കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞുവെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കാനില്ലെങ്കില്‍ അശോക് ഗെഹ്ലോട്ടും ശശി തരൂര്‍ എം പിയുമായിരിക്കും അധ്യക്ഷ പദവി സ്ഥാനത്തേക്ക് മത്സരിക്കുക. ഗാന്ധി കുടുംബത്തിന്റെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണെന്നതും ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എല്ലാവരുടെയും ആഗ്രഹപ്രകാരം രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ചുമതലയേല്‍ക്കില്ലെന്നും കുടുംബത്തിന് പുറത്തുള്ളവര്‍ നേതൃനിരയിലേക്ക് വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. അതേസമയം, രണ്ട് പദവികള്‍ ഒരാള്‍ക്ക് വഹിക്കാന്‍ സാധിക്കില്ലെന്ന് ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനം അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന അശോക് ഗെഹ്ലോട്ടിന്റെ പ്രതീക്ഷക്കും തിരിച്ചടിയായിരിക്കുകയാണ്. രാജസ്ഥാന് മുഖ്യമന്ത്രിയാകാന്‍ ഇത്രയും നാള് കാത്തിരുന്ന സച്ചിന് പൈലറ്റിന് അവസരം നല്‍കണമെന്ന് അശോക് ഗെഹ്ലോട്ടിനോട് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹം ആ തീരുമാനത്തോട് പൂര്‍ണമായി യോജിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.