കര്‍ണാടക: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ശശി തരൂര്‍ നല്ല കോണ്‍ഗ്രസുകാരനാണെങ്കിലും ഖാര്‍ഗെയാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെന്ന് സിദ്ധരാമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ള ഖാര്‍ഗെയാണ് മത്സരത്തില്‍ വിജയിക്കുക. അദ്ദേഹം മികച്ച ഭൂരിപക്ഷം നേടും. ജനാധിപത്യത്തില്‍ മത്സരം സ്വാഭാവികമാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് എ ഐ സി സി മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അവഗണിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കള്‍ ഖാര്‍ഗെയെ പരസ്യമായി പിന്തുണയ്ക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശശി തരൂര്‍ അനുകൂലികള്‍. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.
പദവികള്‍ വഹിക്കുന്നവര്‍ പ്രചാരണത്തിനിറങ്ങരുതെന്നും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാരും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. പ്രചാരണം നടത്താന്‍ താത്പര്യമുള്ളവര്‍ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കണം. പി സി സി അധ്യക്ഷന്മാര്‍ യോഗം വിളിക്കരുത്. ലഘുലേഖകള്‍ വിതരണം ചെയ്യരുത്. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ദുഷ്പ്രചാരണം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.