ഒന്നാമനാകാതെ മാറി നടന്ന കോടിയേരി- ജഗദീഷ് ബാബു

കപ്പിനും ചുണ്ടിനും ഇടയില്‍ ഒന്നാമനാകാനുള്ള ഭാഗ്യം നഷ്ടപ്പെട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇതുപോലെ മുഖ്യമന്ത്രി പദത്തില്‍ എത്താതെ പോയ നേതാക്കള്‍ വേറെയുമുണ്ട്. ഗൗരിയമ്മയും എംവി രാഘവനും സുശീലാ ഗോപാലനും ഉള്‍പ്പെടെയുള്ളവര്‍. 

എംവിആറിന്റെയും പിന്നീട് വിഎസിന്റെയും ഒടുവില്‍ പിണറായിയുടെയും നിഴലായി മാത്രം നിന്ന കോടിയേരി ഈ നേതാക്കളുടെയെല്ലാം ദളപതിയായിരുന്നു. വേണമെങ്കില്‍ ഒന്നാമനെ വെട്ടി മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള അവസരങ്ങള്‍ കോടിയേരിക്ക് മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ മുറുകെ പിടിക്കുകയും ഒന്നാമന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രണ്ടാമനായി മാത്രം അദ്ദേഹം മാറിനില്‍ക്കുകയും ചെയ്തു. 68ാം വയസ്സില്‍ യാത്ര പറഞ്ഞ കോടിയേരി വളരെ ചെറിയ പ്രായത്തില്‍ തന്നെ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി മാറിയിരുന്നു. ചെറുപ്പത്തില്‍ തന്നെ പോളിറ്റ്ബ്യൂറോ അംഗമാകാനും നാലുവട്ടം തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്താനും വിഎസ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാകാനും കോടിയേരിക്ക് കഴിഞ്ഞു.

വി എസിനെയും പിണറായിയെയും വെട്ടി കോടിയേരിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു 

പിബി അംഗങ്ങളായ വിഎസും കോടിയേരിയും തമ്മില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭത്തില്‍ പിബിയിലെ മൂന്നാമനായിരുന്ന കോടിയേരിക്ക് വേണമെങ്കില്‍ ഇരുവരെയും വെട്ടിക്കൊണ്ട് മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ കഴിയുമായിരുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായിയുടെ വിശ്വസ്തനായിരുന്നപ്പോള്‍ തന്നെ മന്ത്രിസഭയില്‍ മുഖ്യമന്ത്രി വിഎസിന്റെ വിശ്വാസ്യത ആര്‍ജ്ജിക്കാനും കോടിയേരിക്ക് കഴിഞ്ഞു. ഒരാള്‍ പാര്‍ട്ടി സെക്രട്ടറിയും മറ്റൊരാള്‍ മുഖ്യമന്ത്രിയുമായിരിക്കുമ്പോള്‍ ഇരുവരുടെയും വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട് മന്ത്രിസഭയിലെ രണ്ടാമനായി പ്രവര്‍ത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ക്ഷിപ്രകോപികളായ പിണറായിയെയും വിഎസിനെയും ഒരേസമയം തൃപ്തിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് സമര്‍ത്ഥമായി തന്നെ ഭരിക്കാന്‍ കഴിഞ്ഞ കോടിയേരിക്ക് മുന്നില്‍ പിന്നീട് അവശേഷിച്ചത് മുഖ്യമന്ത്രി പദവി മാത്രമായിരുന്നു. അപ്പോഴും അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ റോളിലേക്കാണ് മാറിയത്. പിണറായിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം ഒരുക്കിയതും കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു.  

ഏത് രാഷ്ട്രീയ നേതാവിന്റെയും വലിയ സ്വപ്‌നമാണ് മുഖ്യമന്ത്രി പദം. ആ പ്രലോഭനത്തിന് മുന്നില്‍ പോലും വീഴാതെ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് കോടിയേരിയെ വ്യത്യസ്തനാക്കുന്നത്. എല്ലാവരും പറയുന്നതുപോലെ സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം തന്നെയായിരുന്നു കോടിയേരി. പാര്‍ട്ടിക്കകത്തോ, സര്‍ക്കാരിലോ വെല്ലുവിളികളില്ലാതെ മുന്നോട്ടുപോയ കോടിയേരിയെ തളര്‍ത്തിയത് രണ്ട് മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്. മറ്റൊരു നേതാവായിരുന്നെങ്കില്‍ ഈ ആരോപണങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നുപോകുമായിരുന്നു. അപ്പോഴും തന്റെ നിരപരാധിത്വം ഉയര്‍ത്തിപ്പിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ നേടാനും കോടിയേരിക്ക് ഒരു പ്രയാസവും ഉണ്ടായില്ല. രാഷ്ട്രീയത്തിനതീതമായി നേടിയെടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും അദ്ദേഹത്തെ ഈ പ്രതിസന്ധികളില്‍ പിന്തുണച്ചു. മാധ്യമങ്ങളുമായുള്ള സൗഹൃദവും കോടിയേരിയെ ഈ പ്രതിസന്ധികളില്‍ ഒരുപരിധി വരെ സഹായിച്ചു എന്നുപറയാം. അസുഖബാധിതനായി സെക്രട്ടറി സ്ഥാനം താല്‍ക്കാലികമായി ഉപേക്ഷിച്ചപ്പോഴും ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും കോടിയേരി ഇടപെട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിലേക്ക് എത്തിച്ചത് കോടിയേരിയുടെ ഇടപെടലാണ്. പിണറായി സെക്രട്ടറിയായിരിക്കെ ചവുട്ടിപ്പുറത്താക്കിയ എം.പി വീരേന്ദ്രകുമാറിനെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടു വന്നതിലും കോടിയേരിക്കുള്ള പങ്ക് ചെറുതല്ല. പ്രതിപക്ഷവുമായി അകലം പാലിക്കുമ്പോള്‍ തന്നെ വ്യക്തിപരമായ ബന്ധം സൂക്ഷിക്കാനും കോടിയേരി ജാഗ്രത കാണിച്ചിരുന്നു. 

അടിയന്തരാവസ്ഥ കഴിഞ്ഞ നാളുകളില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരിയുമായി വ്യക്തിപരമായി അടുക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ ചെയര്‍മാനായിരിക്കെ ആ അടുപ്പം ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ ഒരുഘട്ടത്തില്‍ എസ്എഫ്‌ഐയില്‍ നിന്ന് രാജി വെച്ച് പുറത്തുപോകേണ്ടി വന്നപ്പോഴും കോടിയേരിയുമായുള്ള ബന്ധത്തിന് ഒരു ഉലച്ചിലും ഉണ്ടായില്ല. കാണുമ്പോള്‍ ചിരിച്ചുകൊണ്ട് സംസാരിക്കാനും പഴയ സൗഹൃദം പുലര്‍ത്താനും അദ്ദേഹം മറന്നില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാണുമ്പോഴെല്ലാം ആ സൗഹൃദം പുതുക്കി. ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ആ ബന്ധത്തിന് കുറവുണ്ടായില്ല. മുഖ്യമന്ത്രിയായിരുന്ന വിഎസുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതുകൊണ്ട് പിണറായി ഉള്‍പ്പെടെയുള്ള ഔദ്യോഗിക പക്ഷം അകല്‍ച്ച കാണിച്ചിരുന്നെങ്കിലും കോടിയേരിക്ക് അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. 

കേരളാ പോലീസിന് മനുഷ്യമുഖം നല്‍കിയ ആഭ്യന്തരമന്ത്രി 

കമ്മ്യൂണിസ്റ്റുകാരനായ ഒരു ആഭ്യന്തര മന്ത്രി എങ്ങനെയാകണം എന്നതിന്റെ മാതൃക കൂടിയാണ് കോടിയേരി. കേരളാ പോലീസിന് മനുഷ്യമുഖം നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. അക്കാലത്ത് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് കോടിയേരിയെക്കുറിച്ച് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. ലീഡറും ഇകെ നായനാരും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള ആഭ്യന്തര മന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഏറ്റവും നല്ല ആഭ്യന്തര മന്ത്രി കോടിയേരിയായിരുന്നു എന്നാണ് പുന്നൂസ് പറഞ്ഞത്. ഇപ്പറഞ്ഞ മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്തെല്ലാം പോലീസിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ പുന്നൂസ് ഉണ്ടായിരുന്നു. കോടിയേരിയുടെ കാലത്ത് പോലീസ് ആക്ട് പരിഷ്‌കരിച്ചത് പോലീസ് സേനയുടെ ചരിത്രത്തിലെ വലിയ കാല്‍വെപ്പായിരുന്നു. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ കോടിയേരിയുടെ കാലത്താണ് ഉണ്ടായത്. ജനമൈത്രി പോലീസിലൂടെ പോലീസും ജനങ്ങളുമായി ഉണ്ടായിരുന്ന അകലം കുറച്ചുകൊണ്ടുവരാന്‍ അക്കാലത്ത് കഴിഞ്ഞിരുന്നു. കേരളാ പോലീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ സേവന വേതന വ്യവസ്ഥകള്‍ കൊണ്ടുവന്നതും വിഎസ് സര്‍ക്കാരിന്റെ കാലത്താണ്. ജീവിക്കാന്‍ മതിയായ വേതനം കിട്ടിയാല്‍ പോലീസുകാര്‍ക്കിടയിലെ കൈക്കൂലി അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമായിരുന്നു ഈ പരിഷ്‌കാരം. മുഖ്യമന്ത്രിയായിരുന്ന വിഎസാകട്ടെ, ഈ പരിഷ്‌കാരങ്ങള്‍ക്കെല്ലാം വലിയ പിന്തുണയാണ് കോടിയേരിക്ക് നല്‍കിയത്. ആഭ്യന്തരവും വിജിലന്‍സും ടൂറിസവും കൈകാര്യം ചെയ്ത കോടിയേരി വലിയ ആരോപണങ്ങള്‍ക്കൊന്നും ഇടം നല്‍കിയില്ല. 

പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടിയെങ്കിലും ആഭ്യന്തര വകുപ്പാണ് ഏറെ വിമര്‍ശനങ്ങള്‍ വരുത്തിവെച്ചത്. ഇപ്പോഴും പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. പോലീസ് മര്‍ദ്ദനോപകരണമാണ് എന്ന് വിശ്വസിക്കുകയും ഭരണത്തില്‍ എത്തുമ്പോള്‍ അത് മറക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ആഭ്യന്തര മന്ത്രിമാര്‍ക്ക് ഒരു വഴികാട്ടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എംഎല്‍എയോ, മന്ത്രിയോ, മുഖ്യമന്ത്രിയോ ആകുമ്പോള്‍ എങ്ങനെയാകണം പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഏറ്റവും നല്ല മാതൃകയാണ് മുഖ്യമന്ത്രിയായിരുന്ന വിഎസ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കോടിയേരിയും സമാനമായ സംഭാവനകളാണ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
Web Desk 1 week ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 1 week ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 1 week ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 3 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More