ബാംഗ്ളൂര്‍: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. കനകപുരിയിലെ വീട്ടിലാണ് ഇന്നലെ വൈകുന്നേരവും രാത്രിയും സി ബി ഐ പരിശോധന നടത്തിയത്. ശിവകുമാറിന്റെ സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോടും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ സി ബി ഐ നടത്തിയ റെയ്ഡ ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും സി.ബി.ഐ. സംഘം പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിനെതിരെ സി ബി ഐ കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം. അതേസമയം, സി ബി ഐ റെയ്ഡ് നടത്തിയത് തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ശിവകുമാര്‍ പറഞ്ഞു. തന്റെ സ്വത്തുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതാണെന്നും ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കള്‍ക്കെതിരെയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതൊന്നും സിബിഐ അന്വേഷിക്കുന്നില്ലെന്നും ശിവകുമാര്‍ ആരോപിച്ചു.