മാധ്യമപ്രവർത്തകരുടെ തലയിൽ കാൽവെച്ചുനിൽക്കുന്ന വാമനൻമാർ അറിയാന്‍- എസ് വി മെഹ്ജൂബ്

Privileged ആയവർ Unprivileged ആയവർക്കുമേൽ നടത്തുന്ന പുഛവും പരിഹാസവും ആക്ഷേപവും പഠിപ്പിയ്ക്കലുമാണ് മലയാള മാധ്യമ പ്രവർത്തകർക്ക് നേരെ കഴിഞ്ഞ കുറച്ചു കാലമായി ചില കേന്ദ്രങ്ങൾ മന:പൂർവ്വവും അല്ലാതെയും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ രാഷ്ട്രീയ നേതാക്കളുണ്ട്, സിനിമാ നടൻമാരും സംവിധായകരുമുണ്ട്. 8 മണി ചർച്ചകളിലൂടെ രാഷ്ട്രീയ നിരീക്ഷകരും സഹയാത്രികരുമായിത്തീർന്ന് സാംസ്കാരിക മൂലധനം കൈവരിച്ചവരും മറ്റുപലരുമുണ്ട്. 

മേൽപ്പറഞ്ഞവരെല്ലാം മാധ്യമ പ്രവർത്തകരുടെ, പ്രത്യേകിച്ച് കേരളത്തിലങ്ങോളമിങ്ങോളം മൈക്കും പിടിച്ചോടുന്ന ദൃശ്യമാധ്യമ പ്രവർത്തകരുടെ തലോടലിലൂടെ ( മാധ്യമങ്ങളുടെയല്ല ) ചാനൽ സ്റ്റുഡിയോകൾ എന്ന കളിക്കളത്തിൽ ജഴ്സിയണിഞ്ഞവരാണ്. വലിയ കളിക്കാരായിത്തീരുമ്പോൾ, അപ്പോഴും മൈക്കും പെന്നും കടലാസുമായി നടക്കുന്ന മാധ്യമപ്രവർത്തകർ തങ്ങൾക്ക് ശല്യവും വെറുപ്പിക്കലുമായിത്തീരുന്നുവെന്ന് ഭാവിക്കണം. ''ഈ പത്രക്കാരെക്കൊണ്ടു ഞാൻ തോറ്റു' എന്ന ആ പുഛഭാവം മുഖത്ത് തേച്ചുവെയ്ക്കുന്നത് തങ്ങളുടെ കരിയർ ഗ്രാഫ് വർദ്ധിപ്പിക്കുമെന്ന് വലിയ കളിക്കാരായി വളർന്നുകൊണ്ടിരിക്കുന്നവരും വളർന്നവരും കരുതുന്നു. എന്നിട്ടോ? എന്നിട്ട് മാധ്യമ മുതലാളിമാരുടെ കൂട്ടുകാരും അടുപ്പക്കാരുമായിത്തീരാൻ വെമ്പും! മാധ്യമപ്രവർത്തകരെ അഴുക്കായിക്കാണുന്നവർ, ആട്ടും തുപ്പും നടത്തുന്നവർ, വലിയ പത്രങ്ങളുടേയും ചാനലുകളുടേയും സ്വീകരണമുറികളിൽ പൂച്ചെണ്ടും വാങ്ങി മുതലാളിമാർക്കൊപ്പം ഇളിച്ചുനിൽക്കും.

പ്രസിഡൻ്റിനേയും പ്രധാനമന്ത്രിയേയും എൽ പി സ്കൂളിൽ പഠിപ്പിച്ച അധ്യാപകരെപ്പോലെയാണ് അവരുടെ മുഖത്ത് ആദ്യമായി 'Camera flash' അടിച്ച മാധ്യമപ്രവർത്തകരിൽ 99.9 ശതമാനവും. ഒറ്റ വ്യത്യാസം മാത്രം. ഉന്നത സ്ഥാനത്തെത്തുമ്പോൾ 'മാതാപിതാഗുരു ദൈവം' എന്നു മന്ത്രിച്ച് അവർ പഴയ അധ്യാപകരെ കാണാൻ പോകും, കാൽ തൊട്ടുവന്ദിക്കും! മാധ്യമ പ്രവർത്തകരൊ? മേൽപ്പറഞ്ഞവരുടെ പ്രതാപകാലത്തും അവരുടെ മുന്നിൽ മൈക്കും പെന്നും കലാസുമായി കുത്തനെ നിൽക്കും. അവർ എയർപോർട്ടിലെത്തുമ്പോൾ മുട്ടുവേദന കാര്യമാക്കാതെ, മുന്നിലെത്താൻ കിറ്റിക്കിറ്റിയോടും! ചിലപ്പോഴൊക്കെ നീട്ടിയുള്ള ആട്ടുകേൾക്കും. രൂക്ഷമായ നോട്ടത്തിലും സിൽബന്തികളുടെ തള്ളലിലും പെട്ട് ആത്മപീഢയനുഭവിച്ച് തെറിച്ചുപോകും! 

ഹിറ്റ്ലർ മാധവൻകുട്ടിയെ അന്വേഷിച്ചെത്തുന്ന അടൂർ ഭവാനി ചോദിച്ചതുപോലെ മാധ്യമ പ്രവർത്തകർക്ക് ഇപ്പോഴൊരു ചെല്ലപ്പേരുണ്ടല്ലൊ കുഞ്ഞേ... എന്തോന്നായിരുന്നു അത്?... മാപ്രകൾ! നിരീക്ഷക കത്തിവേഷക്കാരും    ഭരണകക്ഷിയുടെ സൈബർ ടീംസും മാധ്യമപ്രവർത്തകരെ പുഛത്തോടെ വിളിക്കുന്ന പേരാണത്. കുഴപ്പമില്ല. ഭരിക്കുന്നവർ പ്രതിപക്ഷത്തുവരുമ്പോൾ അവരാ വിളി മാറ്റി മധ്യമപ്രവർത്തകർ എന്ന് നീട്ടിവിളിച്ചോളും, അപ്പോഴും മറ്റേ വിളി നിലയ്ക്കില്ല. ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ അപ്പുറം ചെന്ന് ആ തേഞ്ഞപേര് നീട്ടി നീട്ടി വിളിക്കും. അതു കേൾക്കാൻ മാധ്യമപ്രവർത്തകരുടെ ജീവിതം പിന്നെയും ബാക്കി!

'' രാഷ്ട്രീയ പ്രവർത്തനം നല്ലതാണ്, അത് നല്ലയാളുകൾ ചെയ്യുമ്പോൾ '' -'സന്ദേശം' എന്ന സിനിമയുടെ അവസാന രംഗത്ത് തിലകൻ മക്കളായ ശ്രീനിവാസനോടും ജയറാമിനോടും പറയുന്ന ഒരു ഡയലോഗാണിത്. അതുപോലെയാണ് മാധ്യമ വിമർശനവും മാധ്യമ പ്രവർത്തകരിൽനിന്നുണ്ടാകുന്ന അനഭിലഷണീയ പ്രവണതളെ വിമർശിക്കലും. അത് ഉദ്ദേശ ശുദ്ധിയോടെ ചെയ്യുമ്പോൾ!.

കുറച്ചുകൂടി അക്കാദമിക്കായി പറഞ്ഞാൽ ഒരു ജനാധിപത്യ സമൂഹത്തിൽ ഒരുകാരണവശാലും ഒഴിവാക്കാനാവാത്ത ഗൗരവമേറിയ പ്രവർത്തനമാണത്. എന്നാൽ നിക്ഷിപ്ത താത്പര്യത്തോടെ മാധ്യമപ്രവർത്തകരെ പുഛിച്ചും വെടക്കാക്കിയും തങ്ങളുടെ വാദഗതികൾക്കും അധികാരപ്രമത്തതയ്ക്കും ന്യായീകരണം കണ്ടെത്താമെന്ന് ആരെങ്കിലും കരുതിയാൽ അത് പെട്ടെന്ന് തിരിച്ചറിയാനാകും. ബുദ്ധിരാക്ഷസരെന്ന് സ്വയം നടിക്കുന്ന ഇവർക്ക് തങ്ങൾ വീസ്ഢികളാണെന്ന് അധികം താമസിയാതെ ബോധ്യപ്പെടും.

ക്യാമറക്കു മുന്നിൽ മാധ്യമപ്രവർത്തകര ആട്ടിത്തുപ്പി Performance നടത്തുന്ന, സമൂഹത്തിലെ Privileged ആയ, സെലിബ്രിറ്റികളായ, പലവിധത്തിൽ അധികാരം കയ്യാളുന്ന അല്പരെ നിങ്ങൾക്കറിയുമൊ, നിങ്ങളെപ്പോലെ ആത്മാഭിമാനമുള്ളവർ തന്നെയാണ് മാധ്യമ പ്രവർത്തകർ ! തല കുനിഞ്ഞു പോകുന്ന ക്യാമറാമാൻ്റെ വീട്ടിലിരുന്ന് അവൻ്റെ/ അവളുടെ മക്കളും വീട്ടുകാരും നാട്ടുകാരും ഇത് കാണും. '' നിങ്ങൾ Investigative Journalist കളല്ലെ? പോയി കണ്ടുപിടിക്കൂ'' എന്ന് വാർത്താ സമ്മേളനങ്ങളിലിരുന്ന് നെഗളിക്കുന്നവർക്കറിയുമൊ അവരുടെ ജോലി ഭാരമെത്രയാണെന്ന്? അവർക്ക് കിട്ടുന്ന ശംബളമെത്രയാണെന്ന്? ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യത നേടി, ഏറ്റവും കുറഞ്ഞ വേതനം പറ്റി, ഏറ്റവും ദൈർഘ്യമേറിയ ജോലി സമയത്തിലും ഏറ്റവും മോശം സാഹചര്യത്തിലും പണിയെടുത്ത് ജീവിക്കുന്നവരാണവർ. ഭാര്യമാർക്കൊ, ഭർത്താക്കൻമാർക്കൊ ജോലിയില്ലാത്ത മാധ്യമപ്രവർത്തകർ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരാണ്. 'രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനം പോലെയൊരു തൊഴിൽ ' എന്ന വ്യാമോഹത്തിൽപ്പെട്ട് പത്ത് നാൽപ്പത് വയസ്സാകുമ്പോഴേക്ക് മടുത്ത് പണ്ടാരടങ്ങി പോകുന്നവരാണവരിലധികവും.

വലിയ കാറുകളിൽ, ഒരു കൂട്ടം സിൽബന്തികൾക്കൊപ്പമെത്തി, മുക്കാ ചക്രത്തിന് ജോലിനോക്കുന്ന മാധ്യമ പ്രവർത്തകരെ, അവർ വെച്ചുതന്ന മൈക്കിലൂടെ അവരുടെ ജോലി പഠിപ്പിക്കുകയും തെറി പറയുകയും ചെയ്യുന്ന നിങ്ങളെ വെറുപ്പാണ്. ഇതിനൊക്കെ പുറമെയാണ് ഒരിയ്ക്കൽ മാധ്യമപ്രവർത്തകരായിരിക്കുകയും അതിൽനിന്നു കിട്ടിയ Cultural Capital വെച്ച് 'താനൊക്കെ ഇപ്പോഴും ഈ പണിയെടുക്കുകയാണെല്ലേഡോ' എന്ന മട്ടിൽ ഏതോ കൊമ്പത്തുനിന്ന് താഴോട്ടു നോക്കുംമട്ടിലുള്ള ചിലരുടെ പരിഹാസം!

മാധ്യമ പ്രവർത്തനം അതിൻ്റെ എല്ലാ പരിമിതികളോടെയും ബാലിശതകളോടെയും നിലനിന്നേ പറ്റൂ. അത് ജനാധിപത്യത്തിൻ്റെ ജീവവായുവാണ്. കണ്ണിമവെട്ടാതെ, തുഛമായ ശംബളവും വാങ്ങി, അലഞ്ഞു വിയർത്തു കളിച്ച് ഈ 'മാപ്ര' കൾ നമുക്ക് മുന്നിൽ ഇല്ലായിരുന്നുവെങ്കിൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നടന്ന കള്ളക്കളികളും ഗൂഢാലോചനകളും ഒരിയ്ക്കലും പുറത്തുവരില്ലായിരുന്നു. അധികാരം കയ്യാളുന്നവർ സാധാരണക്കാർക്കുമേൽ ഹൃദയമില്ലാതെ നടത്തുന്ന ചവിട്ടിയരയ്ക്കലുകൾ, ഒരു മനുഷ്യനെന്ന വിലപോലും കൽപ്പിക്കാതെ നടത്തുന്ന പൗരാവകാശ ലംഘനങ്ങൾ .... എല്ലാമെല്ലാം എത്രയോ എത്രയോ മടങ്ങ് അധികരിച്ചേനെ! ജനാധിപത്യം മുച്ചൂടും അട്ടിമറിയ്ക്കപ്പെട്ടേനെ! മാധ്യമപ്രവർത്തകരുടെ തലയിൽ കാൽവെച്ചുനിൽക്കുന്ന വാമനൻമാർക്ക് ഈ തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More