണനെ പഠിക്കാതെങ്ങനെ കേരളത്തെ അഭിസംബോധന ചെയ്യും? ഈ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് വിമോചന ദൈവശാസ്ത്രത്തെ സമകാലികവും സർഗാത്മകവും ഭാരതീയവും കേരളീയവുമാക്കേണ്ട സമയത്താണ് ക്രിസ്തുവിനെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു നാടക വിവാദത്തിൻ്റെ ചതിക്കുഴി ഒരുങ്ങുന്നത്. ചർച്ച്യാനിറ്റിയിൽ നിന്ന് ക്രിസ്ത്യാനിറ്റിയിലേക്ക്, പള്ളിമതത്തിൻ്റെ ധൃതരാഷ്ട്രാലിംഗത്തിൽ നിന്ന് സാക്ഷാൽ ക്രിസ്തുവിനെ മോചിപ്പിക്കാനായിരുന്നല്ലോ വിമോചന ദൈവശാസ്ത്രം ശ്രമിച്ചുകൊണ്ടിരുന്നത്.'ആത്മീയാന്വേഷണങ്ങളുടെ, സാമൂഹ്യസംഘർഷങ്ങളുടെ ഉറവിടങ്ങളിൽനിന്ന് സാക്ഷാൽ യേശുവിനെ വീണ്ടെടുക്കുക.' ഈ സമയത്താണ് 'ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ്' വരുന്നതും ക്രിസ്താനികൾ അപകടത്തിൽ എന്ന ആശങ്ക പെരുപ്പിച്ചെടുത്ത് വിശ്വാസിസമൂഹം തെരുവിലിറക്കപ്പെടുന്നതും. തെരുവിലിറങ്ങിയവരോ അവരെ ഇറക്കിയവരോ വിവാദമായ നാടകം കണ്ടിരുന്നില്ല. പള്ളിയേയും പട്ടക്കാരേയും പ്രകോപിപ്പിച്ച നാടകമെന്ന നിലയിൽ പിന്താങ്ങിയവരും നാടകമെന്തെന്നറിഞ്ഞിരുന്നില്ല. അതൊരു അവിശ്വാസി നാടകമായിരുന്നു. നിരീശ്വരവാദിയുടെ, യുക്തിവാദിയുടെ പക്ഷത്തുനിന്നുള്ളത്. ബറാബസിനേയും യൂദാസിനേയും വെള്ളപൂശുകയും ക്രിസ്തുവിനെ ഒറ്റുകാരനെന്ന് വിളിക്കുകയും ചെയ്യുന്ന കലാസൃഷ്ടി. അത്തരമൊരു നാടകവും അവതരിപ്പിക്കപ്പെടാം. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ അവരുടെകൂടെ നിൽക്കുയും വേണം,പക്ഷേ അത് നിരുപാധികമായിരിക്കരുത്. പള്ളിമണികൾ മുഴങ്ങുന്നതാർക്കുവേണ്ടി എന്ന് ചോദിക്കുക തന്നെ വേണം. എന്നാൽ ആ നാടകത്തിൻ്റെ രാഷ്ട്രീയത്തെ വിമർശിക്കുകയും ചെയ്യേണ്ടിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം നിന്നുകൊണ്ടുതന്നെ, സ്വന്തം നിലപാടുയർത്തിപ്പിടിക്കാൻ വിമോചന ദൈവശാസ്ത്രത്തിന് കഴിയേണ്ടതായിരുന്നു. വിമോചന ദൈവശാസ്ത്രo, അതിൻ്റെ കേരളീയ ചരിത്രത്തിലെ ആദ്യ പരീക്ഷണത്തിൽ തന്നെ കാലിടറി. അങ്ങനെയത് സ്വയം പരാജയപ്പെടുത്തുകയും ചെയ്തു. പിന്നീട് ക്രിസ്ത്യൻ വിമോചനശാസ്ത്രം സജീവമായി കേരളീയ സമൂഹത്തിലുണ്ടായിട്ടില്ല. ആയിരങ്ങളുടെ ഹല്ലേലുയ മുഴങ്ങുന്ന ധ്യാനകേന്ദ്രങ്ങൾ പിന്നീടാണുയർന്നത്. ക്രിസംഘികൾക്ക് ആധിപത്യം കിട്ടാവുന്ന വിധം ക്രിസ്തീയ പള്ളിസഭയുടെ വലതുപക്ഷവത്ക്കരണം ഇതിന്നിടെ ഏതാണ്ട് പൂർത്തിയാവുകയും ചെയ്തു 

വിമോചന ദൈവശാസ്ത്രം എന്താണവശേഷിപ്പിച്ചത്?

വിജയിച്ച പല പ്രസ്ഥാനങ്ങളേക്കാൾ തോറ്റവ ചിലതവശേഷിപ്പിക്കുന്നതുകൂടെയാണ് ചരിത്രം. ആ നിലയിൽ അതിക്രമങ്ങൾക്കും അപമാനങ്ങൾക്കുമെതിരെ ചെറുത്തുനില്ക്കുന്ന കന്യാസ്ത്രീകൾ വിമോചന ദൈവശാസ്ത്രത്തിൻ്റെ തുടർച്ചയാണെന്നുപറയാം. കാപ്പനച്ചൻ്റെ ദൈവശാസ്ത്രത്തിൽ കറുപ്പ്- പച്ച ദൈവശാസ്ത്രങ്ങൾ കൂട്ടിച്ചേർക്കുന്ന ബിഷപ്പ് കൂറിലോസ് നേരിട്ടുതന്നെ അക്കാലത്തിൻ്റെ തുടർച്ച! സവിശേഷമായൊരു ധ്യാനഭാഷയിൽ സുവിശേഷങ്ങൾ സദസ്സിനു മുമ്പിൽ അവതരിപ്പിക്കുന്ന ബോബിജോസ് കപ്പൂച്ചിനും മറ്റാര്? നവസാമൂഹ്യപ്രസ്ഥാനങ്ങളുടെയെല്ലാം കൂടെ വിമോചന ദൈവശാസ്ത്രത്തിൻ്റെ വക്താക്കളുമുണ്ട്. സാഹിത്യത്തിലും കലയിലും സംസ്കാരിക രാഷ്ടീയത്തിലുമെല്ലാം പ്രത്യക്ഷമായിത്തന്നെ (പലപ്പോഴും അല്ലാതെയും) വിമോചന ദൈവശാസ്ത്രം പ്രവർത്തിക്കുന്നതും നമുക്ക് കാണാനാവും. എങ്കിലും തങ്ങൾക്കു ലഭിച്ച ചരിത്രത്തിലെ ഊഴം ഫലപ്രദമായി ഉപയോഗിക്കാനാവാത്തതിൻ്റെ പേരിലുള്ള അളക്കലുകളും ചൊരിയലുകളും വിമോചന ദൈവശാസ്ത്ര വൃത്തങ്ങളിൽ വൈകിപ്പോയെങ്കിലും  സജീവമാകേണ്ടതുമുണ്ട്...

മതം സംസ്കാരം ആത്മീയത- വർത്തമാനവും ഭാവിയും എന്ന വരാനിരിക്കുന്ന പുസ്തകത്തിനുവേണ്ടി എഴുതിയത്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Civic Chandran

Recent Posts

Sufad Subaida 3 weeks ago
Views

ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

More
More
Views

എ കെ ആന്‍റണിയുടെ ചോദ്യത്തില്‍ സതീഷസുധാരകരാദികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 1 month ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 1 month ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More