കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയും നടനുമായ ദിലീപും മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐ പി എസും തമ്മിലുളള വാട്സാപ്പ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുളള ബന്ധം വെളിവാക്കുന്ന ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കേസില്‍ ദിലീപിനെ പിന്തുണച്ച് ആര് ശ്രീലേഖ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇരുവരുടെയും ചാറ്റ് പുറത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാറ്റില്‍ ഇല്ല. എന്നാല്‍ ശ്രീലേഖയോട് സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായി എന്ന് ദിലീപ് പറയുന്നുണ്ട്. ഇരുവരും ഫോണില്‍ വിളിക്കുന്നതിനെക്കുറിച്ചും ശ്രീലേഖയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചും സംസാരിക്കുന്നതാണ് പുറത്തുവന്ന വാട്സാപ്പ് ചാറ്റിന്റെ ഉളളടക്കം.
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെ ആരോപിച്ചത്. ദിലീപും പള്‍സര്‍ സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷനില്‍ രണ്ടുപേരും വന്നു എന്നത് തെളിവായി കണക്കാക്കാനാവില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിനുമേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നൊക്കെയാണ് അവര്‍ തന്റെ യൂട്യുബ് ചാനലിലൂടെ ആരോപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ദിലീപും പള്‍സര്‍ സുനിയുമൊത്തുളള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന ആര് ശ്രീലേഖയുടെ ആരോപണം തളളി ചിത്രം പകര്‍ത്തിയ ആള് രംഗത്തെത്തിയിരുന്നു. ചിത്രം വ്യാജമല്ലെന്നും അതില്‍ ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ തൃശൂര്‍ സ്വദേശി ബിദില്‍ പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വാര്‍ത്തകളിലൂടെയാണ് ദിലീപിനൊപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയാണെന്ന് മനസിലായതെന്നും ബിദില്‍ വ്യക്തമാക്കിയിരുന്നു.