മുസ്ലിം പേരുള്ള എല്ലാവരും വിവരദോഷികളും അൽപ്പന്മാരുമാണെന്നാണ് ജയശങ്കറിന്‍റെയും വിനു വി ജോണിന്‍റെയും ധാരണ- കെ ടി ജലീല്‍

ചാനല്‍ ചര്‍ച്ചയില്‍ തന്നെ അപമാനിച്ച വിനു വി ജോണ്‍, ജയശങ്കറിനും മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. മുസ്ലിം പേരുള്ള എല്ലാവരും വിവരദോഷികളും അൽപ്പന്മാരുമാണെന്നുമാണ് മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ കരുതുന്നത്. മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവർത്തനമെന്നാണ് ഏഷ്യാനെറ്റ് കുളത്തിലെ തവളയുടെ ധാരണ. വെറുതേ ചാനൽ റൂമുകളിലിരുന്ന് നാക്കിട്ടടിച്ച് സമയം കളയാതിരിക്കലാണ് കേരളത്തിൻ്റെ മത-സാമുദായിക സൗഹൃദ രംഗം വഷളാകാതിരിക്കാൻ നല്ലത്. ഇതൊന്നും പറയണമെന്ന് കരുതിയതല്ല. ജയശങ്കറും വിനു വി ജോണും പറയിപ്പിച്ചതാണ് - കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇസ്ലാമിക് ഹിസ്റ്ററിയും ജയശങ്കറും വിനു വി ജോണും

ഞാൻ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കർ ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പറയുന്നത് കേട്ടു. സമാനരീതിയിൽ ഒരു പ്രതികരണം മുമ്പ് ഏഷ്യാനെറ്റിലെതന്നെ ഒരു അവതാരകശിരോമണിയും പറഞ്ഞതായി ചിലർ ശ്രദ്ധയിൽപെടുത്തിയിരുന്നു. അഡ്വക്കറ്റ് ജയശങ്കർ വലിയ നിയമജ്ഞനും മഹാ പണ്ഡിതനുമാണെന്നാണ് അദ്ദേഹത്തിൻ്റെ വിചാരം. ഹൈക്കോടതിയിലെ കേസില്ലാവക്കീലൻമാരുടെ കൂട്ടത്തിൽ പ്രഥമഗണനീയ സ്ഥാനമാണ് ജയശങ്കറെന്ന നിയമ കേസരിക്കുള്ളത്. കഴിഞ്ഞ പത്തൊൻപത് വർഷത്തിനിടയിൽ ഒരു കേസ് ടിയാൻ കോടതിയിൽ വാദിക്കുന്നത് കേട്ടിട്ടില്ലെന്നാണ് ഒരു അഭിഭാഷകൻ പറഞ്ഞത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എത്ര വക്കാലത്താണ് ജയശങ്കർ എറ്റെടുത്തതെന്ന് അദ്ദേഹം സ്വയം വെളിപ്പെടുത്തിയാൽ നന്നാകും. എല്ലാ ദിവസവും ചാനലുകളിൽ വന്നിരുന്ന് മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് "പാണ്ഡിത്യമാണ്" ജയശങ്കറെന്ന ചാനൽ ജീവിക്കുള്ളത്? കേസുള്ള വക്കീലൻമാർക്ക് ചാനൽറൂമുകളിൽ സന്ധ്യാസമയം ചെലവിടാൻ എവിടെനിന്നാ നേരം കിട്ടുക? സി പി എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ച മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് സ്വന്തമായി അവകാശപ്പെടാനില്ല. 

ഞാൻ എം എ എടുത്തത് ചരിത്രത്തിലാണ്. അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല. എന്നാൽ അറിവ് സമ്പാദിക്കുന്നതിൻ്റെ ഭാഗമായുള്ള അധിക വായനയിലൂടെ ഇസ്ലാമിക ചരിത്രവും വായിച്ച് മനസ്സിലാക്കിയിട്ടുണ്ട്.  ഞാൻ പഠിപ്പിക്കുന്നതും ചരിത്രമാണ്. ഇസ്ലാമിക ചരിത്രമല്ല. ഇനി ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക. എന്താ കുഴപ്പം? കേരളത്തിലെ മികച്ച പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും നിലവിൽ കേരളത്തിൽ നിന്നുള്ള പാർലമെൻ്റംഗങ്ങളിൽ നന്നായി പെർഫോം ചെയ്യുന്നവരിൽ മുൻനിരയിലുള്ള വ്യക്തിയുമായ അബ്ദുസ്സമദ് സമദാനി ഇസ്ലാമിക് ഹിസ്റ്ററിയിൽ എം എ എടുത്ത് ഫാറൂഖ് കോളേജിൽ അദ്ധ്യാപകനായ വ്യക്തിയാണ്. ഇപ്പോൾ ഡൽഹി ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും എടുത്തു. സി പി എം പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ ബി എ ഇസ്ലാമിക് ഹിസ്റ്ററിയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇസ്ലാമിക് ഹിസ്റ്ററിയിലാണ് കൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കി പി ജി എടുത്തത്. ഇവർക്കൊന്നും വിവരമില്ലാ എന്നാണോ തനി വർഗ്ഗീയത പുലമ്പുന്നവർക്ക് സ്പെയ്സ് കൊടുക്കുന്ന ചാനൽ മുത്തശ്ശിയായ ഏഷ്യാനെറ്റിൻ്റെയും അഭിപ്രായം?

വിനു വി ജോണിൻ്റെ കാര്യം അദ്ദേഹത്തെ കേൾക്കുന്ന എല്ലാവർക്കും അറിയാം. മുസ്ലിം പേരുള്ള എല്ലാവരും അദ്ദേഹത്തിന് വിവരദോഷികളും അൽപ്പന്മാരുമാണ്. മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവർത്തനമെന്നാണ് ഏഷ്യാനെറ്റ് കുളത്തിലെ തവളയുടെ ധാരണ. മിസ്റ്റർ വിനു മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാർ പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരുപാട് മുന്നോട്ടുപോയി. അതിൽ അസൂയ പൂണ്ടിട്ട് കാര്യമില്ല. എല്ലാ കാലത്തും ആരാൻ്റെ വിറകുവെട്ടികളും വെള്ളം കോരികളുമാകാൻ അവരെ കിട്ടില്ല. അവർക്കുമറിയാം നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും നടത്താൻ. അവർക്കുമറിയാം കലാ സാംസ്കാരിക, സിനിമാ, ചാനൽ മേഖലകളിൽ തിളങ്ങാൻ. അവർക്കുമറിയാം ഭരണരംഗത്ത് മികവ് പ്രകടിപ്പിക്കാൻ. രാജ്യത്തുണ്ടായ പൊതു വികസന സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇതെല്ലാം സഹോദര മതസ്ഥരെപ്പോലെ അവരും നേടിയത്. 

ജയശങ്കറിനും വിനു വി ജോണിനും സിറിയക് ജോസഫിനും അതിൽ 'കെറുവ്' തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. ഒരു മുസ്ലിം പേരു കണ്ടാൽ ചുവപ്പ് കണ്ട കാളയെപോലെ വിറളിപിടിച്ച് പരാക്രമം കാണിക്കാൻ ഇനിയെങ്കിലും തുനിയാതിരിക്കുക. എൻ്റെ പേരാണ് നിങ്ങൾക്ക് പ്രശ്നമെങ്കിൽ നിങ്ങളുടെയൊക്കെ മതേതര സർട്ടിഫിക്കറ്റ് കിട്ടാൻ അതുമാറ്റാൻ എനിക്ക് മനസ്സില്ല. ഇടതുപക്ഷത്ത് നിൽക്കുന്ന വിശ്വാസികളായ (പ്രാക്ടീസിംഗ്) മുസ്ലിങ്ങളെ താറടിച്ച് കാണിച്ച് മനോവീര്യം കെടുത്തി ലീഗിലും കോൺഗ്രസ്സിലും എത്തിച്ചുകൊടുക്കാമെന്ന് കരാറെടുത്തിട്ടുള്ളവർ വാങ്ങിയ അച്ചാരം തിരിച്ച് കൊടുക്കുന്നതാണ് മര്യാദ. എനിക്ക് എന്തു കിട്ടുന്നു എന്നതിനെക്കാൾ പ്രധാനം രാജ്യത്തിൻ്റെ വർത്തമാന രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ എന്താണ് എന്നുള്ളതാണ്. കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും ഇടതുപക്ഷത്തിനു മാത്രമേ മതഭിന്നിപ്പിൻ്റെ പ്രത്യയശാസ്ത്രത്തോട് ഇഞ്ചോടിഞ്ച് പൊരുതി നിൽക്കാൻ സാധിക്കൂ. യെച്ചൂരിയിലും പിണറായിയിലും ബൃന്ദാ കാരാട്ടിലും കോടിയേരിയിലും വിശ്വാസികളും മതേതര വാദികളുമായ നാനാജാതി മതസ്ഥർക്കും വിശ്വാസവും പ്രതീക്ഷയുമുണ്ട്. വിശ്വാസികളായ മുസ്ലിങ്ങളും അതിൽനിന്ന് ഭിന്നരല്ല.

ചാനൽ ചർച്ചയിൽ കരഞ്ഞ് തീർത്തും ന്യായവും നീതിയും തൊട്ടുതീണ്ടാത്ത വിധി പറഞ്ഞും വിശ്വാസികളായ മുസ്ലിങ്ങളെ ഇടതുപക്ഷത്തുനിന്ന് മാറ്റാനാണ് ''ഇസ്ലാമോഫോബിയ'' മനം നിറയെ കൊണ്ടു നടക്കുന്നവരുടെ ഉദ്ദേശമെങ്കിൽ, ആ വേല കയ്യിലിരിക്കട്ടെ. വെറുതേ ചാനൽ റൂമുകളിലിരുന്ന് നാക്കിട്ടടിച്ച് സമയം കളയാതിരിക്കലാണ് കേരളത്തിൻ്റെ മത-സാമുദായിക സൗഹൃദ രംഗം വഷളാകാതിരിക്കാൻ നല്ലത്. ഇതൊന്നും പറയണമെന്ന് കരുതിയതല്ല. ജയശങ്കറും വിനു വി ജോണും പറയിപ്പിച്ചതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More