സവര്‍ക്കര്‍ക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വന്തം ലെജിറ്റിമസി കണ്ടെത്തുന്നത്- വി ടി ബല്‍റാം

സവർക്കർക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകാരും  സ്വന്തം ലെജിറ്റിമസി കണ്ടെത്തുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകള്‍ ചേര്‍ത്ത് സിപിഎം പങ്കുവെച്ച ഫേസ്ബുക്ക്‌ പോസ്റ്റില്‍ വി ഡി സവര്‍ക്കറുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് വി ടി ബല്‍റാമിന്‍റെ പ്രതികരണം. CPIM Kerala എന്ന പേജിൽ അവർ ഇങ്ങനെയൊരു പോസ്റ്റിട്ടത് സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം വിളിച്ചുപറയാനല്ല, മറിച്ച് വി ഡി സവർക്കർ ഒരു വലിയ സ്വാതന്ത്ര്യ സമരനായകനായിരുന്നു എന്ന സംഘ് പരിവാർ ഭാഷ്യത്തിന് കരുത്തുപകരാനായിട്ടാണ് എന്നാണ് തോന്നുന്നതെന്ന് വി ടി ബല്‍റാം പറഞ്ഞു.  സവർക്കറെ ഉൾക്കൊള്ളിക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ലിസ്റ്റും പൊക്കിപ്പിടിച്ച് അവർ വരുന്നതെന്നും ബിജെപി സംസ്ഥാന നേതാക്കൾ ഈ പോസ്റ്റിനെ പ്രശംസിച്ച് സിപിഎമ്മിനോട് നന്ദി പറയുന്നതും അതുകൊണ്ടുതന്നെയാവണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വി ടി ബല്‍റാമിന്‍റെ കുറിപ്പ്

ചരിത്രത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയെടുക്കുക എന്നത് ഏതൊരു സംഘടിത പ്രത്യയശാസ്ത്രത്തിനും താത്പര്യമുള്ള കാര്യമാണ്. എന്നാൽ CPIM Kerala എന്ന പേജിൽ അവർ ഇങ്ങനെയൊരു പോസ്റ്റിട്ടത് സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം വിളിച്ചുപറയാനല്ല, മറിച്ച് വി.ഡി.സവർക്കർ ഒരു വലിയ സ്വാതന്ത്ര്യ സമരനായകനായിരുന്നു എന്ന സംഘ് പരിവാർ ഭാഷ്യത്തിന് കരുത്തുപകരാനായിട്ടാണ് എന്നാണ് തോന്നുന്നത്. ബിജെപി സംസ്ഥാന നേതാക്കൾ ഈ പോസ്റ്റിനെ പ്രശംസിച്ച് സിപിഎമ്മിനോട് നന്ദി പറയുന്നതും അതുകൊണ്ടുതന്നെയാവണം. കാരണം, 1909 മുതൽ 1921 വരെയുള്ള തടവുകാരുടെ ലിസ്റ്റ് കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന് തെളിവായി ഉയർത്തിക്കാട്ടുമ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് തന്നെ 1925 ഡിസംബറിലല്ലേ എന്ന സ്വാഭാവിക ചോദ്യം ഉയരുമെന്ന് CPIM Keralaക്കാർക്ക് ഊഹിക്കാൻ കഴിയാത്തതാവില്ലല്ലോ? എന്നിട്ടും സവർക്കറെ ഉൾക്കൊള്ളിക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ലിസ്റ്റും പൊക്കിപ്പിടിച്ച് അവർ വരുന്നത്. സവർക്കർക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകളും സ്വന്തം ലെജിറ്റിമസി കണ്ടെത്തുന്നത് എന്നാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അല്ലെങ്കിലും ഒരു വ്യക്തിയെ സ്വാതന്ത്ര്യ സമര സേനാനിയായി പരിഗണിക്കുന്നത് ആ വ്യക്തി രാജ്യത്തിന്റെ ദീർഘമായ സ്വാതന്ത്ര്യ സമര കാലയളവിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ടോ എന്നത് മാത്രം നോക്കിയാവരുത്, മറിച്ച് അവർ ഉയർത്തിപ്പിടിച്ച ആശയങ്ങൾ "സ്വാതന്ത്ര്യം" എന്ന സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നവയാണോ ദുർബ്ബലപ്പെടുത്തുന്നവയാണോ എന്ന് നോക്കിയാവണം. സെല്ലുലാർ ജയിലിൽ തീർച്ചയായും നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ തടവിലടക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അവിടത്തെ എല്ലാ രാഷ്ട്രീയത്തടവുകാരും കലാപകാരികളും സ്വാതന്ത്ര്യ സമര സേനാനികളെന്ന വിശേഷണത്തിന് അർഹരാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

മതത്തിനും ജാതിക്കും ഭാഷക്കുമൊക്കെ അതീതമായി എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന ബഹുസ്വര ദേശീയതാ സങ്കൽപ്പവും അതിനെ പ്രയോഗവൽക്കരിക്കാൻ അനിവാര്യമായ ബഹുകക്ഷി പാർലമെന്ററി ജനാധിപത്യവും അഭിപ്രായ, ആവിഷ്ക്കാര, വിശ്വാസ സ്വാതന്ത്ര്യങ്ങളും ഓരോരുത്തർക്കും മുന്നോട്ടുവരാനുള്ള അവസര സമത്വവുമൊക്കെ ചേരുന്നതാണ് നമ്മുടെ 'സ്വാതന്ത്ര്യം'. ഈ വക കാര്യങ്ങൾക്കായി പോരാടിയവരും അതിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടവരും പീഡനമനുഭവിച്ചവരുമൊക്കെയാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ, അല്ലാത്തവർ വെറും രാഷ്ട്രീയ തടവുകാരേ ആവുന്നുള്ളൂ.

സവർക്കറുടെ 'ഹിന്ദുത്വം' എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഏത് നിലക്ക് നോക്കിയാലും, ഇന്ത്യൻ സ്വാതന്ത്ര്യത്തെയല്ല ഇന്ത്യൻ ഫാഷിസത്തെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു വിഭാഗം ഇന്ത്യക്കാരെ വിശ്വാസത്തിന്റെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ അപരവൽക്കരിക്കുകയും രണ്ടാം തരം പൗരന്മാരായി ഇകഴ്ത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രനിർമ്മാണത്തിന് വേണ്ടി പ്രവർത്തിച്ചവർ ഒരു കാരണവശാലും ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ല. മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയെ രാജ്യത്ത് തിരിച്ചുകൊണ്ടുവരാൻ കൂടി 'ഹിന്ദുത്വ'ക്ക് ലക്ഷ്യമുണ്ടെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഭരണകാലത്ത് എത്ര വർഷം ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും എത്ര ദുരിതം അനുഭവിച്ചിട്ടുണ്ടെങ്കിലും സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാവുന്നില്ല, ഫാഷിസ്റ്റ് പോരാളി മാത്രമേ ആവുന്നുള്ളൂ. അഡോൽഫ് ഹിറ്റ്ലറും അന്നത്തെ ജർമ്മനിയിലെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കുറേക്കാലം ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ചരിത്രത്തിൽ നമുക്ക് കാണാവുന്നതാണ്.

കമ്മ്യൂണിസ്റ്റുകാരുടെ അക്കാലത്തെ പ്രവർത്തനങ്ങളും ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ല, സോവിയറ്റ് മാതൃകയിലുള്ള ഒരു സമഗ്രാധിപത്യ രാജ്യത്തിന് വേണ്ടിയുള്ളതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമില്ലാത്ത, തെരഞ്ഞെടുപ്പുകളോ ജനവിധിയോ ഇല്ലാത്ത, ഒരു പാർട്ടിക്ക് മാത്രം പ്രവർത്തനാനുമതിയുള്ള ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥിതിക്ക് വേണ്ടി പ്രവർത്തിച്ചവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിളിക്കുമ്പോൾ അപഹാസ്യമാവുന്നത് സ്വാതന്ത്ര്യം എന്ന ആശയം തന്നെയാണ്. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതംഗീകരിക്കാൻ കമ്മ്യൂണിസ്റ്റുകൾ കൂട്ടാക്കാതിരുന്നതും സ്വാതന്ത്ര്യത്തോടൊപ്പം ഇവിടേക്ക് കടന്നുവരുന്ന ജനാധിപത്യ വ്യവസ്ഥിതിയോടുള്ള എതിർപ്പ് കൊണ്ടാണ്. നെഹ്രു സർക്കാരിനെതിരെ സായുധവിപ്ലവം നടത്തി അധികാരം പിടിച്ചെടുത്ത് ചെങ്കോട്ടയിൽ ചെങ്കൊടി ഉയർത്താനുള്ള കുപ്രസിദ്ധമായ 'കൽക്കത്ത തീസീസ്' ആഹ്വാനമായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. സ്വതന്ത്ര ഇന്ത്യക്കായി ഒരു ജനാധിപത്യ ഭരണഘടന തയ്യാറാക്കുന്നതിനായി കോൺഗ്രസുകാരായ 82% അംഗങ്ങളുൾക്കൊള്ളുന്ന ഭരണഘടനാ നിർമ്മാണസഭ അതിന്റെ പ്രവർത്തനങ്ങളുമായി നെഹ്രുവിന്റേയും അംബേദ്കറുടേയുമൊക്കെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകുന്ന വേളയിൽ ഒരു നിരോധിത സംഘടനയായി ഒളിവിലെ പ്രവർത്തനമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്. ഒളിവുകാലത്തെ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളേക്കുറിച്ച് സ്വയം വീരേതിഹാസങ്ങൾ പാടിപ്പുകഴ്ത്തുന്നവർ എന്തിനാണ് പാർട്ടി നിരോധിക്കപ്പെട്ടത് എന്നും എന്തിനാണ് നേതാക്കൾക്ക് ഒളിവിൽ പോകേണ്ടിവന്നത് എന്നും പറയാറില്ലല്ലോ. 1950 ജനുവരി 26ന് രാജ്യത്ത് പുതിയ ജനാധിപത്യ ഭരണഘടന നിലവിൽ വന്നതിന്റെ മൂന്നാം ദിവസമാണ് സായുധ വിപ്ലവം എന്ന ആശയത്തിൽ നിന്ന് പിന്തിരിയാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി കോമിൻഫോമിലൂടെ പ്രഖ്യാപിച്ചത്. അതായത് കൽക്കത്ത തീസീസും സായുധ വിപ്ലവവും കുന്തവും കുടച്ചക്രവുമൊന്നും പുതിയ ഇന്ത്യയിൽ നടക്കുന്ന കാര്യമല്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ടുമാത്രമാണ് കമ്മ്യൂണിസ്റ്റുകൾ 'അടവുനയ'മെന്ന നിലയിൽ ഭരണഘടനയേയും പാർലമെന്ററി ജനാധിപത്യത്തേയും അംഗീകരിക്കാൻ തയ്യാറാവുന്നത്.

രാജ്യം അതിന്റെ സ്വാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ച് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ചരിത്രത്തിൽ നിന്ന് നമ്മൾ തിരിച്ചറിയേണ്ടതും ഉയർത്തിക്കാട്ടേണ്ടതും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ശ്രമിച്ചവരേയും സമഗ്രാധിപത്യ രാഷ്ട്രമാക്കാൻ ശ്രമിച്ചവരേയുമല്ല, ഇന്ത്യയെ ഒരു സ്വതന്ത്ര, ജനാധിപത്യ, റിപ്പബ്ലിക്കായി മാറ്റാനുള്ള ലക്ഷ്യവുമായി വൈദേശികാധിപത്യത്തോട് പോരാടിയവരുടെ ഓർമ്മകളാണ്. നേടിയ സ്വാതന്ത്ര്യത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ 75നപ്പുറത്തുള്ള നാൾവഴികളിലും നമുക്ക് ദിശാബോധം പകരേണ്ടത് ആ മതേതര, ജനാധിപത്യ ആശയങ്ങളാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More