ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ മാലിന്യങ്ങള്‍ക്കൊപ്പം. ഉത്തര്‍പ്രദേശിലെ മഥുര നഗര്‍ നിഗം മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളടങ്ങിയ മാലിന്യങ്ങള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മാലിന്യം നിറച്ച വണ്ടിയുമായി വരുമ്പോള്‍ പ്രദേശത്തെ ബിജെപി അനുകൂലികള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ചിത്രങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ചിത്രങ്ങള്‍ തങ്ങള്‍ എടുക്കുകയാണെന്നും നരേന്ദ്രമോദിയും യോഗി ആദിത്യനാഥും രാജ്യത്തിന്റെ ആത്മാക്കളാണെന്നും യുവാക്കള്‍ പറഞ്ഞു. മാലിന്യവണ്ടിയില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ചിത്രവുമുണ്ടെന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, മാലിന്യങ്ങള്‍ക്കൊപ്പം കിടന്നിരുന്നതാണ് ചിത്രങ്ങളെന്നും ചിത്രത്തിലുളളവര്‍ ആരാണെന്നോ ആരാണ് അവ മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചതെന്നോ തനിക്കറിയില്ലെന്നും കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോര്‍പ്പറേഷന്‍ ജീവനക്കാരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. പഴകിയ ചിത്രങ്ങളായതിനാല്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് കൊണ്ടിട്ടതാവാമെന്നും തൊഴിലാളി അതില്‍ എന്തുചെയ്യാനാണ് എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയേയും ബഹുമാനിക്കേണ്ടതുണ്ടെന്നും മാലിന്യങ്ങള്‍ക്കൊപ്പം വയ്ച്ചത് ശരിയായില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു. അതേസമയം, വീഡിയോ വൈറലായതോടെ തൊഴിലാളിയെ കോര്‍പ്പറേഷന്‍ പിരിച്ചുവിട്ടു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടിയെടുത്തെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.