ഡല്‍ഹി: എ കെ സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ ജി 23 നേതാക്കളില്‍നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്റ് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജി 23 നേതാക്കള്‍ ശശി തരൂരിനെയോ മനീഷ് തിവാരിയെയോ സ്ഥാനാര്‍ത്ഥിയാക്കും. ശശി തരൂര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. സംഘാംഗങ്ങള്ക്കുളളില് ചര്‍ച്ച സജീവമാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ശശി തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍. എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്കുമാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്കുകൂടി മത്സരം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുളള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പതിനേഴിനാണ് നടക്കുക. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 22-ന് പുറത്തിറക്കും. 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് സൂഷ്മ പരിശോധന നടത്തും. ഒക്ടോബര്‍ എട്ടുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ 17-ന് വോട്ടെടുപ്പ് നടക്കും. 19-ന് വോട്ടെണ്ണല്‍.