ചാനല്‍ ചര്‍ച്ച: അവതാരകരും അതിഥികളും ജനാധിപത്യമൂല്യങ്ങള്‍ പുലര്‍ത്തുന്നവരാവണം- ഡോ. ആസാദ്

നമ്മുടെ ചാനല്‍ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ പുലരേണ്ട സകല മര്യാദകളും ലംഘിക്കുകയാണ്.  മനുഷ്യര്‍ മനുഷ്യരോടു പെരുമാറേണ്ടതെങ്ങനെയെന്ന് മിക്കവരും മറന്നുപോയിരിക്കുന്നു. നമുക്ക് എന്താണ് സംഭവിക്കുന്നത്? പോയ നൂറ്റാണ്ടുകള്‍ തന്ന അനുഭവങ്ങളുടെ അതിജീവന മുദ്രകള്‍ പതിഞ്ഞതാണ് നമ്മുടെ ഭാഷയും സംസ്കാരവും പെരുമാറ്റ രീതികളും. അതെല്ലാം തകര്‍ത്ത് സംവാദത്തെ അസഹിഷ്ണുതാപൂര്‍വ്വമായ കടന്നാക്രമണവും ഹിംസയുമാക്കിയാണ് മാറ്റിയിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെയും സാംസ്കാരിക വികാസത്തിന്റെയും വ്യാവഹാരിക ചക്രങ്ങളെയാണ് തകര്‍ത്തുകളയുന്നത്.

വാര്‍ത്താ സംപ്രേക്ഷണത്തില്‍ ചര്‍ച്ചയോ സംവാദമോ ആവാം. അതിനു ജനാധിപത്യ രീതിയാണ് അവലംബിക്കേണ്ടത്. പൊതുനിരത്തിലും തെരുവിലുമൊക്കെ അനാശാസ്യമായ കയ്യേറ്റങ്ങള്‍ക്കു ശ്രമിക്കുന്ന സാമൂഹികവിരുദ്ധരെ കാണാറുണ്ട്. അവര്‍ക്കെതിരെ മുമ്പൊക്കെ പൊതുസമൂഹം ഒന്നിച്ചു ചെറുത്തുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂട്ടായ എതിര്‍പ്പുകള്‍ കുറയുന്നു. ഏതു കുമാര്‍ഗത്തിലൂടെയും മാന്യനാവാമെന്ന നിലയാണ്. ഈ ദുഷ്പ്രവണതകള്‍ എല്ലാ തലങ്ങളിലേക്കും പടരുകയാണ്. സാമൂഹിക മര്യാദകള്‍ ലംഘിക്കുന്ന ഭാഷയും പെരുമാറ്റവും അശ്ലീലമോ ഹിംസാത്മകമോ ആയ ശരീരഭാഷയും ടെലിവിഷന്‍ ചര്‍ച്ചകളില്‍ വര്‍ദ്ധിച്ചുവരുന്നു.

അധികാരത്തിന്റെ ആജ്ഞയും അട്ടഹാസവും മുഴങ്ങുന്നു. അസഹിഷ്ണുതയുടെ ഞെരിപൊരി കൊള്ളലും പുലമ്പലും നിറയുന്നു. ഞങ്ങള്‍ക്കുമേല്‍ ആര് എന്ന അഹന്ത നിറഞ്ഞ ഭാവം ഉറഞ്ഞാടുന്നു. ജനാധിപത്യ ജീവിതത്തില്‍ ഏത് ആശയമാണ്, ഏത് പതാകയാണ്, ഏത് നേതാവാണ് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതായുള്ളത്? അഥവാ ആദരിക്കപ്പെടാന്‍ അനര്‍ഹമായുള്ളത്? പരസ്പര ബഹുമാനം പഠിക്കേണ്ടതുണ്ട്. യുക്തിരഹിതമായ ഒരു വാദവും വലിയ അലര്‍ച്ചകള്‍കൊണ്ട് വാസ്തവമാവില്ല. 

ഒരു കുറ്റകൃത്യത്തെപ്പറ്റി ചര്‍ച്ച ചെയ്താല്‍, കുറ്റകൃത്യത്തെ അപലപിക്കാനല്ല, നിങ്ങളും നിങ്ങളും ചെയ്തിട്ടില്ലേ പണ്ട് എന്നു കണക്കെടുപ്പു നടത്താനാണ് പക്ഷങ്ങള്‍ മത്സരിക്കുക. പൊതുധാര്‍മ്മികതയെ ചവിട്ടിമെതിച്ച് കുറ്റത്തെ നീതീകരിക്കാനുള്ള ഏതു ശ്രമവും ജനവിരുദ്ധവും നിയമ നിഷേധവുമാണ്. ഇങ്ങനെ ചാനല്‍ ചര്‍ച്ചകളെ അനാരോഗ്യകരവും അനാശാസ്യവുമായ വഴിയിലേക്ക് തുറന്നു വിടുന്നത് ശരിയാണോ എന്നു ബന്ധപ്പെട്ടവര്‍ സ്വയംവിമര്‍ശനപരമായി ആലോചിക്കണം.

അവതാരകയോട് അശ്ലീലഭാഷണം നടത്തിയിട്ട് അതിനെ ന്യായീകരിക്കാന്‍ ആളുണ്ടായി എന്നു നാം കാണണം. പറഞ്ഞ വാക്ക് മറ്റൊരു വാക്കാണെന്ന് വാദിച്ചു നില്‍ക്കുന്ന ദയനീയമായ കാഴ്ച്ച സാമൂഹിക മാദ്ധ്യമങ്ങളില്‍ കാണുന്നു.  ഫ എന്നു തുടങ്ങുന്ന ഉച്ചാരണം വാര്‍ത്തയില്‍ വ്യക്തമാണ്. അത് ഫാ എന്നു ദീര്‍ഘശബ്ദമാക്കി വ്യാഖ്യാനിച്ചു കുറ്റത്തെ വെളുപ്പിക്കാന്‍ സൈബര്‍ സംഘങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ കുറെ കാലമായി നടക്കുന്ന വഴിതിരിഞ്ഞ പോക്കിന്റെ ഏറ്റവും ജീര്‍ണമായ അവസാന അനുഭവമാണിത്. ചര്‍ച്ചയില്‍ ആ വാക്കു വിളമ്പിയ ആള്‍ ചര്‍ച്ചയിലാകെ പ്രകടിപ്പിച്ച അസഹിഷ്ണുതയും അധികാരഭാവവും ഭാഷകൊണ്ടുള്ള കടന്നാക്രമണവും തികഞ്ഞ മര്യാദകേടാണ്. സാമൂഹിക വികാസത്തെ പിറകോട്ടുതള്ളുംവിധം ഹിംസാത്മകമാണ്. അതു തിരുത്തണം.

മാദ്ധ്യമ വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പഠനത്തിന്റെ ഭാഗമായി പരിശോധിക്കാന്‍ ഇന്നലെ മാതു നയിച്ച മാതൃഭൂമി ചര്‍ച്ച പ്രയോജനകരമാവും. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയാനും ഇടപെടാനും മാതു പ്രകടിപ്പിച്ച വൈഭവം ശ്ലാഘനീയമാണ്. ചാനല്‍ ചര്‍ച്ചകളില്‍ ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തുമെന്ന് ഉറപ്പുള്ളവരേ അവതാരകരായും അതിഥികളായും വരാവൂ. ഇക്കാര്യത്തില്‍ അടിയന്തരമായ തീരുമാനം ഉണ്ടാവേണ്ടതുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More