രാമായണം സീരിയല്‍ ലോക്ക് ഡൌണ്‍ കാലത്ത് നമ്മോട് ചെയ്യുന്നത് - കെ.ടി.കുഞ്ഞിക്കണ്ണന്‍

നമ്മുടെ ഒഴിവുസമയം അവരുടെ പ്രത്യയശാസ്ത്രം 

രാജ്യം അടച്ചിട്ട് ജനങ്ങൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ രാമായണം പരമ്പര ദൂർദർശൻ പുനഃസംപ്രേക്ഷണം ചെയ്യുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.  വീട്ടിലിരിക്കുന്നവരുടെ സമയത്തെ തങ്ങളുടെ പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള അവസരമാക്കാമെന്നാവാം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറെ പോലുള്ള ഹിന്ദുത്വവാദികൾ ലക്ഷ്യമിടുന്നത്. കൊറാണ വൈറസ് ഭീഷണിയും മുൻകരുതലില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണും ദശലക്ഷക്കണക്കിന് ആളുകളെ നിരാലംബതയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കെയാണ്, വീടുകളിൽ കഴിയുന്നവരുടെ സ്വീകരണമുറികളിലേക്ക് അത്യന്തം അപകടരമായ സാംസ്കാരി വൈറസുകളെ കടത്തിവിടാനുള്ള ഹിന്ദുത്വ വാദികളുടെ ഈ നീക്കമെന്നോർക്കണം. പുര കത്തുമ്പോൾ വാഴ വെട്ടാനിറങ്ങിയിരിക്കയാണവർ. രാമഭക്തിയും കൃഷ്ണഭക്തിയുമെല്ലാമവർക്ക് ഹിന്ദുത്വവൽക്കരണത്തിനുള്ള പ്രത്യയശാസ്ത്ര ആയുധങ്ങളാണ്.

ജനങ്ങൾ ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും സാഹിത്യവുമെല്ലാം വായിക്കുന്നതും മിനിസ്ക്രിനിൽ കാണുന്നതും അറിയുന്നതുമെല്ലാം നല്ല കാര്യമാണ്...രാമാണയവും മഹാഭാരതവുമെല്ലാം ആത്യന്തികമായി മതേതരമായ ഇതിഹാസങ്ങളെന്ന നിലയിൽ, ചരിത്ര വസ്തുതകൾക്ക് മേൽ നിർമ്മിക്കപ്പെട്ട മിത്തുകളെന്ന നിലയിൽ കാണേണ്ടതാണ്...വായിക്കേണ്ടതുമാണ്...

രാമായണങ്ങള്‍ പലതുണ്ട് 

 ഇതിഹാസ സാഹിത്യങ്ങളെയെല്ലാം ഹൈന്ദവേതിഹാസങ്ങളായി മാറ്റിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി നടന്നിട്ടുള്ളതെന്ന കാര്യം കാണാതെപോകരുത്...  രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും ആദിമരൂപങ്ങളിൽ വലിയ കൂട്ടിച്ചേർക്കലുകൾ നടന്നതായി കൊസാംബിയെ പോലുള്ള ചരിത്ര പണ്ഡിതർ അസന്ദിഗ്ധമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുമുണ്ടല്ലോ.

300 രാമായണങ്ങളെ കുറിച്ചുള്ള വിഖ്യാത പണ്ഡിതനായ എ.കെ രാമാനുജൻ്റെ പഠനത്തോട് സംഘപരിവാർ എന്ത് മാത്രം അസഹിഷ്ണുതയാണ് കാണിച്ചത്. ഡൽഹി സർവ്വകലാശാലയുടെ സിലബസ്സിൽ നിന്നവരത് നീക്കം ചെയ്തു.. 

മഹാത്മജിയുടെ രാമായണവും ഒരു പ്രണയകാവ്യമല്ലേയെന്ന അഭിപ്രായത്തെ മുൻനിർത്തി സി രാജഗോപാലാചാരി നിരീക്ഷിക്കുന്നത്; രാമായണം പലർക്കും പലതാണെന്നാണ്. ഭക്തർക്ക് മോക്ഷദായകമായ ഭക്തകാവ്യമാകാം. ഭക്തരല്ലാത്ത ആസ്വാദകർക്ക് ഉൽകൃഷ്ടമായ സാഹിത്യകൃതിയാവാം. ചരിത്രകാരന്മാർക്ക് ഇന്ത്യയുടെ സവിശേഷ ചരിത്ര ഘട്ടത്തിലെ സാമൂഹ്യ ബന്ധങ്ങളെയും ജീവിത സാഹചര്യങ്ങളെയും സൂക്ഷ്മമായി മനസിലാക്കാൻ സഹായിക്കുന്ന ചരിത്ര ബന്ധമുള്ള കൃതിയുമാകാമെന്നാണ്. 

പടര്‍ത്തിയത് യുദ്ധോത്സുകത - പഠനങ്ങള്‍ 

പലതായി കാണാനും വായിച്ചെടുക്കാനുമുള്ള പലതായ രാമായണങ്ങളെ ഹൈന്ദവ ദേശീയതക്കാവശ്യമായ, വർണാശ്രമധർമ്മങ്ങളിലധിഷ്ഠിതമായ, പ്രത്യയശാസ്ത്ര ഉല്പന്നമാക്കുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു രാമാന്ദസാഗറിൻ്റെ രാമായണം സീരിയൽ.  ഈ സീരിയൽ 1980 - തുകളിൽ മസ്ജിദ് - മന്ദിർ തർക്കവും ഇന്ത്യൻ സമൂഹത്തിൽ വർഗീയ ധ്രുവീകരണവും ഉണ്ടാക്കുന്നതിൽ വലിയ പങ്കാണ് നിർവഹിച്ചത്. വാല്മീകിയുടെ ഉത്തമപുരുഷനായ രാമനെ ക്ഷാത്രവീര്യവും സംഹാരശേഷിയുള്ള ചരിത്ര പുരുഷനാക്കുകയായിരുന്നു രാമാനന്ദ സാഗർ. വില്ലു കുലച്ചു നില്ക്കുന്ന, അയോധ്യയെ തർക്കഭൂമിയും ഇന്ത്യൻ മനസ്സുകളെ യുദ്ധഭൂമിയുമാക്കുന്ന രാമനെയാണ് രാമാനന്ദസാഗർ ആവിഷ്ക്കരിച്ചത്... 

കുഞ്ഞുമനസ്സുകളിൽ പോലും യുദ്ധോത്സുകത പടർത്തുകയായിരുന്നു ആ സീരിയൽ ചെയ്തത്. രാമായണം സീരിയലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങൾ പലതും കുട്ടികളിൽ യുദ്ധകൗതുകങ്ങളും അക്രമവാസനയും പടർത്തിയതായി സൂചിപ്പിക്കുന്നുണ്ട്. അക്കാലത്ത് പിടിയാട്രിക് ക്ലിനിക്കുകളിൽ എത്തപ്പെട്ട 14 - വയസിന് താഴെയുള്ള കുട്ടികൾ അമ്പും വില്ലും ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതു പോലുള്ള കളികൾ മൂലം പരിക്ക് പറ്റിയവരും മാനസിക പ്രശ്നങ്ങളുള്ളവരുമായിരുന്നുവെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരന്നു.ഇന്ത്യൻ സമൂഹ മനസിനെയാകെ വർഗീയവൽക്കരിച്ച രാമാനന്ദ സാഗറിൻ്റെ രാമായണം ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയായിരുന്നുവെന്ന് വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പർ നിരീക്ഷിക്കുന്നുണ്ട്. പല രാമയാണങ്ങളെയും വായനകളെയും നിഷേധിക്കുന്ന ഹൈന്ദവത എന്ന ഏകത്വത്തിലേക്ക് ഇന്ത്യൻ മനസിനെ വിലയിപ്പിച്ചെടുക്കുന്ന  സാംസ്കാരിക പ്രക്രിയയായിരുന്നു രാമായണം, മഹാഭാരതം സീരിയലുകൾ. നിഷ്ക്കളങ്കമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ രാമഭക്തിയും കൃഷ്ണഭക്തിയും ഇളക്കിയെടുത്ത് ഹൈന്ദവ ദേശീയതക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുത്തിയെടുക്കുകയായിരുന്നല്ലൊ.

ഹൈന്ദവേതര സമൂഹത്തെ അപരവല്‍ക്കരിച്ചു 

ഇന്ത്യയുടെ ബഹു സംസ്കൃതിയെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനാവശ്യമായ രീതിയിലാണ് രാമാനന്ദസാഗർ രാമായണത്തെ പരമ്പരയാക്കിയത്. റൊമീലാ ഥാപ്പർ പറയുന്നത് പലതരം രാമായണങ്ങൾ നാട്ടിലുണ്ട്. പലതരം കലാരൂപങ്ങളിലൂടെ രാമകഥ ജനങ്ങളിൽ എത്തിയിട്ടുമുണ്ട്. എന്നാൽ രാമാനനന്ദ സാഗർ ഈ സീരിയലിന് ആധാരമാക്കിയത് തുളസീദാസൻ്റെ രാമായണമാണ്. തുളസിദാസൻ്റെ പ്രത്യേകത അന്ധമായ വൈഷ്ണവ വിധേയത്വം പുലർത്തുന്നുവെന്നതാണ്. ഭക്തി പ്രസ്ഥാനത്തെപ്പറ്റിയുള്ള പഠനങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈന്ദവ ഇതര ജനസമൂഹങ്ങളോട് പ്രത്യക്ഷമായി തന്നെ തുളസീദാസൻ അപരത്വവും വിദ്വേഷവും സൃഷ്ടിച്ചു. അനവധിയായ കഥാ വൈവിധ്യങ്ങളിലൂടെ ഇന്ത്യൻ സമൂഹ മനസിൽ ജീവിക്കുന്ന ജനകീയനായ രാമനെ ഹൈന്ദവ സങ്കല്പത്തിലുള്ള രാമനാക്കുകയാണ് തുളസീദാസൻ ചെയ്തത്. രാമാനന്ദസാഗർ വൈഷ്ണവ വിധേയത്വത്തിൻ്റേതായ രാമഭക്തി ഉല്പാദിപ്പിക്കാനാവശ്യമായ രീതിയിൽ തുളസീദാസ രാമായണം പരമ്പരയാക്കുകയായിരുന്നു ..

കൊറോണ വീട്ടുതടങ്കലിലാക്കിയ മനുഷ്യരിൽ ആത്മവിശ്വാസവും ഐക്യബോധവും സൃഷ്ടിക്കുന്നതിന്, സഹായകരമായ മാനവികതാ ബോധവും ശാസ്ത്രജ്ഞാനവും പകർന്നു നൽകുന്ന പരിപാടികളാണ് ദൂർദർശൻ ഒരുക്കേണ്ടത്.  ജനങ്ങളുടെ ലെഷർ ടൈമിനെ തങ്ങളുടെ  പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള അവസരമാക്കി മാറ്റുന്ന നിയോലിബറൽ ഫാസിസ്റ്റ് രാഷ്ടീയ നീക്കങ്ങളെ തിരിച്ചറിയാതെ പോകരുത്...

Contact the author

K T Kunjikkannan

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More