ശ്രീലങ്കയില്‍നിന്നും പഠിക്കാന്‍ കേരളത്തിനും പാഠങ്ങളുണ്ട്

ഒരു പാൽചായക്ക് 100 രൂപ നല്‍കേണ്ടിവരുന്ന, ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള പേപ്പറും മഷിയും ഇല്ലാത്തതുകൊണ്ട് പരീക്ഷകള്‍ മാറ്റിവെക്കേണ്ടിവരുന്ന, ഇന്ധനകേന്ദ്രങ്ങളിൽ എണ്ണകിട്ടാൻ തിക്കിത്തിരക്കി ആളുകൾ മരിച്ചുവീഴുന്ന, എട്ടുമണിക്കൂറോളം പവര്‍കട്ടുള്ള രാജ്യമാണ് ഇന്ന് ശ്രീലങ്ക. രണ്ടര കോടിവരുന്ന ജനസംഖ്യയിൽ നല്ലൊരു ശതമാനം പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഭക്ഷ്യദൗർലഭ്യം കാരണം ആളുകൾ കടൽകടന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന വാർത്തകളാണ് ഏറ്റവും ഒടുവിൽ വരുന്നത്. കാര്യങ്ങൾ ഈ നിലക്കുതന്നെ പോവുകയാണെങ്കില്‍ വലിയ മാനുഷിക ദുരന്തത്തിനായിരിക്കും ശ്രീലങ്ക സാക്ഷ്യംവഹിക്കാൻ പോവുന്നത്.

കുളംതോണ്ടിയ കുടുംബ ഭരണം

രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന സർക്കാരിന്റെ വികല നയങ്ങളാണ് ആ രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ജനതയാണ് ഇപ്പോള്‍ തെരുവില്‍ സമരം ചെയ്യുന്നത്. കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി എന്നിവയ്ക്കു പുറമേ, യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെ രാസവള ഇറക്കുമതി നിരോധിച്ച് ജൈവവളത്തിലേക്കു തിരിയാൻ കർഷകരോട് ആഹ്വാനം ചെയ്യുക, കൂടുതല്‍ വിദേശനാണ്യം ആകർഷിക്കാനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറയ്ക്കുക തുടങ്ങി പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അധികാരത്തിലേറിയ ഉടൻ സ്വീകരിച്ച ദീര്‍ഘവീക്ഷണമില്ലാത്ത നയതീരുമാനങ്ങളാണ് സമ്പത് വ്യവസ്ഥയുടെ നടുവൊടിച്ചത്. 

ശ്രീലങ്ക ഒരു ജനാധിപത്യ രാജ്യമാണെങ്കിലും ഭരണചക്രം തിരിക്കുന്നത് രാജപക്‌സെ കുടുംബമാണ്. ജനാധിപത്യത്തിനകത്തെ കുടുംബാധിപത്യം രാജ്യങ്ങളെ എങ്ങനെ പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നതിന്റെ നല്ല ഉദാഹരണമാണ് ശ്രീലങ്ക. പ്രസിഡന്‍റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, അഭ്യന്തര മന്ത്രി ചമൽ രാജപക്സെ, ധനമന്ത്രി ബാസിൽ രജപക്സെ, കൃഷിമന്ത്രി ശശീന്ദ്ര രാജപക്‌സെ, കായികമന്ത്രി നമല്‍ രജപക്സെ, കൂടാതെ നിരവധി എംപിമാരും - ശ്രീലങ്കയില്‍ രാജഭരണമാണോ എന്ന് സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയില്ല. എല്ലാവരും രാജകീയ ജീവിതമാണ് നയിക്കുന്നത്. പൂര്‍ണ്ണ പിന്തുണയുമായി കാവലിരിക്കുന്നത് രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാരാണ്. 

കണ്ണുംകാതുമടച്ച് കൊള്ള

ഒരു വ്യക്തിയുടേതായാലും രാജ്യത്തിന്റേതായാലും മുന്നോട്ടുള്ള പ്രയാണം സുഗമവും ക്ലേശരഹിതവുമാകണമെങ്കിൽ കടവും പലിശയും വരവിനകത്ത് ഒതുങ്ങുന്നതായിരിക്കണം. കേരളത്തിന്റെ കടവും ഒരു പരിധി കഴിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്നത് ഒട്ടും ആശ്വാസകരമല്ലെന്ന പാഠം ശ്രീലങ്കയിൽ നിന്ന് നമ്മളും പഠിക്കേണ്ടതാണ്. മൊത്തം വാർഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നൽകാനായി ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തിൽ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യൂ ചെലവിലെ വർധനയും സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഏറ്റവുംവലിയ നിരക്കിലാണ്. അതിനിടയിലാണ് ലോക ബാങ്കുകളില്‍നിന്നും കൂടുതല്‍ വായ്പയെടുക്കാന്‍ ഒരുങ്ങുന്നത്.

2015 -19 കാലത്ത് സിരിസേന പ്രസിഡന്റായിരിക്കെ ശ്രീലങ്കയുടെ കടബാദ്ധ്യത 42 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 71 ശതമാനമായി. ഈ അധിക ബാദ്ധ്യതയുടെ സിംഹഭാഗവും അതിന് മുൻപ് പ്രസിഡന്റായിരുന്ന മഹീന്ദ്ര രാജപക്‌സേയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച വായ്‌പകളുടെ പലിശയാണ്. രാജപക്‌സെയുടെ കുടുംബ ഭരണവും ഏകാധിപത്യശൈലിയും അഴിമതിയുമാണ് യഥാർത്ഥത്തിൽ ശ്രീലങ്കയെ ഈ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചത്.  ബജറ്റ് കമ്മിയായപ്പോഴും ഗവൺമെന്‍റ് വരവു നോക്കാതെ കടം വാങ്ങിക്കൂട്ടി വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന്‍റെ ലാഭം മുഴുക്കെ കുടുംബവാഴ്ചയിലേക്കു മാറിയ സർക്കാറും അവരുടെ സിൽബന്തികളും മാത്രമാണ് അനുഭവിക്കുന്നത്. 

കുതറാന്‍പോലുമാകാത്ത പടുകുഴി

ശ്രീലങ്കൻ പ്രതിസന്ധിയുടെ കാരണങ്ങളെന്ത് എന്ന ചോദ്യത്തിന് ഒരുപക്ഷെ, സാമ്പത്തിക ശാസ്ത്രപരമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. അതിനപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങൾ ഈ പ്രതിസന്ധിക്കുണ്ട്. അവ പരിഹരിച്ചാൽ മാത്രമേ ശ്രീലങ്കക്ക് തിരിച്ചുവരാൻ പറ്റുകയുള്ളൂ. പക്ഷേ, അങ്ങനെ തിരിച്ചുവരാവുന്ന ഘട്ടം ആ രാജ്യം പിന്നിട്ടു കഴിഞ്ഞുവെന്നതാണ് ഏറ്റവും ദുരന്തപൂർണമായ വശം. ഒന്നു കുതറാന്‍പോലുമാകാതെ ഞെരിഞ്ഞ പടുകുഴിയിലാണ് ശ്രീലങ്ക വീണിരിക്കുന്നത്.

രാജ്യത്തെ പ്രബലമായ രണ്ടു ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് സിംഹള ദേശീയതയിൽ അടിസ്​ഥാനപ്പെടുത്തിയ ഭരണകൂടമാണ് കുറച്ചു വർഷങ്ങളായി ശ്രീലങ്കയെ നയിച്ചുകൊണ്ടിരിക്കുന്നത്. എൽ.ടി.ടി.ഇയെ സൈനികമായി തറപറ്റിച്ച ശേഷം, തമിഴ് ജനതയെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കാനോ രാജപക്സെ ഭരണകൂടം ശ്രമിച്ചില്ല. ജനസംഖ്യയിൽ ഒമ്പതു ശതമാനം വരുന്ന മുസ്​ലിംകൾക്കുനേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചു. കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങളും വ്യവസ്​ഥാപിത വിവേചനവും തുടർച്ചയായി ഉണ്ടായി. 

സ്വാതന്ത്ര്യംകിട്ടി 74 വര്‍ഷം കഴിഞ്ഞിട്ടും ഭക്ഷ്യധാന്യമോ, പാലോ അടക്കം ഒന്നിലും സ്വയംപര്യാപ്തത കൈവരിക്കാത്ത അലസരാജ്യമാണ് ശ്രീലങ്ക. കൂടാതെ, ഇന്ധനവും സിമന്‍റും ഇരുമ്പും എന്തിന് കടലാസും അതില്‍ അച്ചടിക്കാനുള്ള മഷിയടക്കം എല്ലാം ഇറക്കുമതിചെയ്യണം. രാജപക്‌സെ കുടുംബത്തിന്റെ തട്ടകമായ ഹമ്പന്‍ ടോട്ടയില്‍ നിര്‍മിച്ച അന്താരാഷ്ട്ര വിമാനത്താവളമടക്കം ചൈന കടംകൊടുത്ത പണംകൊണ്ട് നിര്‍മിച്ച പല പദ്ധതികളും വരുമാനമൊന്നും ഇല്ലാതെ പൊടിപിടിച്ച് കിടക്കുകയാണ്. ജനത്തിന് ഉപകാരമില്ലാത്ത പദ്ധതികള്‍, അഴിമതിക്കുടത്തില്‍ കൈയിട്ടുവാരാനുള്ള സാധ്യതമാത്രം മുന്‍കൂട്ടിക്കണ്ട്, ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ശ്രീലങ്കയില്‍ മാത്രമല്ല, ലോകത്ത് പലയിടത്തും ഇന്ന് വ്യാപകമാണ്. ശ്രീലങ്കയുടെ അനുഭവം അവര്‍ക്കെല്ലാം പാഠവുമാണ്, കേരളത്തിനും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More