ബംഗളുരു: മോശം സിനിമകളെ പ്രേക്ഷകര്‍ എപ്പോഴും കയ്യൊഴിയുമെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി. നല്ല സിനിമകളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും മോശം സിനിമകളെ റിലീസായി രണ്ടാം ദിവസം തന്നെ പ്രേക്ഷകര്‍ കൈവിടുമെന്നും ചിരഞ്ജീവി പറഞ്ഞു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യയാണ് ചിരഞ്ജീവിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. വന്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ വലിയ പരാജയമായിരുന്നു. ഇതേക്കുറിച്ചാണ് നടന് ഇപ്പോള്‍ പ്രതികരിച്ചത്.
'കൊവിഡ് മഹാമാരി വന്നതിനുശേഷം തിയേറ്ററുകളിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. അവര്‍ തിയറ്ററുകളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം. ഉളളടക്കം നല്ലതാണെങ്കില്‍ അവര്‍ തിയേറ്ററുകളിലേക്ക് വരിക തന്നെ ചെയ്യും. ബിംബിസാര, സീതാരാമം, കാര്‍ത്തികേയ 2 എന്നീ സിനിമകളുടെ വിജയം അതിന് ഉദാഹരണമാണ്. നമ്മള് സ്ക്രിപ്റ്റിലും ഉളളടക്കത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമ കാണാന്‍ താല്‍പ്പര്യം കാണിക്കില്ല. സിനിമയെക്കുറിച്ചുളള പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകള്‍ മാറി. മോശം സിനിമകള്‍ റിലീസായി രണ്ടാം ദിവസം തന്നെ തിരസ്കരിക്കപ്പെടും. ഞാനും ആ ട്രെന്‍ഡിന്റെ ഇരയാണ്'ചിരഞ്ജീവി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊരട്ടാല ശിവ സംവിധാനം ചെയ്ത ആചാര്യ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. രാം ചരണ്‍, പൂജാ ഹെഡ്ഗെ, സോനു സൂദ്, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം, ഗോഡ്ഫാദര് എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.