ഹരിയാനിയിലെ കർണാലിൽ കൊവിഡ് ഐസൊലേഷനിലായിരുന്ന 55 കാരൻ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം പറ്റിയത്. കല്‍പ്പന ചൗള മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 55 കാരനാണ് മരിച്ചത്. പാനിപ്പത്ത് സ്വദേശിയായ ഇദ്ദേഹം കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നാണ് വീണ് മരിച്ചത്.
കിടക്ക വിരിയും പോളിത്തീന്‍ ഷീറ്റും ഷര്‍ട്ടും കൂട്ടിക്കെട്ടി വടം ഉണ്ടാക്കിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പൊലീസും ആശുപത്രി അധികൃതരും പറയുന്നത്. ഇയാളുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.