ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിനെതിരെ വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനത്തെ ചില എം എല്‍ എമാര്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പമാണിരിക്കുന്നതെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. മറ്റുള്ളവരെ അംഗീകരിക്കുന്നതിലും നല്ലത് വിമതരായി തുടരുകയാണെന്നാണ് സച്ചിന് പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള എം എല്‍ എമാരും വിചാരിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. ഗാന്ധി ജയന്തി ദിനത്തില്‍ ജയ്പൂരില്‍ സംസാരിക്കുമ്പോഴാണ് സച്ചിന് പൈലറ്റിനെതിരെ അശോക് ഗെഹ്ലോട്ട് കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
'കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒറ്റവരി പ്രമേയം പാസാകാതെ പോകുന്നത്. അതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു ആ പ്രമേയത്തിലുണ്ടായിരുന്നത്. അത് പാസാകാതെ പോയതിനാലാണ് സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞത്. എന്തുകൊണ്ടാണ് ആ പ്രമേയം പാസാകാത്തതെന്ന് എല്ലാവര്ക്കും അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഞാന്‍ മത്സരിക്കുമെന്ന് അറിഞ്ഞതോടെ ഒരു വിഭാഗം എം എല്‍ എമാര്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. പി സി സി അധ്യക്ഷനെ അയച്ചിട്ടുപോലും പ്രശ്നം രമ്യതയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരിക്കലും രാജസ്ഥാന് വിട്ടുപോകില്ലെന്ന് എം എല്‍ എമാര്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ടാണ് അവര്‍ അങ്ങനെ പ്രതികരിച്ചത്' - അശോക് ഗെഹ്ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യംമുതല്‍ അശോക് ഗെഹ്ലോട്ടിനെയാണ് ഗാന്ധി കുടുംബം പിന്തുണച്ചത്. എന്നാല്‍ സച്ചിന് പൈലറ്റിന് മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന നിലപാട് അശോക് ഗെഹ്ലോട്ട് സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചെങ്കിലും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഈ തീരുമാനത്തിനെ അനുകൂലിച്ചിരുന്നില്ല. തുടര്‍ന്ന് എം എല്‍ എമാരുമായി ചേര്‍ന്ന് ഗെഹ്ലോട്ട് വിമത നീക്കം നടത്തിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് സോണിയ ഗാന്ധിയെ അദ്ദേഹം നേരില്‍ പോയി കണ്ടുമാപ്പ് പറയുകയായിരുന്നു.