മുംബൈ: പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മക്കെതിരെ കേസെടുത്തു. പ്രവാചകന് മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മുംബൈ പൊലീസാണ് കേസെടുത്തത്. മതവികാരം വളര്‍ത്തുക, ശത്രുത വളര്‍ത്തുക, പൊതുശല്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നുപൂര്‍ ശര്‍മ്മക്കെതിരായ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്.
റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്ഫാന് ഷെയ്ക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന് മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സഹിതമാണ് ഇര്ഫാന് ഷെയ്ക്ക് പരാതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, സംവാദം പ്രക്ഷേപണം ചെയ്തതിനുശേഷം തനിക്കും കുടുംബത്തിനുംനേരേ വധഭീഷണികളുണ്ടെന്ന് നുപൂര്‍ ശര്‍മ്മ പറഞ്ഞു. തനിക്ക് ലഭിച്ച ഭീഷണികളുടെ സ്ക്രീന്‍ഷോട്ടുകള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്തായിരുന്നു നുപൂറിന്റെ ട്വീറ്റ്.