യൂണിവേഴ്‌സിറ്റി നിയമനങ്ങളിലെ അഴിമതി: ആരാണ് പ്രതി?- ദിലീപ് രാജ്

യൂണിവേഴ്‌സിറ്റികളിൽ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതികളാണല്ലോ ഇപ്പോൾ പ്രധാനപ്പെട്ട ചർച്ചാ വിഷയം. ഇത്തരം അഴിമതികളിൽ ആരാണ് പ്രതിസ്ഥാനത്ത് എന്നത് മാത്രം ആരും തെളിച്ചു പറയുന്നില്ല. ഒരു സംശയവും വേണ്ട, ഇത്തരം നിയമനങ്ങളിലെ സെലക്ഷൻ കമ്മിറ്റികളാണ് അതിനു ഉത്തരവാദികൾ. അവർ തീരുമാനിക്കാതെ ഒരു അഴിമതിയും നടപ്പാവില്ല. സെലക്ഷൻ ബോർഡ് അംഗങ്ങളുടെ പങ്ക് മറച്ചുവെച്ചുകൊണ്ടു നടക്കുന്ന ചർച്ചകൾ പല അബദ്ധ നിഗമനങ്ങളിലേക്കും ചെന്നു പതിക്കുമെന്നതിനു ഉദാഹരണമാണ് ജോസഫ് സ്കറിയയെക്കുറിച്ച് മാധ്യമങ്ങൾ ഉണ്ടാക്കുന്ന ഇമേജ് നിർമ്മാണവും തുടർ വാർത്തകളും.

സെലക്ഷൻ ബോർഡുകളിലുള്ളത് വിശ്വോത്തര കളിക്കാരാണ് 

കണ്ണൂർ യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് അദ്ദേഹത്തിനാണ് യോഗ്യതയെന്നും യോഗ്യത അട്ടിമറിച്ചുകൊണ്ട് അദ്ദേഹത്തിന് നിയമനം നിഷേധിച്ചു എന്നുമാണ് ആരോപണം വന്നത്. എന്താണ് അതിനുള്ള പരിഹാരം? സെലക്ഷൻ പ്രക്രിയ നീതിപൂർവകമല്ലെങ്കിൽ ആവശ്യപ്പെടേണ്ടത് നീതിപൂർവ്വകമായ പ്രക്രിയ നടക്കണമെന്നാണ്. അതായത് റാങ്ക് പട്ടിക റദ്ദാക്കുകയും അഴിമതിക്കാരായ സെലക്ഷൻ കമ്മിറ്റിയെ മാറ്റി യോഗ്യരായ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ച് പുതുതായി നിയമനം നടത്തുകയും ചെയ്യുക.  എന്നാൽ തുടക്കം മുതൽ മീഡിയയിൽ വാർത്ത വരുത്തുക എന്നതല്ലാതെ നിയമപരമായോ മറ്റു മാർഗ്ഗങ്ങളിലോ അങ്ങനെയൊരു ആവശ്യം അദ്ദേഹം ഉന്നയിക്കുകയുണ്ടായില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്ന് കരുതാം. എല്ലാ ഇരകൾക്കും അപ്പപ്പോൾ ചെറുത്തു നിൽക്കാൻ കഴിയണമെന്നില്ലല്ലോ. മാത്രവുമല്ല , നീതിപൂർവകമായ പ്രക്രിയ നടന്നാൽ ഒന്നും രണ്ടും സ്ഥാനം ഇപ്പോൾ കിട്ടിയവർ തന്നെ തെരഞ്ഞെടുക്കപ്പെടണമെന്നു യാതൊരു നിർബന്ധവുമില്ല താനും. പങ്കെടുത്തവരിൽ ഏറ്റവും യോഗ്യതയുള്ളയാൾക്കാണ് കിട്ടുക.

കോഴിക്കോട് സര്‍വ്വകാലാശാലയിലെ കഥയെന്താണ് ?

ഇനി നമുക്ക് കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കാര്യങ്ങളിലേക്ക് വരാം. അവിടെ  പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷകനായിരുന്നു ഇദ്ദേഹം. അവിടെ എന്താണ് സംഭവിച്ചത് ? ഒരു വിഭാഗം മീഡിയ പറയുന്നത് റാങ്ക് ലിസ്റ്റിൽ ഒന്നാമതു വന്നിട്ടും കണ്ണൂരിലെ പക വെച്ച് കോഴിക്കോട് അദ്ദേഹത്തെ നിയമിക്കാതിരിക്കുകയാണ് ചെയ്യുന്നത് എന്നാണ്. അതായത് കോഴിക്കോട് നിയമനത്തിലും ഇര ജോസഫ് സ്കറിയ ആണെന്ന്. ഇത് തീർത്തും തെറ്റായ കാര്യമാണ്.  ഇങ്ങനെ പറയുന്നതിനുള്ള കാരണം വിശദമാക്കാം :

ഇര ജോസഫ് സ്കറിയയൊ? സി ജെ ജോര്‍ജ്ജോ? 

2022 ജനുവരി 20-ാം തിയ്യതിയിലാണ്  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള-കേരളപഠനവിഭാഗത്തിലെ പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത്.  പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുത്ത ഡോ. ജോസഫ് സ്‌കറിയയുടെ അപേക്ഷ നോട്ടിഫിക്കേഷനിൽ പറയുന്ന വ്യവസ്ഥപ്രകാരവും നിയമപ്രകാരവും നിലനിൽക്കുന്നതല്ല എന്നുകണ്ട് സ്‌ക്രീനിങ് കമ്മറ്റി ആദ്യഘട്ടത്തിൽത്തന്നെ നിരാകരിച്ചതാണ്. അതിനുശേഷം അദ്ദേഹം  കേരളാ ഹൈക്കോടതിയിൽനിന്നും ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാനുള്ള താല്ക്കാലിക ഉത്തരവു നേടുകയുണ്ടായി. സ്‌ക്രീനിങ് കമ്മറ്റി കണ്ടെത്തിയ അയോഗ്യത (ആവശ്യമായ പത്തു ഗവേഷണപ്രബന്ധങ്ങളുടെ വിശദാംശങ്ങൾ അപേക്ഷയോടൊന്നിച്ച് സമർപ്പിച്ചില്ല എന്നത്) അപരിഹാര്യമായി നിലനിൽക്കുന്നതാണെന്നിരിക്കേ തന്നെ, സെലക്ഷൻ കമ്മറ്റി ഡോ. ജോസഫ് സ്‌കറിയയെ സ്‌ക്രീനിങ് കമ്മറ്റിയുടെ ശുപാർശ കൂടാതെ തന്നെ പരിഗണിക്കുകയും ഒന്നാമനായി റാങ്ക് ചെയ്യുകയും ചെയ്തുവെന്ന് പത്രവാർത്തകളിൽ നിന്ന് മനസ്സിലാവുന്നു. 

ഈ തസ്തികയിലേക്കുള്ള മറ്റൊരു അപേക്ഷകനായിരുന്നു ഡോ.സി.ജെ.ജോർജ്ജ്. അദ്ദേഹം സമർപ്പിച്ച അപേക്ഷയും ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ഉൾപ്പെടെയുള്ള എല്ലാ രേഖകളും സ്‌ക്രീനിങ് കമ്മറ്റി പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ക്ഷണം ലഭിച്ചതനുസരിച്ച് അദ്ദേഹം ഇന്റർവ്യൂവിനു ഹാജരായി. ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ച് ക്ലാസ് എടുപ്പിക്കുകയും ദീർഘമായ സംവാദം നടത്തുകയും മറ്റും ചെയ്ത ശേഷം സെലക്ഷൻ കമ്മിറ്റി(യിലെ ചില അംഗങ്ങൾ ) അദ്ദേഹത്തിന് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ശഠിക്കുകയും ആയതിനാൽ ഇന്റർവ്യൂവിൽ മാർക്ക് നൽകേണ്ടതില്ലെന്നു വാദിക്കുകയും ചെയ്തു. അങ്ങനെ ഇന്റർവ്യൂവിൽ പങ്കെടുത്ത ഡോ.സി ജെ ജോർജ്ജിന് പൂജ്യം മാർക്ക് പോലുമിടാതെ റാങ്ക് പട്ടികയുണ്ടാക്കി എന്നാണ് മനസ്സിലാക്കുന്നത്. ഇത് കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യമാണ്.

കാര്യങ്ങൾ അവിടം കൊണ്ടും നിന്നില്ല. ഇന്റർവ്യൂ കഴിഞ്ഞതിന്റെ പിറ്റേന്ന് യാതൊരു ഔദ്യോഗിക അറിയിപ്പും ഇല്ലാതെ ഈ ഇന്റർവ്യൂവിൽ പങ്കെടുത്ത ജോസഫ് സ്കറിയയ്ക്ക് ഒന്നാം റാങ്ക് ഉള്ളതായി  പത്രവാർത്ത വന്നു. ഇങ്ങനെയൊരു വാർത്തയുടെ സ്രോതസ്സ് യുണിവേഴ്സിറ്റിയല്ലാത്തതിനാൽ ഒന്നുകിൽ ഉദ്യോഗാർത്ഥി, അല്ലെങ്കിൽ സെലക്ഷൻ കമ്മിറ്റിയംഗങ്ങൾ ആവണമല്ലോ. ഫലത്തിൽ സ്‌ക്രീനി കമ്മറ്റി അംഗീകരിച്ച അപേക്ഷകർ (ജോർജ്ജിന് പുറമെ വേറെയും ഉദ്യോഗാർത്ഥികളെ ഈ രീതിയിൽ സമാന കാരണം പറഞ്ഞ് കമ്മിറ്റി അയോഗ്യരാക്കിയിട്ടുണ്ട് എന്നാണറിയുന്നത് )പുറത്തും  അംഗീകരിക്കാത്ത അപേക്ഷകൻ അകത്തുമെന്ന വിചിത്രമായ അവസ്ഥ വന്നു. അതിനുവേണ്ടി ഗുണനിലവാര സംബന്ധിയായ യു ജി സി-യുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്‌ക്രീനിങ് കമ്മറ്റി വിലയിരുത്തുകയും  അംഗീകരിക്കുകയും ചെയ്ത ജോർജ്ജിന്റെ  ഗവേഷണപ്രബന്ധങ്ങൾ, നിലവിലുള്ളചട്ടങ്ങളെ തെറ്റായും വസ്തുതാവിരുദ്ധമായും വ്യാഖ്യാനിച്ച് യോഗ്യമല്ലെന്ന് വിധിച്ചു. തിരുവനന്തപുരത്തുനിന്നും വന്ന ഒരു  കമ്മിറ്റിയംഗമാണ്  ഇക്കാര്യത്തിൽ അമിതാവേശത്തോടെ ശാഠ്യം കാണിച്ചതെന്നും മനസ്സിലാക്കുന്നു. 

ഡോ. സി. ജെ. ജോർജ്ജിനെ അഭിമുഖത്തിൽ മാറ്റിനിര്‍ത്തിയത് എന്തിന്?

ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കുന്നതിന് എന്താവും കാരണം? അധികമാലോചിക്കേണ്ട കാര്യമൊന്നുമില്ല. ഡോ. സി.ജെ.ജോർജ്ജിനെ അഭിമുഖത്തിൽ പങ്കെടുപ്പിച്ചാൽ തങ്ങൾ ഉദ്ദേശിക്കുന്ന ആൾക്ക് യാതൊരു സാധ്യതയും ഉണ്ടാവില്ല എന്ന തിരിച്ചറിവാണതിനുപുറകിൽ. ജോർജ്ജിന്റെ റിസർച്ച് സ്കോർ 1097.5  ആണ്. അതായത് ജോസഫ് സ്കറിയയ്ക്കുള്ളതിന്റെ ഇരട്ടിയോളം. സേവന പരിചയം 26  വർഷം അതിൽ എഫ് ഡി പി, പി ഡി എഫ് കാലയളവ് കിഴിച്ചാലും 22 വർഷത്തെ സർവീസ്. അതിൽ തന്നെ 2012 മുതൽ  അസോസിയേറ്റ് പ്രൊഫസർ എന്ന നിലയ്ക്കാണ് സർവീസ്. ജോസഫ് സ്‌കറിയയുടെ അപേക്ഷ പ്രകാരം പതിനൊന്നര കൊല്ലത്തെ അസിസ്റ്റന്റ് പ്രൊഫസർ സേവന പരിചയമാണ് അദ്ദേഹത്തിനുള്ളത്. അവിടെയുമിരട്ടിയോളം വരും ജോർജ്ജിന്റെ പരിചയമെന്നു ചുരുക്കം. ഗവേഷണ പ്രസിദ്ധീകരണങ്ങൾ,സെമിനാറുകൾ, പുസ്തകങ്ങൾ എന്നിവയൊക്കെ എടുത്താലും ഇതാണ് സ്ഥിതി. ഉദാഹരണത്തിന് ജോർജ്ജിന് സ്വന്തമായി രചിച്ച 5 പുസ്തകങ്ങളുണ്ട്. 'വാക്കിന്റെ സാമൂഹ്യ ശാസ്ത്രം', 'ചിഹ്നശാസ്ത്രവും ഘടനാവാദവും', 'അടവും തുറസ്സും' ,'പുരോഗമനസാഹിതി', 'സമകാലിക സാഹിത്യസിദ്ധാന്തങ്ങൾ' (കെ.വി. തോമസ്സുമായി ചേർന്ന് ) എന്നിങ്ങനെ. കൂടാതെ 'കവിതയും നവോത്ഥാനവും' ( സോമനാഥൻ പി യുമായി ചേർന്ന് )എന്ന വിവർത്തന കൃതിയും 'ആധുനികാനന്തര സാഹിത്യസമീപനങ്ങൾ', 'പുതിയ  മനുഷ്യൻ, പുതിയ  ലോകം : എം. ഗോവിന്ദന്റെ ചിന്തകൾ' എന്നീ എഡിറ്റ് ചെയ്ത കൃതികളും. ജോസഫ് സ്കറിയ അവകാശപ്പെടുന്നത്  ഒരു പുസ്തകമാണ്. അദ്ദേഹം എഡിറ്റ് ചെയ്ത പുസ്തകങ്ങൾ മൂന്നെണ്ണം. ( അതിൽ 'പഴശ്ശി രേഖകൾ', 'തലശ്ശേരി രേഖകൾ' എന്നിവയുടെ  എഡിറ്റർമാരിൽ ഒരാളാണ്, മൂന്നാമത്തേത് , 'മലനാട്ടിലാദി ' സമ്പാദനമാണ്.)

ചുരുക്കിപ്പറഞ്ഞാൽ  ഇന്റർവ്യൂവിൽ മാർക്ക് കുറച്ചുകൊണ്ട് പോലും മുമ്പേ തീരുമാനിച്ച ആളെ ഒന്നാമനാക്കാൻ കഴിയില്ല എന്ന ' നിസ്സഹായാവസ്ഥ'യിലാണ് സെലക്ഷൻ കമ്മിറ്റിയിലെ ചിലർ ജോർജ്ജിനെ സാങ്കേതികമായി ഒഴിവാക്കാനുള്ള മാർഗ്ഗം തേടിയത്. ഇങ്ങനെയുണ്ടാക്കിയ റാങ്ക് പട്ടിക പ്രകാരം ജോസഫ് സ്‌കറിയയെ പ്രൊഫസറായി നിയമിക്കുന്നില്ലെന്നും അത് കണ്ണൂരിലെ പക തീർക്കുന്നതാണെന്നുമാണല്ലോ ഇപ്പോഴത്തെ വിലാപം. വാസ്തവത്തിൽ എന്തുകൊണ്ടാണ് കാലിക്കറ്റിലെ നിയമനം നടക്കാത്തത് ? ഒന്നാം റാങ്കുണ്ടെന്ന് പറയപ്പെടുന്ന ഇദ്ദേഹം ഇന്റർവ്യൂവിൽ പങ്കെടുത്തത് കോടതി മുഖാന്തിരമാണല്ലോ. നിശ്ചിതസമയത്തിനുള്ളിൽ സമർപ്പിച്ച അപേക്ഷയിൽ അവശ്യം ഉണ്ടായിരിക്കേണ്ട പത്തു ഗവേഷണ-ജേണൽ പ്രബന്ധങ്ങൾ  സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാലാണല്ലോ അദ്ദേഹത്തിന്റെ അപേക്ഷ  നിരസിക്കപ്പെട്ടത്. അക്കാര്യത്തിൽ  കോടതി വിധി വന്നാലേ യൂണിവേഴ്‌സിറ്റിക്ക് എന്തെങ്കിലും തീരുമാനം കൈക്കൊള്ളാൻ കഴിയുകയുള്ളൂ. ഡോ .സി ജെ ജോർജ്ജും മറ്റൊരു ഉദ്യോഗാർത്ഥിയായ ഡോ. കെ. ജ്യോതിഷ്‌കുമാറും കേരള ഹൈക്കോടതിയിൽ ഡോ. ജോസഫ് സ്‌കറിയ കൊടുത്ത കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.  

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമക്കുന്ന 'പക'യുടെ ആഖ്യാനം എന്തിനു വേണ്ടിയാണ് ? ഇവിടെ നഗ്നമായ വിലപേശലാണ് ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തമാണ്. ഈ കളി വിജയിച്ചേനെ, നീതിക്കു വേണ്ടി നിയമപരമായി ചെറുത്തുനിന്ന ജോർജ്ജിന്റെ ആർജ്ജവവും കടുത്ത സമ്മർദ്ദങ്ങളുണ്ടായിട്ടും വഴങ്ങാതിരുന്ന സിൻഡിക്കേറ്റ് നിയമനകാര്യ ഉപസമിതിയുടെ ഉറച്ച നിലപാടും ഇടയിൽ വന്നില്ലായിരുന്നെങ്കിൽ. ( കാര്യങ്ങൾ തിരക്കഥയനുസരിച്ച് പോകുന്നില്ല എന്ന് കണ്ടപ്പോൾ ഏറ്റവുമൊടുവിൽ അദ്ദേഹം കണ്ണൂരിൽ കേസ് കൊടുത്തുവെന്നാണ് വാർത്ത കണ്ടത്. നല്ല കാര്യമാണ്.) അഴിമതി അനുവദിക്കാത്ത  സമീപനത്തെയാണ് ഇവിടെ "പക പോക്കൽ " എന്ന് ചിത്രീകരിക്കുന്നത്.  ഇക്കാര്യത്തിൽ തത്വനിഷ്ഠമായ നിലപാടുകൾ  അക്കാദമിക സമൂഹത്തിൽ നിന്നും  വരുന്നുവെന്നത് ശുഭോദർക്കമാണ്. നിയമനങ്ങളുടെ കാര്യത്തിൽ സുതാര്യവും നീതിപൂർവകവുമായ പ്രക്രിയ സ്ഥാപിച്ചെടുക്കുക എന്നതാവണം അഴിമതി വിരുദ്ധ നീക്കങ്ങളുടെ ലക്ഷ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Mehajoob S.V 3 days ago
Views

മാധ്യമപ്രവർത്തകരുടെ തലയിൽ കാൽവെച്ചുനിൽക്കുന്ന വാമനൻമാർ അറിയാന്‍- എസ് വി മെഹ്ജൂബ്

More
More
Views

രേഖാരാജ് നിയമനം: നെറ്റ് അല്ലെങ്കില്‍ പി എച്ച് ഡി എന്നുവന്നാല്‍ പി എച്ച് ഡിക്ക് പ്രത്യേക മാര്‍ക്ക് കൊടുക്കുന്നതെങ്ങിനെ?- രേഷ്മാ ഭരദ്വാജ് , ദിലീപ് രാജ്

More
More
Sufad Subaida 2 weeks ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 weeks ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More
Views

സ്വന്തം പ്രശ്നം പൊതു പ്രശ്നമാക്കി മാറ്റിയ മേരി റോയ്- ക്രിസ്റ്റിന കുരിശിങ്കല്‍

More
More