മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ രാജ്യത്തെ പ്രതിപക്ഷ നേതൃനിരയുടെ തലപ്പത്തേക്ക് എത്തുന്നു. 2024- ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിയെ വെറും അമ്പത് സീറ്റുകളില്‍ ഒതുക്കാം എന്ന പ്രസ്താവനക്ക് പിന്നാലെയാണ് നിതീഷ് കുമാര്‍ സ്വന്തം നിലക്ക് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണാനും ചര്‍ച്ച നടത്താനുമുള്ള  പ്രയാണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദേശീയ തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചനകളാണ് ബിഹാര്‍ മുഖ്യമന്ത്രി നല്‍കിക്കൊണ്ടിരിക്കുന്നത്.

''ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ച് പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കേണ്ട സന്ദര്‍ഭമാണിത്. എല്ലാവരും ഒന്നിച്ചുനിന്നാല്‍ ഉണ്ടാകുന്ന നേട്ടം വലുതായിരിക്കും. ഞാന്‍ ഒരു അധികാര മോഹിയല്ല, പ്രധാനമാന്ത്രിയാകാനല്ല പ്രതിപക്ഷ കൂട്ടായ്മയുണ്ടാക്കാനാണ് എന്‍റെ ശ്രമം.''- ഡല്‍ഹിയിലെ  സിപിഎം ആസ്ഥാനമായ ഏ കെ ജി സെന്‍ററില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നിതീഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിതീഷ് ഡല്‍ഹിയിലെത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ജനതാദള്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൌതാല, പ്രതിപക്ഷ നിരയിലെ അതികായരായ മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുമായൊക്കെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെയും നിതീഷ് കാണുന്നുണ്ട്.   

നിതീഷ് കുമാറിന്റെ വാക്കുകള്‍ എങ്ങനെയായിരുന്നാലും അദ്ദേഹം സ്വപ്നം കാണുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കസേരയാണ് എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിഹാറില്‍ സ്വന്തം പാര്‍ട്ടിയുടെ സ്വാധീനം ഉറപ്പിക്കാനും ബിഹാര്‍ മുഖ്യമന്ത്രി പദം നേടാനും നിതീഷിനെ കേന്ദ്രത്തില്‍ സര്‍വ്വ പിന്തുണയും നല്‍കി പറഞ്ഞയക്കുക എന്നത് ആര്‍ ജെ ഡിയുടെയും ലാലു പ്രസാദ് യാദവിന്റെയും മകനും ഇപ്പോഴത്തെ ബിഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വിയുടെയും ആവശ്യമാണ്‌. 'രോഗി ഇച്ഛിക്കുന്നതും വൈദ്യന്‍ കല്‍പ്പിക്കുന്നതും പാല്' എന്ന അവസ്ഥയാണ് ബിഹാര്‍ രാഷ്ട്രീയത്തിലുള്ളത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന നിതീഷിന് ഇനി ആ സ്ഥാനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ ശക്തിക്ഷയവും ആര്‍ ജെ ഡിയുടെ ശക്തിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബോധ്യമായതാണ്‌. ആര്‍ ജെ ഡി കേന്ദ്രത്തില്‍ തന്നെ ശക്തമായി പിന്തുണയ്ക്കുമെന്ന ഉറപ്പ് ഇതിനകം നിതീഷിന് കിട്ടിയിട്ടുണ്ട്. നിതീഷ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണ് എന്ന തേജസ്വിയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഒരു പക്ഷെ ആര്‍ ജെ ഡിയും ജെ ഡി യുവും തമ്മില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ഹിന്ദി ബെല്‍റ്റില്‍ നിതീഷിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടായിരുന്ന മുലായം പ്രായാധിക്യത്താലും രാഷ്ട്രീയ സാഹചര്യങ്ങളാലും അത്തരം മോഹങ്ങളിലല്ല ഇപ്പോഴുള്ളത്. മകനും മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ലക്ഷ്യമാകട്ടെ യു പി പിടിക്കുക എന്നതുതന്നെയാണ്. തമിഴ്നാട്ടിലെ എം കെ സ്റ്റാലിനും തെലങ്കാനയിലെ ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി പദമോ ബിജെപിക്കെതിരായ കേന്ദ്രനേതൃത്വത്തില്‍ പരമോന്നത പദവിയോ ആഗ്രഹിക്കുന്നവരല്ല എന്ന കാര്യത്തിലും സംശയമില്ല. ബിജെപിക്കെതിരായി ശക്തമായ പ്രതിപക്ഷ നിര ഉയര്‍ന്നുവരണമെന്ന അഭിപ്രായമാണ് ശിവസേനയുടെ ഉദ്ദവ് താക്കറെക്കുമുള്ളത്. കോണ്‍ഗ്രസിനോട് വിയോജിപ്പുള്ള സിപിഎം കോണ്‍ഗ്രസ് ഇതര കക്ഷികളിലെ ഒരു നേതാവ് ഉയര്‍ന്നുവരുന്നത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യും എന്ന് ഏതാണ്ട് ഉറപ്പാണ്.

മേല്പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായി വരുമെന്ന ആത്മവിശ്വാസമാണ് നിതീഷ് കുമാറിനെ ഇപ്പോള്‍ തലസ്ഥാനത്തെത്തിച്ചിരിക്കുന്നത്. സംസ്ഥാന പാര്‍ട്ടികളില്‍ ബംഗാളില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഇനിയും പച്ചക്കൊടി കാണേണ്ടതുണ്ട്. പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന എന്‍ സി പി നേതാവ് ശരത് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുമായിക്കൂടി സമവായത്തിലെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിപക്ഷം ഒറ്റ ബ്ലോക്കായി എന്ന് പറയാന്‍ കഴിയൂ. അതിനുശേഷം മാത്രമേ കോണ്‍ഗ്രസുമായി എങ്ങനെ സമവായത്തിലെത്താന്‍ കഴിയും എന്നതിനെ കുറിച്ചുള്ള ആലോചന നടക്കൂ. മേല്‍പ്പറഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍ സമവായത്തിലെത്തിയാല്‍ കോണ്‍ഗ്രസിന് അതിനൊപ്പം നില്‍ക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.                                                                                                             

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Mridula Hemalatha

Recent Posts

Dr. Azad 1 month ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 3 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 4 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 4 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 5 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More