ഡല്‍ഹി: നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹപ്പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നൈറ്റ് ക്ലബിലേതെന്ന് പ്രചരിപ്പിച്ച് ബിജെപി. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശരാജ്യങ്ങളില്‍ പോയി ആഘോഷിക്കുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ നിശാ പാര്‍ട്ടിയിലാണ്. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോഴും രാഹുല്‍ നൈറ്റ് ക്ലബില്‍ ആഘോഷിക്കുകയായിരുന്നു എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
അതേസമയം, രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ബിജെപിയുടെ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. 'പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാളിന് ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതല്ല. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലേക്ക് പോയത്. അതിലെന്താണ് പ്രശ്നം? സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇനി പ്രധാനമന്ത്രിയും ബിജെപിയുംചേര്‍ന്ന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിവാഹത്തിന് പങ്കെടുക്കുന്നതും കുറ്റകൃതൃമായി പ്രഖ്യാപിച്ചേക്കാം' -സുര്‍ജേവാല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധി സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ സുമ്നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തിയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം വിവാഹത്തിനെത്തിയതെന്നും വിവാഹ സല്‍ക്കാരം വ്യാഴാഴ്ച്ചയാണ് നടക്കുകയെന്നും നേപ്പാള്‍ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.