ഡല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് പാര്‍ട്ടി ആദ്യം പരിഗണിക്കുന്നത് രാഹുല്‍ ഗാന്ധിയെത്തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. രാഹുല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും അദ്ദേഹം തങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കുമോ എന്ന കാര്യം അറിയില്ലെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. ഒക്ടോബര്‍ പതിനേഴിന് എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സല്മാന് ഖുര്‍ഷിദിന്റെ പ്രതികരണം.
'ഞാന്‍ മനസിലാക്കിയിടത്തോളം പാര്‍ട്ടിയില്‍ എല്ലാവരുടേയും അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ്. അതില്‍ മാറ്റമില്ല. പക്ഷേ അദ്ദേഹം ഞങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. അക്കാര്യത്തില്‍ ഒരു സൂചനയും അദ്ദേഹം ഇതുവരെ നല്‍കിയിട്ടില്ല. വിദേശത്തുനിന്നെത്തുമ്പോള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടിയിലെ എല്ലാവരുടേയും പിന്തുണ രാഹുല്‍ ഗാന്ധിക്കാണ്'-സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പതിനേഴിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 22-ന് പുറത്തിറക്കും. 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് സൂഷ്മ പരിശോധന നടത്തും. ഒക്ടോബര്‍ എട്ടുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ 17-ന് വോട്ടെടുപ്പ് നടക്കും. 19-ന് വോട്ടെണ്ണല്‍.