തിരുവനന്തപുരം: എല്‍ഡിഎഫിലെ കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസിന്റെ ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലെന്നും അവര്‍ക്ക് എന്തുവേണമെങ്കിലും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
'ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലാത്ത ഒരു രാജ്യത്ത് ഏതുപാര്‍ട്ടിക്കും എന്തുവേണമെങ്കിലും ചിന്തിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. അതില്‍ ഒരു തെറ്റുമില്ല. സി പി ഐയ്ക്ക് എതിര്‍പ്പുളള ഒരു പാര്‍ട്ടിയും എല്‍ഡിഎഫ് മുന്നണിയിലില്ല. എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളും തുല്യമായ പ്രാതിനിത്യമുളളവരാണ്. ഞങ്ങളുടെ ജില്ലാ സമ്മേളനത്തില്‍ ഞങ്ങള്‍ക്കെതിരെയല്ലാതെ അയല്‍വക്കത്തുളളവരെ വിമര്‍ശിക്കാന്‍ പറ്റുമോ? തമിഴ്‌നാട്ടിലെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പറ്റുമോ? കേരളത്തിലെ സര്‍ക്കാരിനെയല്ലേ വിമര്‍ശിക്കാന്‍ പറ്റുകയുളളു. അത് സാധാരണമായ കാര്യമാണ്. അതിലെന്താണ് കുഴപ്പം?'-കാനം രാജേന്ദ്രന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടില്‍ അതൃപ്തരായ ക്ഷടക കക്ഷികളെയും യുഡിഎഫ് വിട്ട് പോയവരെയും മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കാനും ചിന്തന്‍ ശിബിരത്തില്‍ തീരുമാനമായി. ബൂത്ത് തലം മുതലുളള പുനസംഘടന എത്രയുംവേഗം പൂര്‍ത്തിയാക്കാനും സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനും ചിന്തര്‍ ശിബിരത്തില്‍ തീരുമാനമായതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചിരുന്നു.