ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിം പേര് പരിഗണിക്കുമോ?- സുഫാദ് സുബൈദ

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഇത്തവണ ബിജെപിയും പ്രതിപക്ഷ കക്ഷികളും സ്വീകരിക്കുന്ന സമീപനങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ 2024-ലെ പൊതു തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന അവസരം പ്രതിപക്ഷ കക്ഷികള്‍ എങ്ങനെ ഉപയോഗിക്കും എന്നറിയാന്‍ ജൂലൈ 18-ന്‌ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് സഹായകരമാകും.

2024 ലും രാഷ്ട്രപതി തെരെഞ്ഞെടുപ്പും 

സംഘപരിവാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും ജനാധിപത്യ അട്ടിമറികള്‍ക്കെതിരെയും മുസ്ലീം അന്യവല്‍ക്കരണത്തിനെതിരെയും എല്ലായ്പ്പോഴും ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും സമാജ് വാദി പാര്‍ട്ടിയും ആര്‍ ജെ ഡി യുമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പുകളില്‍ വളരെ ഇടുങ്ങിയ സമീപനം വെച്ചു പുലര്‍ത്തിയതിന് കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പ് ഉള്‍പ്പെടെ എമ്പാടും ഉദാഹരണങ്ങളുണ്ട്. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയെ തുരങ്കം വെച്ച് ത്രികോണ, ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ മിക്കപ്പോഴും ചെയ്തിട്ടുള്ളത്. ഇത് രാജ്യത്ത് മതനിരപേക്ഷതയും ഭരണഘടനയും പൌരാവകാശങ്ങളും പുലരണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യരെ ഒട്ടൊന്നുമല്ല നിരാശരാക്കിയിട്ടുള്ളത്. 'ഞാനോ വലുത് നീയോ വലുത്'എന്ന തരത്തിലുള്ള സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം രാജ്യത്തിന്റെ പൊതുതാത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാര്‍ട്ടികള്‍ കാണിച്ച ഉത്തരവാദിത്തമില്ലാത്ത ഇത്തരം നയസമീപനങ്ങളാണ് ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും രാജ്യത്ത് തങ്ങളുടെ അശ്വമേധം നടത്താന്‍ അവസരമൊരുക്കിയത്. ഇതില്‍നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കാനും ബിജെപി നിര്‍ത്തുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചാല്‍ അത് 2024 ലെ ലോക്സഭാ തെരഞ്ഞടുപ്പ് എങ്ങിനെയായിരിക്കും എന്നത് സംബന്ധിച്ച സൂചനയായി മാറും.

പ്രവാചകനിന്ദയും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും 

നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ) നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. എൻഡിഎയ്ക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും മുന്നണി സ്ഥാനാർത്ഥിക്ക് തന്നെയാവും രാജ്യസഭയിൽ കൂടുതൽ വോട്ട് നേടാനാവുക. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ബി.ജെ.പി രണ്ടാമൂഴം കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ അനുകൂല സാഹചര്യത്തില്‍, മുസ്ലീം അന്യവത്കരണത്തിലൂടെ സംഘപരിവാര്‍ രാജ്യത്തെ മതപരമായും സാമുദായികമായും വിഭജിക്കുകയാണ് എന്ന പ്രതിപക്ഷ പ്രചാരണത്തെ തടയിടുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ പയറ്റാനാകുമോ എന്നായിരിക്കും ബിജെപി കേന്ദ്രങ്ങള്‍ ആലോചിക്കുക. ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദാ പ്രസ്താവനകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുകയും ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ പ്രവാസികള്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഔദ്യോഗികമായിത്തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബിജെപി ശ്രമിക്കും എന്നതുകൊണ്ടുതന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളില്‍ ഏതിലെങ്കിലും ഒന്നില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്താനാകുമോ എന്ന അന്വേഷണം തീര്‍ച്ചയായും ബിജെപി നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 

ആരിഫ് മുഹമ്മദ്‌ ഖാന്‍ 

നിലവില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍റെത്. പഴയ കോണ്‍ഗ്രസ്സുകാരനും ജനദാതള്‍ നേതൃത്വത്തില്‍ വി പി സിംഗ് അധികാരത്തില്‍ വന്നപ്പോള്‍ അതിന്റെ മുഖ്യ സംഘാടകരില്‍ ഒരാളും സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായിരുന്ന ആരിഫ് മുഹമ്മദ്‌ ഖാന്‍ 2004 മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുകാണ്. കേരളാ ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്താനും ബിജെപിക്ക് അനുകൂലമായി പൊതുചര്‍ച്ചയുണ്ടാക്കാനും ആരിഫ് മുഹമ്മദ്‌ ഖാന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇസ്ലാമിക കാര്യങ്ങളിലും മറ്റ് മതകാര്യങ്ങളിലുമുള്ള അവഗാഹവും ആരിഫ് മുഹമ്മദ്‌ ഖാനെ തുണയ്ക്കും. നിലവിലെ ഉപരാഷ്ട്രപതിയും ബിജെപിയുടെ മുന്‍ അധ്യക്ഷനുമായ വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ഉപരാഷ്ട്രപതി സ്ഥാനമാകും ആരിഫ് മുഹമ്മദ്‌ ഖാന് ലഭിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്താര്‍ അബ്ബാസ് നഖ്‍വി

ആരിഫിനെ പരിഗണിച്ചില്ലെങ്കില്‍ ബിജെപി ലിസ്റ്റിലുള്ള മറ്റൊരു പേരാണ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിയുടെത്. രാജ്യസഭയിലൂടെ മന്ത്രിസ്ഥാനത്തെത്തിയ മുഖ്താര്‍ അബ്ബാസ് നഖ്‍വിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ ഇത്തവണത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. നിലവില്‍ കേന്ദ്രമന്ത്രിയായ അദ്ദേഹത്തിന് ഏതെങ്കിലും സഭയില്‍ അംഗത്വം ലഭിക്കാത്ത പക്ഷം 6 മാസത്തിനുള്ളില്‍ മന്ത്രിസ്ഥാനം നഷ്ടമാകും. ഒന്നുകില്‍ രാഷ്ട്രപതി നേരിട്ട് നോമിനേറ്റു ചെയ്യുന്ന രാജ്യസഭാംഗത്വത്തിലേക്കെങ്കിലും പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ മുഖ്താര്‍ അബ്ബാസ് നഖ്‍വിക്ക് പാര്‍ട്ടി പദവികളിലേക്ക് മടങ്ങേണ്ടിവരും. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ഉപരാഷ്ട്രപദവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട് എന്നതരത്തില്‍ വിലയിരുത്തുന്നവരുമുണ്ട്. ഏതായാലും ഈ രണ്ടു പേരുകള്‍ അട്ടിഅറിക്കപ്പെട്ടാലും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് ശേഷം ബിജെപി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ എതെങ്കിലുമൊന്നില്‍ മുസ്ലീം പേര് പരിഗണിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. അന്തരാഷ്ട്രതലത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ കാണുന്ന വഴികളിലൊന്ന് എന്ന തരത്തില്‍  ബിജെപി ഇത്തരമൊരു തന്ത്രം പ്രയോഗിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

Narendran UP 17 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Narendran UP 1 day ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

More
More
Dr. Azad 1 day ago
Views

വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

More
More
Narendran UP 2 days ago
Views

അങ്ങിനെ ഖത്തറിൽ "മഴവിൽ കൊടി "പാറി- യു പി നരേന്ദ്രന്‍

More
More
Narendran UP 3 days ago
Views

ഗെഗൻപ്രെസ്സിങ് എന്ന ജര്‍മ്മന്‍ ഫുട്ബോള്‍ തന്ത്രം- യു പി നരേന്ദ്രന്‍

More
More
R Biju 3 days ago
Views

ശരാശരി അർജൻ്റീനിയൻ ആരാധകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജീവിതം- ആര്‍ ബിജു

More
More