ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊന്ന പ്രതികളുമായുളള ബന്ധത്തെക്കുറിച്ച് ബിജെപി വ്യക്തമാക്കണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഉദയ്പൂര്‍ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടിയുമായുളള ബന്ധം എല്ലാവര്ക്കും വ്യക്തമായതാണെന്നും ഇക്കാര്യത്തില്‍ ബിജെപി പ്രതികരിക്കണമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
'മുസ്ലീം വിഭാഗത്തില്‍പെട്ട മറ്റൊരാളുടെ ഉടമസ്ഥതയിലുളള വീട്ടിലായിരുന്നു ഉദയ്പൂര്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്നത്. ഇവര്‍ വാടക നല്‍കുന്നില്ലെന്നാരോപിച്ച് ഉടമ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് വിഷയത്തില്‍ ഇടപെടുന്നതിനുമുന്പേ തന്നെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടുടമയെ വിളിച്ച് ഭീഷണി തുടങ്ങി. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകനെ ശല്യംചെയ്യരുതെന്നായിരുന്നു അവര്‍ ഉടമയോട് പറഞ്ഞത്. പ്രതികള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം ബിജെപിയുടെ നേതാക്കള്‍ വ്യക്തമാക്കണം'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഉദയ്പൂരില്‍ പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പ്രതികളിലൊരാള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. റിയാസ് അക്താരി ബിജെപിയുടെ നേതാക്കള്‍ക്കൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 2019-ല്‍ സൗദി അറേബ്യയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും ബിജെപി നേതാക്കള്‍ക്കൊപ്പം റിയാസ് നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജൂണ്‍ 28 ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ മാല്‍ദാസില്‍ ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.