'പുഴു' വെറുമൊരു മുഖ്യധാരാ പടമല്ല- കെ കെ ബാബുരാജ്

'പുഴു' എന്ന സിനിമയോട് സംഘികൾക്കും സകല പിന്തിരിപ്പന്മാർക്കുമുള്ള വെറുപ്പ്‌ സ്വാഭാവികമാണല്ലോ. എന്നാൽ കീഴാള പക്ഷത്തുള്ള പലരും തങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ല എന്ന പേരിൽ ആ പടത്തെ വല്ലാതെ ലഘുകരിക്കാൻ ശ്രമിക്കുന്നത് അത്ഭുതകരമാണ്. ഒരു പോപ്പുലർ സിനിമയിൽ സൂക്ഷ്മമായ തരത്തിലുള്ള ദളിത് കർത്തൃത്വവും സാമൂഹികവാബോധത്തിന്റെ സമകാലീനതയും മറ്റും പ്രതീക്ഷിക്കുന്നത് ശരിയായ  കാര്യമാണെന്ന് തോന്നുന്നില്ല. പോപ്പുലർ സിനിമകളിൽ ഇത്തരം കാര്യങ്ങൾ വിരളമായിട്ടേ ഉണ്ടാവുകയുള്ളൂ എന്നു valerie  Smith എന്ന എഴുത്തുകാരി നിരീക്ഷിച്ചിട്ടുണ്ട്. ഇതിനർത്ഥം പോപ്പുലർ സിനിമകളെ വിമർശിക്കേണ്ടതില്ല എന്നല്ല. അവയിലൂടെ പ്രചരിക്കപ്പെടുന്ന പിന്തിരിപ്പൻ മൂല്യങ്ങളും അധികാരത്തോടുള്ള സമീപനവും ഒക്കെയാണ് സാധാരണ നിലയിൽ വിമർശിക്കപ്പെടുക. പുഴു ഏത് നിലയിലും ഒരു പിന്തിരിപ്പൻ പടമല്ലെന്നാണ് അഭിപ്രായം.

'പുഴു' ജാതിക്ക് ഉപരി വംശീയതെയും, ദേശീയ പുരുഷൻ എന്നു വിളിക്കാവുന്ന ബ്രാഹ്മണന്റെ അറിവുകളെയും അധികാരത്തെയുമാണ് അഴിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നു തോന്നുന്നു. അതിനുവേണ്ടി മനഃശാസ്ത്ര ഘടകങ്ങളും ഹൈന്ദവ സാംസ്‌കാരിക മൂല്യങ്ങളെയും ഉപാധിയായി ഉപയോഗ പ്പെടുത്തുന്നുണ്ട്. ഈ അർത്ഥത്തിൽ ആ പടം വിജയകരമാണെന്നാണ് അഭിപ്രായം. ദളിതനായ കഥാപാത്രത്തെ ഡീഗ്രേഡ് ചെയ്തു എന്ന ചിലരുടെ അഭിപ്രായവും മുഴുവൻ ശരിയല്ല. ദുരവസ്ഥ പോലുള്ള ആഖ്യാനങ്ങളിൽ സവർണ്ണ സ്ത്രീയുടെ സാംസ്‌കാരിക മൂലധനത്തിലേക്കു ദളിതൻ സാംശീ കരിക്കപ്പെടുകയായിരുന്നു. അയാളുടെ സാംസ്‌കാരികമായ ശുദ്ധീകരണവും അപരിഷ്കൃതമായ അവസ്ഥയിൽ നിന്നുള്ള മോചനവുമാണ് അതിൽ പ്രമേയമായത്. ഈ സിനിമയിൽ ഭാരതിയുടെ സാംസ്‌കാരിക ഉന്നതിയിലേക്ക് ദളിതൻ ആരോഹണം നടത്തുകയല്ല ചെയ്യുന്നത്, മറിച്ചു അവളുടെ സ്ത്രീ സ്വത്വപരമായ കീഴാളതയോട് ചേരുന്ന ദളിതനെയാണ് ചിത്രീകരിക്കുന്നത്. ഇത് നവോഥാന -ആധുനികത പാഠങ്ങളിൽ നിന്നുള്ള നിർണായകമായ മാറ്റം തന്നെയാണ്.

ബ്രാഹ്മണനാണ് ദേശീയ പുരുഷൻ. ബാക്കിയുള്ളവര്‍ പകർപ്പുകൾ മാത്രമാണ്

വംശീയ /ദേശീയ പുരുഷന്റെ നിർമിതിയിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്, ദളിതനുമായി ഒരുമിച്ച മകളുമായും അയാളോടും ഒരുവിധത്തിലും സംഭാഷണം സാധ്യമല്ലാതെ രോഗവസ്ഥയിലായ മാതാവിന്റെ ചിത്രീകരണമാണ്. ആ സ്ത്രീയുടെ മേലിൽ അടിച്ചേല്പിച്ച നിശബ്ദത ഉപയോഗപ്പെടുത്തിയാണ് വംശീയ പുരുഷൻ അപര ഹിംസകൾ നടത്തുന്നത്. ഹിന്ദുത്വവാദികൾ ദേശത്തെ മാതൃഭാവനകളിലൂടെയാണ് ഉൾകൊള്ളുന്നത്. മറ്റൊരു വിമർശനം ശ്രദ്ധിച്ചത്, കേരളത്തിൽ ബ്രാഹ്മണരുടെ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു. തൽസ്ഥാനത്തു ശൂദ്രരും പിന്നാക്കക്കാരും ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും അധികാരം കയ്യടക്കിരിക്കുന്നു. ഈ വസ്തുതയെ മറച്ചുപിടിക്കാനുള്ള കൃത്രിമ ശ്രമമാണ് ബ്രാഹ്മണനെ പ്രതിനായകനാക്കുന്നത്. ഇത്തരം വാദങ്ങൾ ഡോ. അംബേദ്കർ പോലുള്ളവരുടെ വിലയിരുത്തലുകളെ നിഷേധിക്കുന്നതാണ്. ഇവിടെ ദേശീയ പുരുഷൻ ബ്രാഹ്മണൻ തന്നെയാണ്. മറ്റുള്ളതെല്ലാം അയാളുടെ പകർപ്പുകൾ മാത്രമാണ്.

ബ്രാഹ്മണ കുടുംബത്തെയും സമുദായത്തെയും വിശദമായി കാണിക്കുമ്പോൾ ദളിതനെ സമുദായ ബാഹ്യനായ ഒറ്റപ്പെട്ട തുരുത്തായി അവതരിപ്പിക്കുന്നു. കീഴളാരെ ചരിത്രത്തിന്റെ പുറത്താക്കി ചിത്രീകരിക്കുന്ന ഇത്തരം രീതിശാസ്ത്രങ്ങൾ കേരളത്തിലെ പുരോഗമന പരതയുടെ ബാക്കി പത്രം തന്നെയാണ്. എങ്കിലും, സിനിമയുടെ ആകെത്തുക സവർണ്ണ ഉദാരതയാണെന്നു പറയാനാവില്ല. സമകാലീന  അവസ്ഥകളെ മിത്തിഫൈ ചെയ്തു സാമൂഹിക സംഘർഷങ്ങളെയും വ്യക്തികളുടെ പ്രശ്നങ്ങളെയും വല്ലാതെ അടച്ചു കളയുന്നില്ല എന്നതിനാലാണ് ഈ സിനിമയുടെ കേന്ദ്ര പ്രമേയം സവർണ്ണ ഉദാരത അല്ലെന്നു പറയുന്നത്. എത്രമാത്രം പരിമിതികൾ ഉണ്ടെങ്കിലും നവാഗതയായ ഒരു സംവിധായികയുടെയും വ്യക്തമായ കീഴാള നിലപാടുള്ള തിരക്കഥക്കാരുടെയും മികച്ച സ്ക്രീൻ പ്രസെൻസ് കാഴ്ചവെച്ച അഭിനേതാക്കളുടെയും ശ്രമഫലമായി വെറുമൊരു മുഖ്യധാര പടം മാത്രമല്ല ഇതെന്നു അടിവരയിട്ട്  പറയാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

കെ കെ ബാബുരാജ്‌

Recent Posts

Dr. Azad 1 week ago
Reviews

വീണ്ടും ചെങ്കൊടിയില്‍ ചോരയിരമ്പി തിരയിളക്കുന്നതുപോലെ: തുറമുഖം റിവ്യൂ- ആസാദ് മലയാറ്റില്‍

More
More
Reviews

പക്വമായ പ്രകടനംകൊണ്ട് അമ്പരപ്പിക്കുന്ന ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' റിവ്യൂ

More
More
Reviews

പേടിപ്പിച്ച് ചിരിപ്പിക്കുന്ന 'രോമാഞ്ചം'- ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Dr. Azad 1 year ago
Reviews

പട ഒരു പടപ്പുറപ്പാടാണ്, അതിമനോഹരമായ സിനിമയാണ്- ഡോ. ആസാദ്

More
More
Web Desk 1 year ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

More
More
Shaju V V 1 year ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

More
More