തുടക്കം സംഘികളായിരുന്നു, ഇപ്പോള്‍ ഗവര്‍ണറും സര്‍ക്കാരിനെ ആക്ഷേപിക്കുകയാണ് - തോമസ്‌ ഐസക്ക്

 സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്ന വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. കേരളത്തെ ഇകഴ്ത്താൻ സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. വന്നു വന്നിപ്പോൾ സംസ്ഥാന ഗവർണ്ണറും കേരള സർക്കാരിനെ ആക്ഷേപിക്കാൻ ഇത് ഏറ്റുപിടിച്ചുവെന്നും തോമസ്‌ ഐസക്ക് തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ലോട്ടറിയില്‍ നിന്നുള്ള വരുമാനം കേരളത്തില്‍ മൊത്തം റവന്യൂ വരുമാനത്തിന്റെ പൂജ്യം ശതമാനത്തിനടുത്താണെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താൻ അവർ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിൻബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. വന്നു വന്നിപ്പോൾ സംസ്ഥാന ഗവർണ്ണറും കേരള സർക്കാരിനെ ആക്ഷേപിക്കാൻ ഇത് ഏറ്റുപിടിച്ചു - “നമ്മുടെ പ്രധാന വരുമാന മാർഗ്ഗം മദ്യവും ലോട്ടറിയുമാണല്ലോ. എത്ര ലജ്ജാകരം?” ഇതു സംബന്ധിച്ച മണിമാറ്റേഴ്സിലെ എന്റെ പ്രതികരണം ചില വിദ്വാന്മാർ നിശിതമായ പ്രതികരണവുമായി വന്നിട്ടുണ്ട്. അവസാനം മനോരമ.കോം ചർച്ചയുമാക്കി. 

എന്താണ് വസ്തുതകൾ? ആദ്യം നമുക്ക് ലോട്ടറി വരുമാനം എടുക്കാം. ലോട്ടറിയിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എത്ര തുച്ഛമായ ശതമാനം മാത്രമാണ്. ലോട്ടറിയുടെ നല്ലകാലത്ത് 2 ശതമാനം. ഇപ്പോൾ പൂജ്യം ശതമാനത്തിനടുത്ത്.

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയിൽ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതിൽ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചെലവാകും. വിൽപ്പനക്കാർക്കുള്ള കമ്മീഷൻ, ഏജന്റുമാർക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകൾ 5.5 ശതമാനം കഴിഞ്ഞാൽ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേർത്താൽ 17 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരിനു ലഭിക്കുക. ഈ ജി.എസ്.ടി വിഹിതംകൂടി കണക്കാക്കിയാൽപ്പോലും മൊത്തം റവന്യു വരുമാനത്തിന്റെ ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂ.

വിമർശകരുടെ ചോദ്യം ഇതാണ് - നികുതി വരുമാനങ്ങളെയെല്ലാം ഗ്രോസ് വരുമാനത്തിലാണല്ലോ കണക്കിൽ രേഖപ്പെടുത്തുന്നത്. പിന്നെ ലോട്ടറി വരുമ്പോൾ മാത്രം ഗ്രോസ് നികുതി വിട്ട് അസൽ നികുതി വരുമാനം കണക്ക് പറയുന്നത് എന്തിന്? ഇതു വസ്തുതകൾ മറയ്ക്കാനല്ലേ എന്നാണു ചോദ്യം.

വസ്തുത എന്താണ്? ബാക്കി നികുതികളുടെ ചെറിയൊരു ശതമാനം മാത്രമേ കളക്ഷൻ ചെലവായി വരൂ. എന്നാൽ ലോട്ടറിയുടെ കാര്യത്തിൽ മൊത്ത വരുമാനത്തിന്റെ 80 ശതമാനത്തിലേറെ ഇത്തരം ചെലവുകളാണ്. സാധാരണഗതിയിൽ ഇത്തരം ചെലവുകൾ കിഴിച്ച് അസൽ വരുമാനമാണ് ഖജനാവിൽ ഒടുക്കുക. ബിവറേജസ് കോർപ്പറേഷന്റെ മൊത്തം വിറ്റുവരവും ട്രഷറിയിൽ വരവു വയ്ക്കുന്നില്ല. കോർപ്പറേഷന്റെ ലാഭവും എക്സൈസ് വിൽപ്പന നികുതികളും മാത്രമേ വരവു വയ്ക്കൂ.

ലോട്ടറിയിൽ എന്തുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നു? കാരണം ലോട്ടറി നടത്തുന്നതിന് കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള നിയമത്തിലെ വ്യവസ്ഥയാണിത്. ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന വരുമാനം പൂർണ്ണമായും ട്രഷറിയിൽ ഒടുക്കണം. അവിടെ നിന്നുവേണം സമ്മാനത്തിനും കമ്മീഷനും മറ്റുമുള്ള ചെലവുകൾ പണം പിൻവലിക്കാൻ. ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ഈ നിയമം ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കോൺട്രാക്ട് അടിസ്ഥാനത്തിൽ എടുത്തു നടത്തുന്ന ലോട്ടറി മാഫിയ പാലിക്കാറില്ല.

ഇത് ഓർമ്മയിലുണ്ടെങ്കിൽ മനോരമ.കോം ചൂണ്ടിക്കാണിക്കുന്ന കണക്ക് നമ്മെ ആരെയും ഞെട്ടിക്കില്ല. ഇന്ത്യയിലെ മൊത്തം ലോട്ടറി വിറ്റുവരവ് 11420 കോടി രൂപയാണ്. എന്നാൽ കേരളത്തിലെ ലോട്ടറി വിറ്റുവരവ് 2019-20-ൽ 9973 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം ലോട്ടറി വിൽപ്പനയുടെ 87.3 ശതമാനം കേരളത്തിലാണുപോലും. അതുകൊണ്ട് ഈ കണക്കിൽ നിന്നും മനോരമ ചെയ്യുന്നതുപോലെ കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടത്. മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് എങ്ങനെ ഒരു മാഫിയയുടെ നിയന്ത്രണത്തിലാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുകയാണു വേണ്ടത്.

വരുമാനം ഉണ്ടാക്കുന്നതിന് അധാർമ്മികമായി പാവപ്പെട്ടവരെ മദ്യത്തിലും ചൂതാട്ടത്തിലും മയക്കിപ്പിഴിയുന്ന നയമാണ് കേരളത്തിലെ സർക്കാരുകളുടേത് എന്നാണ് ബിജെപിയും ചില പണ്ഡിത മാന്യന്മാരും ചേർന്നു നടത്തുന്ന പ്രചാരണം. യാഥാർത്ഥ്യം എന്ത്? ലോട്ടറിയും ചൂതാട്ടവും രണ്ടാണ്. ചൂതാട്ടത്തെ കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഓൺലൈൻ ലോട്ടറിയേയും. എന്നാൽ ഗോവ പോലുള്ള സംസ്ഥാനങ്ങളിൽ ഇവ നിയമവിധേയമാണ്. 

എന്തിനാണ് പിന്നെ കേരള സർക്കാർ ലോട്ടറി നടത്തുന്നത്? ലോട്ടറിയും കേരള സർക്കാർ നിരോധിക്കാൻ നിർബന്ധിതമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രത്യേത നിയമനിർമ്മാണത്തിനും ചട്ടങ്ങൾക്കും രൂപം നൽകി പുനരാരംഭിക്കുകയായിരുന്നു. കാരണം ലോട്ടറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരുലക്ഷത്തിലേറെ വരുന്ന വിൽപ്പനക്കാരുണ്ട്. അവരിൽ നല്ലൊരുപങ്ക് നിരാലംബരായ ഭിന്നശേഷിക്കാരാണ്. അവരുടെ സംരക്ഷണത്തിനായിട്ടാണ് കേരളം ഏതാണ്ട് ഏകകണ്ഠമായി ലോട്ടറി മാഫിയയേയും ചൂതാട്ടത്തെയും ഒഴിവാക്കി ലോട്ടറി പുനരരാരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
Web Desk 1 week ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 1 week ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 1 week ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 3 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More