ഒരു യുഗത്തിൻ്റെ പേരാണ് "കോടിയേരി'' - കെ ടി ജലീല്‍

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. നമുക്ക് സഹകരിച്ച് പ്രവർത്തിക്കണം. ജലീൽ ഒറ്റപ്പെടില്ല. പാർട്ടി കൂടെയുണ്ടാകുമെന്ന കോടിയേരിയുടെ വാക്കുകൾ പകർന്ന ഊർജ്ജം സീമാതീതമായിരുന്നുവെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു യുഗത്തിൻ്റെ പേരാണ് "കോടിയേരി''യെന്ന തലക്കട്ടിലാണ് കോടിയേരി ബാലകൃഷണനുമായുള്ള തന്‍റെ ഓര്‍മ്മ കെ ടി ജലീല്‍ പങ്കുവെച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഒരു യുഗത്തിൻ്റെ പേരാണ് "കോടിയേരി'' -കെ ടി ജലീല്‍ 

കോടിയേരിയെ ഞാൻ ആദ്യമായി കണ്ടത് എൻ്റെ നാടായ വളാഞ്ചേരിയിൽ വെച്ചാണ്. ചില കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു എന്നതിൻ്റെ പേരിൽ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. എങ്ങോട്ടെന്നറിയാതെ അന്തിച്ചു നിന്ന ഘട്ടം. ഒരു വഴിത്തിരിവിൽ ദിശാസൂചിക തേടുന്ന നാളുകൾ. അന്നാണ്  ആ കൂടിക്കാഴ്ച. കോടിയേരി ബാലകൃഷ്ണൻ വളാഞ്ചേരിയിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ്. പാർട്ടി നേതാക്കളായ സക്കറിയ്യയും സഹോദരൻ സാലിയുമാണ് പരസ്പരം കാണാനും സംസാരിക്കാനും കളമൊരുക്കിയത്. സഖാവ് വെസ്റ്റേൺ പ്രഭാകരൻ്റെ വീടായിരുന്നു വേദി. ഉച്ചഭക്ഷണം കഴിഞ്ഞ് കോടിയേരി വിശ്രമിക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ് ഉറക്കം പാതിയിൽ അവസാനിപ്പിച്ച് പുഞ്ചിരിതൂകി ഓഫീസ് റൂമിലേക്ക് അദ്ദേഹം കടന്നുവന്നു. എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ സുഖവിവരങ്ങൾ ആരാഞ്ഞു. പിന്നെ കൂടെയുണ്ടായിരുന്ന സഖാക്കൾ പതിയെ പിൻവലിഞ്ഞു. പ്രഭാകരൻ ശബ്ദമുണ്ടാക്കാതെ വന്ന് വാതിലടച്ചു. കോടിയേരി മനസ്സ് തുറന്നു. "നമുക്ക് സഹകരിച്ച് പ്രവർത്തിക്കണം. ജലീൽ ഒറ്റപ്പെടില്ല. പാർട്ടി കൂടെയുണ്ടാകും" കോടിയേരിയുടെ വാക്കുകൾ പകർന്ന ഊർജ്ജം സീമാതീതമായിരുന്നു.

അന്ന് തുടങ്ങിയ ഊഷ്മള ബന്ധം അവസാനം വരെ നിലനിന്നു. മദിരാശി അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ ദിവസങ്ങൾക്ക് മുമ്പാണ് അവസാനമായി കണ്ടത്. തിരുവനന്തപുരത്ത് ഫ്ലാറ്റിൽ ചെന്ന് കാണുമ്പോഴൊക്കെ സഹധർമ്മിണിയോട് തലശ്ശേരി പലഹാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹം വിളിച്ചു പറയും. ഉടൻ ചായയും പലഹാരവുമായി ഭാര്യ എത്തും. വീട്ടുവിശേഷങ്ങൾ ചോദിക്കും. ചികിൽസയിൽ കഴിയവെ മകൻ ബിനീഷുമായി ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. നേരിൽ കാണാൻ വരുന്നുണ്ടെന്നറിയിച്ചു. ഒക്ടോബർ മൂന്നിന്ന് വൈകുന്നേരത്തെ മദ്രാസ് മെയിലിന് ടിക്കറ്റും ബുക്ക് ചെയ്തു. അതുവരെ പക്ഷെ, കോടിയേരി കാത്തുനിന്നില്ല. ദേഹി വിടപറഞ്ഞ അദ്ദേഹത്തിൻ്റെ ചലനറ്റ ദേഹം തൻ്റെ കർമ്മഭൂമിയിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുവന്നു. ലക്ഷങ്ങളിൽ ഒരാളായി അവസാനമായി ഞാനും ആ മുഖം ഒരുനോക്കു കണ്ടു.

കുറ്റിപ്പുറത്തെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് തലസ്ഥാനത്തെത്തി ആദ്യം പോയത് എ.കെ.ജി സെൻ്ററിലേക്കാണ്. നേരെപ്പോയി പാർട്ടി സെക്രട്ടറി പിണറായിയെ കണ്ടു. പിന്നെക്കണ്ടത് കോടിയേരിയെ. എന്നെ കണ്ടപാടെ "ഗംഭീരമാക്കിയല്ലോ" എന്ന മുഖവുരയോടെ കവിൾ നിറഞ്ഞ ചിരിയുമായി ഹസ്തദാനം നൽകി സ്വീകരിച്ചിരുത്തി. തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കിട്ടു. മണ്ഡലം നന്നായി ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചു. വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിൻ്റെ പിന്തുണവേണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. എല്ലാ സഹകരണവും അദ്ദേഹം ഉറപ്പു നൽകി.

കുറ്റിപ്പുറത്ത് ഒരു ടൂറിസം പദ്ധതി വേണം. സ്ഥലം ചികഞ്ഞപ്പോൾ ഭാരതപ്പുഴയോരത്തെ ചവോക്ക് മരങ്ങൾ നിറഞ്ഞ പുഴനമ്പ്രം കൂരിയാൽ കടവാണ് മനസ്സിലെത്തിയത്. ഒരുപാട് കടമ്പകൾ കടക്കണം. ടൂറിസത്തിൻ്റെ ചുമതലയുള്ള കോടിയേരിയെ ഓഫീസിൽ പോയി കണ്ടു. എൻ്റെ പ്രപ്പോസൽ നോക്കി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ വിളിച്ചു. "ഇത് നടത്തിക്കൊടുക്കണം" എന്നു പറഞ്ഞ് മെമ്മോറാണ്ടം രവിയെ ഏൽപ്പിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുറ്റിപ്പുറം നിളയോരം പാർക്കിൻ്റെ ശിലാസ്ഥാപനത്തിന് കോടിയേരിയെത്തി. സമയബന്ധിതമായി പണി പൂർത്തിയാക്കി പുഴയോര ഉദ്യാനം നാടിന് സമർപ്പിക്കുമെന്ന്  പ്രഖ്യാപിച്ചു. കോടിയേരി വാക്കു പാലിച്ചു. കുറ്റിപ്പുറം "നിളയോരം" രണ്ട് വർഷത്തിനുള്ളിൽ ഉൽഘാടനത്തിന് സജ്ജമായി. അസാദ്ധ്യമെന്ന് കരുതിയ പദ്ധതി യാഥാർത്ഥ്യമായി. ഉൽസവഛായയിൽ പുഴയോര ഉദ്യാനം ജനങ്ങൾക്കായി അദ്ദേഹം തുറന്നു കൊടുത്തു.

തിരുനാവായ ക്ഷേത്രത്തോടനുബന്ധിച്ച് ബലിദർപ്പണക്കടവും വിശ്രമ കേന്ദ്രവും വേണമെന്ന അപേക്ഷയുമായി വീണ്ടുമൊരിക്കൽ കോടിയേരിയെ സമീപിച്ചു. തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പടുത്തി പ്രസ്തുത പ്രൊജക്ട് ചെയ്യാൻ അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അതും യാഥാർത്ഥ്യമായി. അതിൻ്റെ ഉൽഘാടനത്തിനും കോടിയേരി വന്നു. പതിറ്റാണ്ടുകൾ അവഗണിക്കപ്പെട്ടു കിടന്ന മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ ടൂറിസം ഫണ്ടുവേണം എന്ന ആവശ്യവുമായി മൂന്നാമതും കോടിയേരിയുടെ മുന്നിലെത്തി. എൻ്റെ പ്രപ്പോസൽ വായിച്ച് നോക്കിയ അദ്ദേഹം പരിശോധിച്ച് നടപ്പിലാക്കാൻ വകുപ്പ് സെക്രട്ടറിക്ക് നോട്ടെഴുതി. അങ്ങിനെ നിലപാടു തറയും മണിക്കിണറും മരുന്നറയും ചങ്ങമ്പള്ളി കളരിയും നാവാമുകുന്ദ ക്ഷേത്ര വളപ്പിലെ സ്മാരകവും ലക്ഷങ്ങൾ ചെലവിട്ട് സംരക്ഷിച്ചു. 

കുറ്റിപ്പുറം-തിരുർ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയായിരുന്നു. ടൂറിസം കണക്റ്റിവിറ്റി റോഡുകൾക്ക് വിനോദ സഞ്ചാര വകുപ്പ് പണം നൽകുന്നുണ്ടെന്ന് കേട്ടു. ഉടൻ വിശദമായ കത്ത് തയ്യാറാക്കി കോടിയേരിയെ സമീപിച്ചു. തുഞ്ചൻ പറമ്പിനെയും മാമാങ്ക സ്മാരകങ്ങളെയും നിളയോരം പാർക്കിനെയും ബന്ധിപ്പിക്കുന്ന തിരൂർ-കുറ്റിപ്പുറം റോഡ് റബറൈസ് ചെയ്യാനുള്ള തുക അനുവദിച്ച് കോടിയേരി കുറ്റിപ്പുറം മണ്ഡലക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 

2016 ൽ ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായ കാലയളവിലും നിരന്തരം കോടിയേരിയെ കാണേണ്ടി വന്നു. നയപരമായ തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ കാലതാമസം കൂടാതെ അദ്ദേഹം പാർട്ടി കമ്മിറ്റിയുടെ അനുമതി വാങ്ങിത്തന്നു. നാല് യു.ഡി.എഫ് നേതാക്കളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളിലായി കോടിയേരിയെ കാണേണ്ടി വന്നത് മറക്കാനാവില്ല. അനുകൂലമായും പ്രതികൂലമായും തീരുമാനങ്ങൾ എടുക്കാവുന്ന വിഷയങ്ങൾ. പ്രദേശികമായി ചില എതിർപ്പുകളും അവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. ഫയലിൽ അനുകൂല തീർപ്പുണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്തു ചെയ്യും. ഞാനാകെ കുഴങ്ങി. ശങ്കിച്ച് ശങ്കിച്ച് പ്രശ്നം മുഖ്യമന്ത്രിയെ  ആദ്യം ധരിപ്പിച്ചു. അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. "ബാലകൃഷ്ണനെ കണ്ട് കാര്യം സംസാരിക്കാൻ" നിർദ്ദേശിച്ചു. കോടിയേരിയെ പാർട്ടി ഓഫീസിലെത്തി കണ്ട് വിശദമായി ചർച്ച ചെയ്തു. പാർട്ടി തീരുമാനം അനുകൂലമായിക്കിട്ടി. നാലു കേസുകളിലും ബന്ധപ്പെട്ടവർക്ക് ഗുണകരമാം വിധം തീരുമാനങ്ങൾ കൈകൊണ്ടു. പിണറായി-കോടിയേരി അച്ചുതണ്ട് എത്രമേൽ മനപ്പൊരുത്തമുള്ളതാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ട സന്ദർഭങ്ങളായിരുന്നു അവ. ഏതു പാർട്ടിക്കാരനെങ്കിലും അൽപമെങ്കിലും മാനുഷികമാണ് പ്രശ്നങ്ങളെങ്കിൽ രാഷ്ട്രീയ വൈരത്തിൻ്റെ പേരിൽ ഒരിക്കലും പിണറായിയോ കോടിയേരിയോ അതവർക്ക് നിഷേധിച്ചില്ല. 

പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോടിയേരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴെല്ലാം അനുകൂലമായേ അദ്ദേഹം പ്രതികരിച്ചിട്ടുള്ളൂ. എല്ലാ മത-സമുദായ വിഭാഗങ്ങളെയും കൂട്ടിപ്പിടിക്കാനുള്ള പിണറായി-കോടിയേരി ടീമിൻ്റെ നേതൃസിദ്ധി അപാരമാണ്. കമ്യുണിസ്റ്റ് പാർട്ടിയോട് അകലം പാലിച്ച് കഴിഞ്ഞിരുന്ന പ്രാക്ടീസിംഗ് മുസ്ലിങ്ങളെയും ക്രൈസ്തവരെയും ഹൈന്ദവരെയും പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ ഇരുവരുടെയും അകളങ്കമായ സമീപനങ്ങൾക്ക് സാധിച്ചു. അക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശക്തമായ പിന്തുണ കോടിയേരിക്ക് നിർലോഭം ലഭിച്ചു. 

കോടിയേരിയുടെ വിയോഗം അദ്ദേഹത്തെ പരിചയപ്പെട്ടവരിലെല്ലാം ദു:ഖവും നഷ്ടബോധവും ഉണ്ടാക്കും. കാരണം എല്ലാവരുടെയും പ്രശ്ന പരിഹാര സെല്ലായിരുന്നു കോടിയേരി. ആ വിടവ് കൂട്ടായ പ്രവർത്തനങ്ങളിലൂടെ നികത്തുമെന്നാണ് വാക്കുകൾ  പൂർത്തീകരിക്കാനാകാതെ ഇടക്കുവെച്ച്  വിങ്ങി നിലച്ച തൻ്റെ അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ആ വാക്കുകളുടെ അർത്ഥവ്യാപ്തി വിവരണാതീതമാണ്. ആരാണ് കോടിയേരിയെന്ന് ഭാവി തലമുറക്ക് മനസ്സിലാക്കാൻ മറ്റെന്തുവേണം?

സി.പി.ഐ (എം) ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും  മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.എ ബേബിയും മറ്റു സഹപ്രവർത്തകരും സഖാവ് കോടിയേരിയുടെ ചേതനയറ്റ മൃതദേഹവും വഹിച്ച് പയ്യമ്പലത്തൊരുക്കിയ ചിതയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന കാഴ്ച അനന്തകാലം ജനഹൃദയങ്ങളിൽ മായാതെ കിടക്കും. സഖാവ് കോടിയേരിക്ക് അന്ത്യാജ്ഞലി.....

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 16 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More