കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്ക്. പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോടാണ് സ്കൂളില്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. സ്കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ ചേര്‍ത്താല്‍ മതിയെന്നും സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതായി രക്ഷിതാവ് ആരോപിക്കുന്നു.
'സ്കൂളില്‍ ഷാള്‍ ഇടാനാവില്ലെന്ന് പറഞ്ഞു. അപ്പോള്‍ വ്യക്തതയ്ക്കായി ഞാന്‍ ചോദിച്ചു, തട്ടമിടാനാണോ അനുമതിയില്ലാത്തത് എന്ന്. അതെ, തട്ടമിടാന്‍ പറ്റില്ല. അതാണ് ഇവിടുത്തെ നിയമം എന്നായിരുന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞത്. ഇവിടുത്തെ നിയമം ഇങ്ങനെയാണ് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മകളെ ഇവിടെ ചേര്‍ത്താല്‍ മതി എന്നും പറഞ്ഞു'-എന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്കൂളില്‍ താല്‍ക്കാലിക അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥിനി സ്കൂള്‍ മാറാനുളള ശ്രമത്തിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കുറച്ചു കുട്ടികള്‍ക്കുമാത്രമായി സ്കൂളിന്റെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം. 'സ്കൂളുകാര്‍ക്ക് തീരുമാനിക്കാമല്ലോ എങ്ങനെ വേണം യൂണീഫോമെന്ന്. ഇങ്ങനെ തന്നെയാണ് കുറേക്കാലമായി പോയിക്കോണ്ടിരിക്കുന്നത്. ആ കാര്യങ്ങള്‍ കുട്ടിയോടും രക്ഷിതാവിനോടും പറഞ്ഞിട്ടുണ്ട്. അഡ്മിഷന്റെ സമയത്ത് അവര്‍ക്ക് തീരുമാനിക്കാം ഈ സ്കൂളില്‍ നില്‍ക്കണോ ട്രാന്‍സ്ഫര്‍ ഓപ്ഷന് കൊടുത്ത് മാറണോ എന്ന്'-പ്രിന്‍സിപ്പാള്‍ ഡോ. സില്‍വി ആന്റണി കൂട്ടിച്ചേര്‍ത്തു. ശിരോവസ്ത്രം ഇടാന്‍ അനുവദിക്കുന്നില്ലെന്ന് നേരത്തെയും കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിനെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്.