ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി നിര്‍ബന്ധമാക്കല്‍ പരാമര്‍ശത്തിനെതിരെ തമിഴ്നാട് ബിജെപി. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഹിന്ദി പഠിക്കണമെന്ന് നിർബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഒരു ഭാഷ മാത്രം പഠിച്ച് ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ടതില്ല. തമിഴ് ജനതയുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കുകയോ അനുവദിക്കുകയോയില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. നിലവില്‍ ഒരു ഭാഷ മാത്രം പഠിക്കേണ്ട സാഹചര്യമില്ല. ചില സന്ദര്‍ഭങ്ങളില്‍ ജോലിയുടെ ഭാഗമായോ ഉപജീവനത്തിന്റെ ഭാഗമായോ ജനങ്ങള്‍ക്ക് മറ്റ് ഭാഷകള്‍ പഠിക്കേണ്ടതായി വരുമെന്ന് വസ്തുതയാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. സംസ്കൃതത്തേക്കാൾ മനോഹരമാണ് ഈ ഭാഷയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികളോട് തമിഴ് പഠിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും പൊൻ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അമിത് ഷായുടെ ഹിന്ദി നിര്‍ബന്ധമാക്കല്‍ പരാമര്‍ശത്തിനെതിരെ ആദ്യം വിമര്‍ശനമുന്നയിച്ചത്. ഇതിനെ പിന്‍പറ്റിയാണ് തമിഴ്നാട് ബിജെപി ഘടകവും രംഗത്തെത്തിയിരിക്കുന്നത്.ഒരുഭാഷ മാത്രം മതിയെന്ന വാദം രാജ്യത്ത് ഏകത്വമുണ്ടാക്കില്ല. ബിജെപി ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണ്. അത് വിജയിക്കില്ല. ഇന്ത്യയുടെ ഐക്യത്തെ തകര്‍ത്ത് രാജ്യത്തെ ജനങ്ങളെ വേട്ടയാടാനും വൈവിധ്യത്തെ തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നുമായിരുന്നു എം കെ സ്റ്റാലിന് ആരോപിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളിലുളളവര് പരസ്പരം ഹിന്ദിയില്‍ സംസാരിക്കണം. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, ഇംഗ്ലീഷിനുപകരമായി ഹിന്ദി തന്നെ ഉപയോഗിക്കണം എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിനിടെ പറഞ്ഞത്.