ഇടുക്കി: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ത്താല്‍ സുധാകരന്‍റെ നെഞ്ചത്തുകൂടെ ട്രെയിന്‍ ഓടിക്കുമെന്നാണ് സി വി വര്‍ഗീസിന്‍റെ ഭീഷണി. അതിവേഗ റെയില്‍ നടപ്പിലാക്കുവാനായി ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ രാജ്യത്ത് നിന്നും പിഴുതെറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തുമെന്നും വര്‍ഗീസ് പറഞ്ഞു.
അതിവേഗ റെയില്‍ ഓടിച്ചാണ് വരുന്ന തെരഞ്ഞെടുപ്പിനെ സിപിഎം നേരിടുക. സില്‍വര്‍ ലൈന്‍ നടപ്പായാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 4 മണിക്കൂര്‍ സമയമാണ് യാത്രക്ക് ആവശ്യമായി വരിക. ഈ പദ്ധതിക്കെതിരെയാണ് സുധാകരന്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. കല്ലുകള്‍ പിഴുത് എറിയുമെന്ന് പറയുന്നത്. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണ് - സി വി വര്‍ഗീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനും മുന്‍പും സുധാകരനെതിരെ സി വി വര്‍ഗീസ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. സിപിഎം കൊടുത്ത ഭിക്ഷയാണ് സുധാകരന്‍റെ ജീവിതമെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും പറഞ്ഞത് വിവാദമായിരുന്നു. സിപിഎമ്മിന്‍റെ കരുത്തിനെക്കുറിച്ച് കോണ്‍ഗ്രസിന് ധാരണയുണ്ടായിരിക്കണമെന്നും സി വി വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.