ചാർജറില്ലാതെ ഐഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയൻ കോടതി. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമ്മാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമത്തിന്‍റെ ലംഘനമാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് പരാതിക്കാരന് 1,080 ഡോളർ (ഏകദേശം 82000 രൂപ) നഷ്ടപരിഹാരം നൽകാന്‍ ആപ്പിളിനോട് കോടതി ഉത്തരവിട്ടു.
2020- മുതലാണ് തങ്ങളുടെ ബോക്സിൽ നിന്നും ആപ്പിൾ ചാർജർ നീക്കം ചെയ്തു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഹെഡ്ഫോണും ഒഴിവാക്കി. അതുവഴി പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ പുറംതള്ളുന്നത് കുറയ്ക്കാം എന്നായിരുന്നു ആപ്പിൾ അതിന് നൽകിയ വിശദീകരണം. എന്നാല്‍ ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്നാണ് ബ്രസീലിലെ കോടതി നിരീക്ഷിച്ചത്. ചാര്‍ജര്‍ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറിയാണെന്നും അത് ഉപഭോക്താവിന് നല്‍കണമെന്നുമാണ് കോടതി നരീക്ഷിച്ചത്. ബോക്‌സില്‍ നിന്ന് ചാര്‍ജറുകള്‍ നീക്കം ചെയ്യുമെന്നതിന് ആപ്പിള്‍ മതിയായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, ഐഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജര്‍ നല്‍കാത്തതിന് ബ്രസീലിലെ ഉപഭോക്തൃസംരക്ഷണ സമിതിയായ പ്രോകോണ്‍-എസ്പി ആപ്പിളിന് 20 ലക്ഷം ഡോളര്‍ പിഴ (ഏകദേശം 14.5 കോടി രൂപ) ചുമത്തിയിരുന്നു. ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കുന്നതുവഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിള്‍ ഉറപ്പാക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ചാര്‍ജര്‍ ഇല്ലെങ്കില്‍ വില കുറയാത്തതെന്ത് എന്ന ചോദ്യത്തിനും ആപ്പിളിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. തുടര്‍ന്ന്, ബ്രസീലില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ ഇവിടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആപ്പിളിന് പ്രോകോണ്‍ എസ്പി ശക്തമായ നിര്‍ദേശവും നല്‍കിയതാണ്.
ആക്‌സസറീസ് ഒഴിവാക്കിയ ഐഫോണിനെതിരെ ഫ്രാന്‍സിലെ കോടതികളും നിലപാടെടുത്തതോടെ ആപ്പിളിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നിരുന്നു. ഫ്രാന്‍സിന്റെ പ്രാദേശിക നിയമത്തിന് വിധേയമായി രാജ്യത്ത് വില്‍പന ചെയ്യുന്ന ഐഫോണുകള്‍ക്കൊപ്പം ഇയര്‍ ഫോണുകള്‍ കൂടി നല്‍കേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന് സമാനമായ സാഹചര്യമാണ് ബ്രസീലിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സും ബ്രസീലും പിന്തുടര്‍ന്ന തീരുമാനം മറ്റു രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഐഫോണിന് കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക.