കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്റുഫ് (71) മരിച്ചു. നാല് ദിവസമായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാഴ്ച മുൻപാണ് പനി ബാധിച്ച് മെഹ്റൂഫിനെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരത്തെ ആരോഗ്യവകുപ്പ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുള്ള മെഹ്റൂഫ് ചില പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നു എന്നാണ് വിവരം. ഇതുവരെ ഇദ്ദേഹം നൂറിലേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.