ഭുവനേശ്വര്‍: സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എക്കെതിരെ കേസ്. ഒഡീഷയിലെ ബിജെഡി എം എല്‍ എ ബിജയ് ശങ്കര്‍ ദാസിനെതിരെയാണ് സ്വന്തം വിവാഹത്തിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ കേസെടുത്തത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാകാതെ തന്നെ വഞ്ചിച്ചു എന്നാരോപിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജഗദ്സിംഗ്പൂര്‍ സദര്‍ പൊലീസാണ് കേസെടുത്തത്. ഐ പി സി സെക്ഷന്‍ 420 (വഞ്ചന), 195 എ(തെറ്റായ തെളിവ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തല്‍, 294 (അശ്ലീല പ്രവൃത്തി), 509 (സ്ത്രീത്വത്തെ അപമാനിക്കാനുദ്ദേശിച്ചുളള വാക്ക്, ആംഗ്യം, പ്രവൃത്തി), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് എം എല്‍ എയ്ക്കുമേല് ചുമത്തിയിരിക്കുന്നതെന്ന് ജഗദ്സിംഗ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവാസ് സാഹു പറഞ്ഞു.
എംഎല്‍എയും യുവതിയും മെയ് പതിനേഴിനാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയത്. 30 ദിവസങ്ങള്‍ക്കുശേഷം യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം രജിസ്ട്രാര്‍ ഓഫീസിലെത്തിയെങ്കിലും എം എല്‍ എ സ്ഥലത്തെത്തിയില്ലാ എന്നാണ് പരാതി. ബിജയ് ശങ്കര്‍ ദാസുമായി തനിക്ക് മൂന്നുവര്‍ഷത്തെ ബന്ധമാണുള്ളത്. നിശ്ചയിച്ച ദിവസംതന്നെ വിവാഹം കഴിക്കാമെന്ന് അയാള്‍ വാക്കുനല്കിയിരുന്നു. പക്ഷേ ഇപ്പോള്‍ എംഎല്‍എയുടെ സഹോദരനും കുടുംബാംഗങ്ങളും എന്നെ ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നാണ് യുവതി ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ ആരോപണമുന്നയിച്ച യുവതിയെ വിവാഹം കഴിക്കുന്നതില്‍നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്ന് എംഎല്‍എ ബിജയ് ശങ്കര്‍ ദാസ് പറഞ്ഞു. വിവാഹ രജിസ്ട്രേഷന് ഇനിയും അറുപത് ദിവസം കൂടി ബാക്കിയുണ്ട്. അതുകൊണ്ടാണ് വരാതിരുന്നത്. മാത്രമല്ല. രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകുന്ന കാര്യം ഭാവി വധുവോ അവളുടെ കുടുംബാംഗങ്ങളോ തന്നെ അറിയിച്ചിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.