എല്ലാവരുടെയും ഉള്ളില്‍ നിറഞ്ഞു നില്ക്കുന്ന ഒരു ചിത്രമാണ് അമൂല്‍ ഗേള്‍. കുട്ടികള്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും 1966-ല്‍ വിപണി കീഴടക്കിയ അമൂല്‍ ഗേളിനെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. രണ്ടുസൈഡില്‍ മുടി കെട്ടി കുഞ്ഞുടുപ്പിട്ട് നില്ക്കുന്ന അമൂല്‍ ഗേളിന് ഇന്നും ആരാധകര്‍ ഏറെയാണ്. അമൂല്‍ ഗേള്‍ എന്നറിയപ്പെടുന്ന പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയുള്ള പോണിയും ധരിച്ച പെണ്‍കുട്ടി ഒരു മലയാളിയാണ്. ശശി തരൂരിന്റെ സഹോദരി ശോഭ തരൂരാണ് അമൂലിന്റെ പരസ്യത്തിലെ പെണ്‍കുട്ടി. ശോഭാ തരൂര്‍ ഇന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ്.
ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമൂലിന് തുടക്കം കുറിക്കുന്നത്. ധവള വിപ്ലവത്തിനുശേഷം ഡോ. വര്‍ഗീസ് കുര്യനും അമൂലിനൊപ്പം ചേര്‍ന്നു. പിന്നീട് അമൂലിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്ഡായിമാറാന് അമുലിന് അധികം സമയം ആവശ്യമായിരുന്നില്ല. ഇന്ത്യക്ക് പുറമെ ഇപ്പോള്‍ വിദേശ വിപണിയിലും അമൂല്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. അമൂലിന്റെ എതിരാളി ബ്രാന്‍ഡായ പോള്‍സണിന്റെ ബട്ടര്‍-ഗേളിന് എതിരായാണ് അമൂല്‍ ഗേളിനെ സൃഷ്ടിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശോഭ തരൂര്‍ അമൂല്‍ ഗേളായി മാറിയതിന് പിന്നിലൊരു കഥയുണ്ട്. അമൂലിനായി ഒരു ക്യാമ്പയ്ന് ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചു. ഇതിനായി ഒരു പരസ്യ ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടറായ സില്‍വസ്റ്റര്‍ കുന്‍ഹയെ സമീപിച്ചു. വര്‍ഗീസ് കുര്യനാണ് കുട്ടികളെവെച്ച് പരസ്യം ചെയ്യാമെന്ന തീരുമാനം കമ്പനിയില്‍ അവതരിപ്പിച്ചത്. അങ്ങനെ പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ ചിത്രം ക്ഷണിച്ചു. എന്നാല്‍ കുന്ഹക്ക് ആ ചിത്രങ്ങളൊന്നും ഇഷ്ടമായില്ല. തുടര്‍ന്ന് നിരവധി കുട്ടികളെ കണ്ടുവെങ്കിലും അമൂല്‍ പരസ്യത്തിന് വേണ്ടയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് തന്റെ സുഹൃത്തായ ചന്ദ്രന് തരൂരിന് 2 വയസുള്ള ഒരു മകളുണ്ടെന്ന് കുന്‍ഹ ആലോചിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ചന്ദ്രന് തരൂരിനെ ബന്ധപ്പെടുകയും മകളുടെ ചിത്രം അയച്ചുതരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെ ശോഭയുടെ ചിത്രം ചന്ദ്രന് തരൂര്‍ അയച്ചു നല്കി. തുടര്‍ന്ന് 712 കുട്ടികളുടെ ചിത്രങ്ങളില്‍ നിന്ന് ശോഭയുടെ ചിത്രം സില്‍വസ്റ്റര്‍ കുന്‍ഹ ഈ പരസ്യത്തിനായി തിരഞ്ഞെടുത്തതോടെ അമൂലിന്റെ മുഖമായി ഇവര്‍ മാറുകയായിരുന്നു.