തിരുവനന്തപുരം: ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണന്നും താന്‍ ഇനി അതില്‍ ഒരിക്കലും കയറില്ലെന്നുമുളള ഇ പി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് നടന് ഹരീഷ് പേരടി. ഇന്‍ഡിഗോ വിമാനക്കമ്പനി നഷ്ടത്തിലേക്കും ഇന്ത്യന്‍ റെയില്‍വേ ലാഭത്തിലേക്കും പോവുകയാണെന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. 2022-ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്കാരം കേരളത്തിനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
'രണ്ടാഴ്ച്ചയ്ക്കുളളില്‍ ഒരു പ്രമുഖ പത്രത്തില്‍ വരാവുന്ന ഒരു വാര്‍ത്ത. ഇന്‍ഡിഗോ വിമാനക്കമ്പനി നഷ്ടത്തിലേക്ക്... കേരളത്തില്‍നിന്നുളള യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞിന്റെ ഭാഗമായാണ് ഈ നഷ്ടം എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതേസമയം, ഇന്ത്യന്‍ റെയില്‍വേ ലാഭത്തിലേക്ക്. പെട്ടന്നുളള ഈ ലാഭത്തിനുകാരണം തിരുവനന്തപുരം-കണ്ണൂര്‍, കണ്ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ പെട്ടെന്ന് യാത്രക്കാര്‍ വര്‍ധിച്ചതാണ് എന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിലയിരുത്തല്‍. 2022-ലെ ഏറ്റവും നല്ല റെയില്‍വേ സംസ്ഥാന പുരസ്കാരം കേരളത്തിന്'-എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'അവര്‍ വിലക്കിയത് മൂന്നാഴ്ച്ചത്തേക്കല്ല, ഞാനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറുകയേയില്ല. മാന്യതയുളള മറ്റ് വിമാനക്കമ്പനികളുണ്ട്. അവരുടെ വിമാനത്തില്‍ മാത്രമേ കയറുകയുളളു ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ അപകടത്തിലാണെന്ന് പല സ്ഥലത്തുനിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതുകൊണ്ട് ഞാന്‍ ആ കമ്പനി ഉപേക്ഷിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നതുകേട്ട് വിധിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അത് നിലവാരമില്ലാത്ത കമ്പനിയാണ്'-എന്നാണ് ഇ പി ജയരാജന് ഇന്നലെ പ്രതികരിച്ചത്,