ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും ശശി തരൂര്‍ എംപിയും മത്സരിച്ചേക്കും. അശോക് ഗെഹ്ലോട്ട് ഈ മാസം 26-ന് പത്രിക നല്‍കുമെന്നാണ് വിവരം. ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് മാറുന്നത്. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും മത്സരിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയത്. അധ്യക്ഷസ്ഥാനത്തേക്ക് ആര്‍ക്കുവേണമെങ്കിലും മത്സരിക്കാമെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്നും സോണിയാ ഗാന്ധി ശശി തരൂരിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ജി 23 ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായല്ല, പൊതുസ്ഥാനാര്‍ത്ഥിയായി നില്‍ക്കാനാണ് ശശി തരൂരിന് താല്‍പ്പര്യം. അദ്ദേഹം പല നേതാക്കളോടും പിന്തുണ തേടിയതായും വാര്‍ത്തകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, രാജസ്ഥാന്, ചത്തീസ്ഗഢ്, ബിഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പിസിസികള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. പിസിസികള്‍ക്ക് പ്രമേയം പാസാക്കാനുളള അവകാശമുണ്ടെന്നും അത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇന്നുമുതല്‍ എ ഐ സി സി ആസ്ഥാനത്ത് വോട്ടര്‍പട്ടിക പരിശോധിക്കാന്‍ അവസരമുണ്ടാകും. അധ്യക്ഷസ്ഥാനത്തേക്കുളള നോമിനേഷന് മൂന്നുദിവസത്തിനുളളില്‍ സ്വീകരിക്കാന്‍ തുടങ്ങും. ഒക്ടോബര്‍ പതിനേഴിനാണ് തെരഞ്ഞെടുപ്പ് നടക്കുക.