മതത്തിന്‍റെ പേരിൽ എഴുത്തുകാരൻ ആക്രമിക്കപ്പെടുന്ന ലോകം പ്രാകൃതമാണ്; സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് എം എ ബേബി

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എഴുത്തിന്‍റെ പേരിൽ ഒരു എഴുത്തുകാരൻ ആക്രമിക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവാത്ത കാര്യമാണ്. സൽമാൻ റുഷ്ദിയുടെ എഴുത്തിനോട് നിങ്ങൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. മതവിശ്വാസത്തിന്‍റെ പേരിൽ എഴുത്തുകാരൻ ആക്രമിക്കപ്പെടുന്ന ലോകം അത്രയും പ്രാകൃതമാണ്, അത് ക്രിസ്ത്യാനികൾ ചെയ്താലും മുസ്ലിങ്ങൾ ചെയ്താലും ഹിന്ദുക്കളുടെ ചെയ്ത്ത് ആയാലും ജൂതരുടെ പണി ആയാലും ബൗദ്ധരുടെ പ്രവൃത്തി ആയാലും - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സൽമാൻ റുഷ്ദിക്ക് നേരെ ന്യൂയോർക്കിൽ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. അഭയാർത്ഥികളാവുന്ന എഴുത്തുകാർക്ക് യു എസ് എ ഒരു അഭയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്താൻ ആരംഭിക്കവേയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂജെഴ്സിയിലെ താമസിക്കാരനായ ഹാദി മാതർ എന്ന 24 വയസ്സുകാരനാണ് റുഷ്ദിയെ ഇന്നലെ യോഗസ്ഥലത്ത് വച്ച് ആവർത്തിച്ചു കുത്തിയത്. അടിയന്തര ചികിത്സയിലുള്ള റുഷ്ദിയുടെ ഒരു കണ്ണിനും കരളിനും കൈയിലെ ഞരമ്പിനും പരിക്കേറ്റു. എന്നാലും റുഷ്ദി ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നു എന്നാണ് വാർത്തകൾ. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ല എന്നാണ് ന്യൂയോർക്ക് പൊലീസ് പറയുന്നത്. ലബനനിൽ വേരുകളുള്ള ഇറാനിലെ മതരാഷ്ട്രമേധാവിത്വത്തോട് ആരാധനയുള്ള വ്യക്തിയാണ് എന്നാണ് പ്രാഥമിക നിഗമനം.

1988ൽ സാത്താനിക് വേഴ്സസ് എന്ന കൃതി പ്രസിദ്ധീകരിക്കുന്നതോടെയാണ് റുഷ്ദി വിവാദങ്ങളിൽ പെടുന്നത്. പല മുസ്ലിങ്ങളും ഈ കൃതിയെ  ദൈവദോഷമായി കാണുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ആ പുസ്തകം ഇന്നും നിരോധിക്കപ്പെട്ടിരിക്കുന്നു. അന്നത്തെ ഇറാൻ ഭരണാധികാരി അയത്തൊള്ള ഖൊമേനി സൽമാൻ റുഷ്ദിയെ വധിക്കാൻ ഒരു ഫത്വ പുറപ്പെടുവിച്ചു. മുപ്പത് ലക്ഷം ഡോളറാണ് ആര് റുഷ്ദിയെ കൊന്നാലും സമ്മാനമായി ഇറാൻ ഭരണകൂടം വാഗ്ദാനം ചെയ്തത്. അന്നു മുതൽ ഇന്നു വരെ റുഷ്ദിയുടെ ജീവന് ഭീഷണിയുണ്ട്. പതിറ്റാണ്ടുകളായി അദ്ദേഹം ഒളിവിൽ ആണ് ജീവിക്കുന്നത്. ഇപ്പോൾ യുഎസ്എ പൗരത്വമുള്ള താമസിക്കുന്ന ബ്രിട്ടീഷുകാരനായ ഇദ്ദേഹം 1947ൽ മുംബൈയിൽ ജനിച്ച ഇന്ത്യൻ വംശജനാണ്. ഈ ഒളിവിലെ ജീവിതത്തെക്കുറിച്ച് ജോസഫ് ആൻറൺ എന്ന് ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. 

1981 ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൻ ബുക്കർ സമ്മാനം നേടുന്നതോടെയാണ് അദ്ദേഹം ലോകശ്രദ്ധയിൽ വരുന്നത്. പേർഷ്യൻ, ഇന്ത്യൻ സാഹിത്യപാരമ്പര്യങ്ങളിൽ വേരുകളാഴ്ത്തിയ മാജിക്കൽ റിയലിസ്റ്റ് എഴുത്തുകാരൻറെ കൃതികൾ അവയുടെ സർഗാത്മകതകൊണ്ടും ലോകവിജ്ഞാനം കൊണ്ടും ഭയരഹിതമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാകുന്നു. എഴുത്തിൻറെ പേരിൽ ഒരു എഴുത്തുകാരൻ ആക്രമിക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കാൻ ആവാത്ത കാര്യമാണ്. സൽമാൻ റുഷ്ദിയുടെ എഴുത്തിനോട് നിങ്ങൾക്ക് എതിർപ്പ് ഉണ്ടെങ്കിൽ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. മതവിശ്വാസത്തിന്റെ പേരിൽ എഴുത്തുകാരൻ ആക്രമിക്കപ്പെടുന്ന ലോകം അത്രയും പ്രാകൃതമാണ്, അത് ക്രിസ്ത്യാനികൾ ചെയ്താലും മുസ്ലിങ്ങൾ ചെയ്താലും ഹിന്ദുക്കളുടെ ചെയ്ത്ത് ആയാലും ജൂതരുടെ പണി ആയാലും ബൗദ്ധരുടെ പ്രവൃത്തി ആയാലും. വിയോജിപ്പും വിമർശനവും ആരുടേയും ഉന്മൂലനത്തിലൂടെ ആവരുത്. മതത്തിന്റെപേരിലുള്ള സംഘടിത ഹിംസകളും കൂട്ടക്കുരുതികളും ഒരുമതത്തിന്റേയും മാനവിക വായനകൾക്ക് നിരക്കുന്നതല്ല. പ്രതിലോമ രാഷ്ട്രീയത്തിനു ഇന്ധനമായി , വൈകാരികമായി മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന സ്ഥാനമോഹികളാണ് വർഗ്ഗീയകൂട്ടക്കൊലകൾക്കും വംശീയ ഉന്മൂലനത്തിനും ,

മത പ്രതിനിധാനങ്ങളേയും പ്രവാചകരേയും സംരക്ഷിക്കുന്നവരാണെന്ന അവകാശവാദവുമായി കൊലവിളിനടത്തുന്നതും കൂട്ടക്കൊലയാളികളെ ആയുധമണിയിച്ച് ഒരുക്കിയിറക്കുന്നതും. ഇക്കൂട്ടർ ഓരോമതത്തിലും ചെറുന്യുനപക്ഷമാണ്. വർഗ്ഗീയവാദികളായിട്ടില്ലാത്ത ഓരോമതത്തിലേയും സാധാരണവിശ്വാസികളെക്കൂടി ബോധപൂർവ്വവും ക്ഷമയോടെയും , മതേതരത്വത്തിനും മതസൌഹാർദ്ദത്തിനും വേണ്ടിയുള്ള വിശാലസമര വേദിയിൽ അണിനിരത്താൻ കഠിനശ്രമം ആവശ്യമാണ്. എന്നാൽമാത്രമേ മതകലഹങ്ങളുടേയും കൂട്ടക്കൊലകളുടേയും ചോരക്കളമായി മനുഷ്യസമൂഹം സർവ്വനാശത്തിലേക്കു നീങ്ങുന്നത് തടയാൻ സാധിക്കുകയുള്ളു. ഓരോ രാഷ്ട്രസമൂഹത്തിലും ഭൂരിപക്ഷമതമോ വംശമോ ഫാസിസ്റ്റ്പ്രവണതകൾ പ്രകടിപ്പിച്ച് എല്ലാതരം ന്യൂനപക്ഷങ്ങളേയും അരക്ഷിതരാക്കന്നതാണ് , അവരിൽനിന്ന് തീവ്രവാദപരമായതിരിച്ചടികൾക്ക് പ്രകോപനമുണ്ടാക്കുന്നതും അത്തരം ബദൽസായുധദളങ്ങളുടെ സംഘാടനത്തിന് സാഹചര്യം ഒരുക്കുന്നതും. ആർഎസ്എസും ഒരു മേധാവി രാഷ്ട്രം എന്ന നിലയിൽ യു എസ് എ യും ഇത്തരം സംഘടനകൾക്കും അതിക്രമങ്ങൾക്കും അരങ്ങൊരുക്കിയിട്ടുണ്ടെന്നതും വെളിപ്പെട്ടിട്ടുള്ള വസ്തുതയാണല്ലോ.

അതിനാൽ ഭൂരിപക്ഷത്തിന്റെ മേൽവിലാസത്തിൽ അരങ്ങേറുന്ന വർഗ്ഗീയതയും ഭീകരപ്രവർത്തനങ്ങളും ഫാസിസമാകാവുന്ന അതിഭയാനക ഭീഷണിയാണ് എന്നിരിക്കെത്തന്നെ, ഫലത്തിൽ അതിന് വെള്ളവും വളവും ന്യായീകരണവും പകർന്നുകൊടുക്കുന്നവരാണ് ന്യൂനപക്ഷ വർഗ്ഗീയ - ഭീകരവാദ ദളങ്ങൾ. അവർ ഇതൊക്കെചെയ്യുന്നത് ഭൂരിപക്ഷത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കൊടുംപ്രതിലോമഭീകരവാദികൾക്കെതിരേ തങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് സ്വയം തെറ്റിദ്ധരിച്ചുകൊണ്ടാണുതാനും!

അതിനാൽ ന്യുനപക്ഷവർഗ്ഗീയതയും അതിക്രമങ്ങളും , സംഘപരിവാർ ഫാസിസ്റ്റിക്ക് ഭീകരതയുമായി തുല്യം ചാർത്തിഅവതരിപ്പിച്ചുകൂടാ എന്നതിൽ സംശയമില്ലെന്നിരുന്നാലും ന്യൂനപക്ഷ വർഗ്ഗീയത നിരുപദ്രവകരമാണെന്ന് ഒരിക്കലും പറയാനാവില്ല. അത് ഭൂരിപക്ഷവർഗ്ഗീയതയുടെ ന്യായീകരണസ്ഥാനമാണ്. ന്യൂനപക്ഷ വർഗ്ഗീയതയെ സാധാരണഗതിയിൽ ഉല്പാദിപ്പിക്കുന്നത് ഭൂരിപക്ഷത്തിന്റപേരിലുള്ള തീവ്രവാദവും കൂട്ടക്കുരുതികളും ആണെന്നത് മറ്റൊരുസത്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഗുജറാത്ത്: ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ല - എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Social Post

എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ പണനയം സ്വീകരിച്ചതെന്ന് മോദി വിശദീകരിക്കണം - തോമസ്‌ ഐസക്ക്

More
More
Web Desk 2 days ago
Social Post

അച്ഛനമ്മമാരുടെ പണം കൊണ്ട് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ പെൺകുട്ടികൾക്ക് മനസ്സ് വരുന്നു?- നടി സരയൂ

More
More
Web Desk 2 days ago
Social Post

ഈ അഭിമാന നിമിഷം സഖാവ് ടിപിക്ക് സമര്‍പ്പിക്കുന്നു- കെ കെ രമ

More
More
Web Desk 3 days ago
Social Post

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ധിഷണാശാലിയാണ് ബി ആര്‍ അംബേദ്‌കര്‍ - മന്ത്രി കെ രാധാകൃഷ്ണന്‍

More
More
Web Desk 3 days ago
Social Post

ബാബറി മസ്ജിദ്; സംഘപരിവാറിനെ എതിര്‍ക്കാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ്- എ എ റഹീം

More
More