ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടപടിയില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തലസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരുമായ പി ചിദംബരം, ജയറാം രമേശ്, സച്ചിന് പൈലറ്റ്, ശശി തരൂര്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എം പി മാരും ഭാരവാഹികളും പ്രതിഷേധിച്ചത്.
പ്രതിഷേധം ശക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച എം പി മാരെ അറസ്റ്റുചെയ്തതായി ജയറാം രമേശ് ട്വീറ്റ് ചെയ്തു. തങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതായി പൊലീസ് വാഹനത്തില്‍ വെച്ചെടുത്ത വീഡിയോയില്‍ ശശി തരൂര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും ജനാധിപത്യപരമായ പ്രതിഷേധി അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സചിന് പൈലറ്റ് പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നാണ് ഇഡിക്ക് മുന്പില് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാവില്ലെന്ന് സോണിയ ഇഡിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നീട്ടിവെച്ച ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുന്നത്. വീട്ടില്‍ വന്ന് മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും സോണിയ ഗാന്ധി അത് നിരസിക്കുകയായിരുന്നു. ഇതേ കേസില്‍ തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളിലായാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.