ദുബായ്: കൊറോണ വ്യാപനം മൂലം ലോകമാകെ നിലനില്‍ക്കുന്ന യാത്രാവിലക്കും സ്തംഭനാവസ്ഥയും കണക്കിലെടുത്ത് യു.എ.ഇ വിസകളുടെ കാലാവധി നീട്ടി നല്‍കിക്കൊണ്ട് ഉത്തരവായി. തൊഴില്‍, താമസം, സന്ദര്‍ശനം തുടങ്ങി എല്ലാ തരം ആവശ്യങ്ങള്‍ക്കുള്ള വിസകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.
ഇതിനകം വിസാകാലാവധി തീര്‍ന്നവര്‍ പരിഭ്രമിക്കേണ്ടതില്ല. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വിസകള്‍ സ്വയമേവ (ഓട്ടോമാറ്റിക് ) പുതുക്കിക്കിട്ടും. രാജ്യത്ത് താമസിക്കുമ്പോള്‍ കൂടെ കരുതേണ്ട ഇകാമ അഥവാ എമിരേറ്റ്സ് ഐ ഡി കാര്‍ഡും മേല്‍പ്പറഞ്ഞ പ്രകാരം ഓട്ടോമാറ്റിക് ആയി പുതുക്കി നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയത്തെയും തൊഴില്‍കാര്യ വകുപ്പിനെയും ഉദ്ധരിച്ച് അധികൃതര്‍ വ്യകതമാക്കി.
ഇപ്പോള്‍ കൈവശമിരിക്കുന്ന എല്ലാത്തരം രേഖകളും കാലാവധി കഴിഞ്ഞതാണെങ്കിലും എല്ലാത്തരം ആവശ്യങ്ങള്‍ക്കും അംഗീകരിക്കും. ഈ വര്‍ഷം അവസാനിക്കുന്നത് വരെ മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന പെര്‍മിറ്റ് കാര്‍ഡുകളും വിസകളും അതതിന്റെ ഔദ്യോഗിക ആവശ്യങ്ങല്‍ക്കെല്ലാം ഉപയോഗിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.