ഡോ. ബി. ആർ അംബേദ്കർ: സമതാ ജനാധിപത്യത്തിൻ്റെ തത്വചിന്തകൻ - ഡോ. കെ എസ് മാധവന്‍

അസമത്ത വ്യവസ്ഥയെപ്പറ്റിയുള്ള സാമൂഹികതാ സങ്കല്പം

ഇന്ത്യൻ അസമത്ത വ്യവസ്ഥയുടെ അടിത്തറയായി പ്രവർത്തിക്കുന്ന ജാതി വ്യവസ്ഥയേയും അതിൻ്റെ ഭൗതീക ജീവിത പ്രയോഗങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നിലനിൽക്കുന്ന മേൽകീഴ് തരംതിരിവിനെയും പ്രശ്നവൽക്കരിച്ചുകൊണ്ടാണ് അംബേദ്കര്‍ ഇന്ത്യൻ സമൂഹത്തെ സാമൂഹ്യശാസ്ത്രപരമായി പഠിക്കാൻ ശ്രമിച്ചത്. ജാതി, വർണ്ണ വ്യവസ്ഥയും സാമൂഹിക വേർതിരിവുകളും അസമത്ത വ്യവസ്ഥയായി വളർന്നു വന്നതിനെ അംബേദ്കർ വിശദീകരിക്കുന്നത്, ഈ വ്യവസ്ഥ പുറംതള്ളി ഓരപ്പെടുത്തിയ അയിത്തജാതിക്കാരുടേയും ജാതി ശൂദ്രരുടേയും കീഴായ്മപ്പെടലിൻ്റെ ചരിത്രജീവിതത്തെ കണ്ടെടുത്തുകൊണ്ടായിരുന്നു. സമത്ത ജനായത്തവും സാമൂഹികനീതി പ്രാതിനിധ്യവും രാഷ്ട്രീയ ജനാധിപത്യപ്രക്രിയയുടെ അടിപ്പടവാക്കുന്ന ജനാധിപത്യ വിചാരത്തിലേക്ക് അംബേദ്ക്കറെ എത്തിക്കുന്ന രാഷ്ടിയ നിലപാടായി അദ്ദേഹത്തിന്റെ വിശകലനരീതി വികസിച്ചുവന്നു. സാമൂഹിക വേർതിരിവുകളെ അതിവർത്തിക്കാൻ കഴിയുന്ന സാമൂഹിക സാഹോദര്യ ജീവിതത്തെ സാമൂഹിക ജനാധിപത്യമായി വികസിപ്പിക്കാനാണ് ഇതിൻ്റെ ഭാഗമായി അദ്ദേഹം ശ്രമിച്ചത്. സമതയും ജനതയും പാരസ്പര്യപ്പെടണമെങ്കിൽ പ്രാതിനിത്യ ജനാധിപത്യത്തിലും സാമൂഹിക മൈത്രിയിലും നിലനിൽക്കുന്ന സാഹോദര്യം സാമൂഹിക ജീവിതത്തിലും ആധുനിക പൗരജീവിതത്തിലും സൃഷ്ടിക്കപ്പെടണം എന്നതാണ് ഈ സങ്കല്പത്തിൻ്റെ അടിത്തറ. ഇതാണ് സിവിൽ സമൂഹവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവമായി അംബേദ്ക്കർ വിവക്ഷിക്കുന്നത്. ഇതുവഴി സിവിൽ സമൂഹനിർമ്മിതി എന്നത് സാമൂഹിക ജനാധിപത്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യ ഇടപെടൽ ബന്ധമായി മാറുകയും ഭരണകൂട സ്ഥാപനങ്ങൾ സാമൂഹിക പുനർനിർമ്മിതിയുടെ നിർവ്വാഹകത്വ ഘടകമായി രൂപപ്പെട്ട് പ്രവർത്തിക്കണം. സാഹോദര്യ ജീവിതവും മൈത്രി സങ്കല്പവും ജനാധിപത്യത്തിൻ്റെ ദൈനംദിന വിനിമയമായി സ്ഥാനപ്പെടുന്ന നീതിസങ്കല്പം അംബേദ്കറിൻ്റെ സാമൂഹിക ചിന്തയുടെ അടിത്തറയാണ്. സാഹോദര്യ ജീവിതത്തെ ജനാധിപത്യവുമായി ബന്ധപ്പെടുത്തുക വഴി ജനാധിപത്യത്തെ ഒരു ജീവിത പ്രക്രിയയായി ഇന്ത്യൻ അവസ്ഥയിൽ സാമൂഹിക ജനാധിപത്യ സങ്കല്പത്തിൻ്റെ കാതലാക്കി പുനർവിഭാവനം ചെയ്യുകയാണ് അംബേദ്കർ.

വിമർശ സംസ്കാരവും ജനാധിപത്യവും

അസമത്തത്തെ സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക പ്രക്രിയാബന്ധങ്ങളും മാത്രമായി കാണുന്ന ആധുനിക യൂറോപ്യൻ രാഷ്ട്രിയ സമ്പദ്ശാസ്ത്ര സമീപനങ്ങളിൽനിന്നും വ്യത്യസ്തമായി, തെക്കനേഷ്യൻ സമൂഹങ്ങളിൽ പൊതുവെയും ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്ത് പ്രത്യേകിച്ചും, വികസിച്ചുവന്ന സാമൂഹിക വേർതിരിവ് രൂപങ്ങളെ, തരംതിരിവ് അസമത്ത വ്യവസ്ഥയായി സ്ഥാനപ്പെടുത്തുകയാണ് അംബേദ്കർ. ഈ വ്യവസ്ഥ രൂപപ്പെട്ടുവന്ന ചരിത്ര സാമൂഹികപ്രക്രിയയെ ജാതിബ്രാഹ്മണ്യാധികാരക്രമവും ബ്രാഹ്മണ്യ സാമൂഹ്യവ്യവസ്ഥയുമായി അംബേദ്കർ സ്ഥാനപ്പെടുത്തി. രാഷ്ടിയ സമ്പദ്ക്രമവും സാമൂഹ്യവ്യവസ്ഥയും സാംസ്ക്കാരിക പ്രതീക ബന്ധങ്ങളും കൂടിനില്ക്കുന്ന ഒരു സാമൂഹികക്രമമായിട്ടാണ് ജാതിബ്രാഹ്മണ്യവ്യവസ്ഥ ചരിത്രപ്രക്രിയയായി വികസിച്ചുവന്നത് എന്നാണ് അംബേദ്കർ വിശദികരിക്കുന്നത്. ബ്രഹ്മണ്യത്തെ അടിസ്ഥാനമാക്കുന്ന ജാതിഹിന്ദു മൂല്യമണ്ഡലത്തിലാണ് സാംസ്കാരികമായും ദാർശനികമായും ഇന്ത്യൻ ഉപഭൂഗണ്ഡപ്രദേശത്തെ വേർതിരിവ് അസമത്തം വിവിധ തരത്തിലുള്ള സ്ഥാപനരൂപം കൈവരിച്ചത്. ഇതാകട്ടെ ഇന്ത്യയിലെ മേൽകോയ്മാവ്യവസ്ഥയായി മാറിത്തീരുകയാണുണ്ടായത് എന്നാണ് അംബേദ്കർ തൻ്റെ സമൂഹവിശകലന രീതിയിലൂടെ വ്യക്തമാക്കുന്നത്. വേർതിരിവ് അസമത്തത്തെയും അതിൻ്റെ സാംസ്കാരിക വ്യവസ്ഥയെയും ദാർശനിക പദ്ധതികളെയും പറ്റി വിമർശസാമൂഹികതയെ (critical social) മുൻനിർത്തി ഒരു വിമർശസമൂഹശാസ്ത്ര വിശകലന രീതി അംബേദ്ക്കർ വികസിപ്പിച്ചു. ഈ വിശകലനരീതി വഴി ഇന്ത്യയിലെ  സാമ്പത്തിക സാമൂഹിക രാഷ്ട്രിയ ബന്ധങ്ങളെ സംസ്കാരവ്യവസ്ഥയിൽ സമന്വയിച്ച് നില്ക്കുന്ന അധികാരബന്ധങ്ങളായി അദ്ദേഹം സ്ഥാനപ്പെടുത്തുന്നു. ഈ വ്യവസ്ഥിതിയെ വിശദികരിക്കാൻ സമൂഹശാസ്ത്ര വിശകലനവും സാമൂഹിക നീതിയിലൂന്നുന്ന ജനാധിപത്യചിന്തയും രൂപപ്പെടുത്തുകയും, ബ്രാഹ്മണ്യ സമഗ്രാധിപത്യ വ്യവസ്ഥയെ സൈദ്ധാന്തികമായും പ്രയോഗിക രാഷ്ട്രീയംകൊണ്ടും എതിരിട്ടുകൊണ്ട് അംബേദ്കർ അദ്ദേഹത്തിൻ്റെ രാഷ്ട്രിയ ജീവിതം രൂപപ്പെടുത്തുകയും ചെയ്തു.

മൈത്രീ സാഹോദര്യവും സാമൂഹിക ജനാധിപത്യവും     

അംബേദ്കർക്ക് ജനാധിപത്യമെന്നത് ഒരു ഭരണക്രമം എന്നതിനപ്പുറത്ത് ഒരു ജീവിതരീതിയാണ്. സഹജീവികളെ തുല്യതയോടെയും ആദരവോടെയും സമീപിക്കുന്ന ജീവിത സംസ്കാരമാണ് ജനാധിപത്യം. ബ്രാഹ്മണ്യ സംസ്കാരവും ജാതിവ്യവസ്ഥയും വർണ്ണ ജാതി ലിംഗഭേദങ്ങളും സ്ഥാപനപരമായി മാറ്റിത്തീർത്തതുകൊണ്ടാണ് മേൽകീഴ് ക്രമത്തെയും അസമത്ത വ്യവസ്ഥയെയും ഭൗതികജീവിതത്തിലും മാനസിക ബോധ്യങ്ങളിലും നിലനിർത്തിയത്. ജനതകളും സാമൂഹിക വിഭാഗങ്ങളും തമ്മിലുള്ള സാഹോദര്യ ജീവിതത്തെ ഇല്ലാതാക്കുന്ന വിഭാഗിയ സംസ്കാരമാണ് ജാതി ബ്രാഹ്മണ്യം ചരിത്രപരമായി അടിച്ചേൽപ്പിച്ചത്. സമൂദാ ങ്ങളെയും ജാതി വിഭാഗങ്ങളെയും അപരരായി കാണാനാണ് ഇത് വ്യവസ്ഥപ്പെടുത്തുന്നത്. ഈ വ്യവസ്ഥാ ക്രമത്തെയും മാനസികാവസ്ഥയെയും അതിവർത്തിക്കുന്ന സാഹോദര്യസങ്കല്പത്തെ സാമൂഹിക ജീവിത ബന്ധങ്ങളിൽ മൈത്രിയായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യ ഭാവനയാണ് അംബേദ്കറിൻ്റെ ജനാധിപത്യ സങ്കല്പം. ഈ കാഴ്ച്ചപ്പാടിൽ നോക്കുമ്പോൾ, ജാതി-ലിംഗ വേർതിരിവ് വിരുദ്ധ സാമൂഹിക ജീവിത കാഴ്ചയായി ജനാധിപത്യം മാറുന്നതിലൂടെ  ജനാധിപത്യം എന്നത് ഒരു ഭരണക്രമം എന്ന കേവല രാഷ്ട്രമീമാംസാ സങ്കല്പത്തിൽ നിന്നും കൂട്ടായ സാഹോദര്യജീവിതം സാധ്യമാക്കുന്ന ജീവിതസംസ്കാരത്തിന്റെ അടിത്തറയായിത്തീരുന്നു. യൂറോപ്യൻ ജനാധിപത്യ മൂല്യവിചാരത്തിൽനിന്നും അംബേദ്കറിയൻ ജനാധിപത്യദർശനം വേറിട്ടുനിൽക്കുന്നത് ജനാധിപത്യത്തെ സാമൂഹിക ജീവിതവും സാഹോദര്യവുമായി അംബേദ്കർ ബന്ധിപ്പിക്കുന്നതിലൂടെയാണ്. വിമർശാവബോധവും സ്വതന്ത്രചിന്തയിലും ഊന്നുന്ന (critical free thinking ) സാമൂഹികതയിലും ശാസ്ത്രാഭിമുഖ്യത്തിലും വേരൂന്നുന്നതാണ് അംബേദ്കർ ചിന്ത. അംബേദ്കർ ആധുനിക  ഇന്ത്യയിൽ നവോത്ഥന ആധുനികതയുടെ ശാസ്ത്രബോധത്തെയും ജനാധിപത്യത്തിന്റെ ദർശനത്തെയും സമന്വയിപ്പിച്ച വിമർശചിന്തയുടെ ശക്തനായ വക്താവാണ്. അംബേദ്കർചിന്തയെ അഭിമുഖീകരിക്കാതെ സമകാലിക ഇന്ത്യയിൽ ജനാധിപത്യചിന്തയുടെ ഒരു ധാരക്കും ഗൗരവമായി സമൂഹത്തിൽ ഇടപെടാൻ കഴിയില്ല. സാമൂഹികനീതിയും അധികാരത്തിൽ പ്രാധിനിത്യപങ്കാളിത്വവും ദേശരാഷ്ട്രത്തിൻ്റെ ഭരണഘടനാ  അവകാശത്തിലൂടെ  നിഷ്പന്നമാവുന്നത് (derivative) സാമൂഹിക ജനാധിപത്യവും രാഷ്ട്രിയ ജനാധിപത്യവും സമന്വയിക്കുന്ന ദേശിയ ജനത എന്ന സങ്കല്പത്തിലാണ്. തുല്യപൗരത്വം സമൂഹവും ഭരണകൂടവും പരസ്പരം അഭിമുഖികരണം നടക്കുന്ന സിവിൽ സമൂഹം എന്ന മണ്ഡലത്തിൽ നിശ്ചയിച്ചു എന്നതിനാലാണ് അംബേദ്‌കറിന്റെ പൗരത്വസങ്കല്പം തുല്യപൗരത്വവും സാമൂഹിക നീതിയും സമന്വയിക്കുന്ന ഭരണഘടന ജനാധിപത്യമൂല്യമായി നിലനിൽക്കുന്നത്. 

പരിവർത്തനാത്മക തുല്യതയും സമതാ ജനാധിപത്യവും:

സാമൂഹിക വ്യവസ്ഥിതിയെയും രാഷ്ട്രിയ സമ്പദ്ക്രമത്തെയും മനസ്സിലാക്കുക എന്നത് അംബേദ്കറെ സംബന്ധിച്ചിടത്തോളം ആ വ്യവസ്ഥിതിയെ മാറ്റിത്തീർക്കുന്നതിനാവശ്യമായ കൂട്ടായ രാഷ്ടിയപ്രയോഗങ്ങളെ നിർമ്മിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തെ മാറ്റുന്നതിന് സാമൂഹികക്രമത്തെയും സാമൂഹികബന്ധങ്ങളെയും മനസ്സിലാക്കുക എന്നത് മാറ്റത്തിൻ്റെ ഗതിയെയും ലക്ഷ്യത്തെയും നിർണ്ണയിക്കുന്ന രാഷ്ട്രീയ പ്രയോഗത്തിൻ്റെ നിർമ്മിതി കൂടിയാണ് രൂപപ്പെടുത്തുന്നത്. ജനതയും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുന്നതിനും സമതയും സാമൂഹിക നീതിയും ഉൾവഹിക്കുന്ന ഒരു രാഷ്ട്രീയ ദർശനവും തത്വചിന്താവിചാരവും നിർമ്മിക്കുന്നതിനും ഇത് അനിവാര്യമാണ്. ജനാധിപത്യ പരിവർത്തനത്തിൻ്റെ സാമൂഹിക പ്രയോഗങ്ങളെ അംബേദ്കർ രാഷ്ട്രിയ പ്രയോഗമാക്കി മാറ്റിയത് പരിവർത്തനാത്മകമായ തുല്യതയും (radical equality)സമതയിൽ നിലനിൽക്കുന്ന ജനാധിപത്യത്തെയും (egalitarian democracy) ലക്ഷ്യമാക്കിയായിരുന്നു. സാമൂഹിക സാംസ്‌കാരിക അധികാര രൂപങ്ങളെ അതിവർത്തിക്കാൻ കഴിയുന്ന  രാഷ്ട്രീയ പ്രയോഗത്തെ ജനാധിപത്യ ഭാവനയും സാഹോദര്യ ജീവിത പദ്ധതിയുമായി വികസിപ്പിച്ചുകൊണ്ടാണ് അംബേദ്കർ തുല്യതയെ സാമൂഹികമായ സമതാജനാധിപത്യ കാഴ്ച്ചപ്പാടിൽ വിമോചനാത്മകമായ തുല്യതയായും ജനായത്തത്തെ സമതാ ജനാധിപത്യമായും സിദ്ധാന്തപ്പെടുത്തിയത്.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More