ലക്‌നൗ: മുസ്ലീം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പളളിക്കുമുന്നില്‍വെച്ച് ഭീഷണിപ്രസംഗം നടത്തിയ ബജ്‌റംഗ് മുനി ദാസ് അറസ്റ്റില്‍. ഖൈരാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് അറസ്റ്റിലായത്. സീതാപൂരില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദ്വേഷ പ്രസംഗം നടത്തി പതിനൊന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു സീതാപൂരിലെ ശേഷെ വാലി മസ്ജിദിനുമുന്നില്‍വെച്ച് ബജ്‌റംഗ് മുനി വിദ്വേഷ പ്രസംഗം നടത്തിയത്.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനുശേഷമാണ് പൊലീസ് മുനിക്കെതിരെ കേസെടുക്കാന്‍ തയാറായത്. 'ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്. ഇത് കേട്ട് ചുറ്റും കൂടി നിന്ന ഹിന്ദുത്വവാദികള്‍ കയ്യടിക്കുന്നതും ജയ് ശ്രീ റാം വിളിക്കുന്നതും വീഡിയോയില്‍ കാണാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കും എന്നുമായിരുന്നു പൊലീസ് പറഞ്ഞത്. ബജ്‌റംഗ് മുനിക്കെതിരെ യുപിയിലെ സീതാപൂര്‍, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക് എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.