ഗുവാഹത്തി: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് ജെ ഡി യു നല്കുന്ന പിന്തുണ പിന്വലിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 60 സീറ്റുള്ള മന്ത്രിസഭയില്‍ 55 എം എല്‍ എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. നിതിഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ ഡി യുവിന് 6 എം എല്‍ എമാരാണുള്ളത്. 48 എം എല്‍ എമാര്‍ ബിജെപിക്കുള്ളതിനാല്‍ ജെ ഡി യു നല്കുന്ന പിന്തുണ പിന്‍വലിച്ചാലും ബിരെന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ല. എന്നാല്‍ ജെ ഡി യുവിന്റെ പുതിയ നീക്കം വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത മാസം 3,4 തിയതികളില്‍ നടക്കുന്ന ജെ ഡിയു ദേശിയ എക്സിക്യുട്ടീവിന് പിന്നാലെ ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുമെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപിയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബീഹാറില്‍ എന്‍ ഡി എയുമായുള്ള ബന്ധം നിതീഷ് കുമാര്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ കക്ഷിയായ ആര് ജെ ഡിക്കൊപ്പം ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപികരിക്കുകയായിരുന്നു. ബീഹാറില്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും മണിപ്പൂര്‍ സര്‍ക്കാരിന് പുറമേ നിന്ന് ജെ ഡി യു പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ജെ ഡി യു എന്‍ ഡി എ സംഖ്യത്തിലായിരുന്നെങ്കിലും മണിപ്പൂരില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയായാണ് മത്സരിച്ചത്.